ദീപാവലി ആഘോഷത്തിനിടെ മലയാളി വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു
text_fieldsവൈഷ്ണവ് കൃഷ്ണകുമാർ
ദുബൈ: ദീപാവലി ആഘോഷത്തിനിടെ മലയാളി വിദ്യാർഥി മരിച്ചു. പ്രവാസി ദമ്പതികളായ വി.ജി. കൃഷ്ണകുമാറിന്‍റെയും വിദു കൃഷ്ണകുമാറിന്‍റെയും മകൻ വൈഷ്ണവ് കൃഷ്ണകുമാർ (18) ആണ് മരിച്ചത്. മാവേലിക്കര സ്വദേശിയാണ്. ദുബൈയിൽ ബി.ബി.എ (മാർക്കറ്റിങ്) ബിരുദ ഒന്നാംവർഷ വിദ്യാർഥിയാണ്. ചൊവ്വാഴ്ച രാത്രി ദുബൈ ഇന്‍റർനാഷനൽ അക്കാദമിക് സിറ്റിയിൽ ദീപാവലി ആഘോഷിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.
ഉടൻ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആശുപത്രി രേഖകൾ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വൃഷ്ടി കൃഷ്ണകുമാറാണ് വൈഷ്ണവിന്‍റെ സഹോദരി. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്നാണ് ബന്ധുക്കൾ അറിയിച്ചിരിക്കുന്നത്.
ദുബൈ ജെംസ് അവർ ഓൺ ഇന്ത്യൻ സ്കൂളിലായിരുന്നു വൈഷ്ണവിന്‍റെ പന്ത്രണ്ടാം ക്ലാസ് പഠനം. അകാദമിക രംഗത്തും പാഠ്യേതര വിഷയങ്ങളിലും മിടുക്കനായ വിദ്യാർഥിയായിരുന്നു വൈഷ്ണവ്. കഴിഞ്ഞ വർഷം സി.ബി.എസ്.ഇ 12 ക്ലാസ് പരീക്ഷയിൽ 97.4 ശതമാനം മാർക്ക് നേടിയിരുന്നു. പാഠ്യ, പാഠ്യേതര വിഷയത്തിലെ മികച്ച പ്രകടനം കണക്കിലെടുത്ത് യു.എ.ഇ ഗോൾഡൻ വിസ നൽകി ആദരിച്ചിരുന്നു. മാർക്കറ്റിങ്, സംരംഭക വിഷയങ്ങളിൽ മികച്ച രീതിയിൽ അവഗാഹമുണ്ടായിരുന്ന വൈഷ്ണവ് സമൂഹ മാധ്യമങ്ങളിലും സജീവമായിരുന്നു.
സാമ്പത്തിക ഉപദേശങ്ങൾക്കൊപ്പം ലൈഫ് സ്റ്റൈൽ, മോട്ടിവേഷൻ, ദൈനംദിന വർക്കൗട്ട് എന്നീ വിഷയങ്ങൾ ഉൾപ്പെടുത്തി സമൂഹ മാധ്യമങ്ങളിലൂടെ സ്ഥിരമായി വിഡിയോ ചെയ്യാറുണ്ടായിരുന്നു. മിടുക്കനായ വിദ്യാർഥിയുടെ അപ്രതീക്ഷിത വിടവാങ്ങലിന്‍റെ ഞെട്ടലിലാണ് സഹപാഠികളും അധ്യാപകരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

