അപൂർവ സ്റ്റാമ്പ് ശേഖരത്തിലൂടെ യു.എ.ഇക്ക് ആദരമൊരുക്കി മലയാളി
text_fieldsഅപൂർവ സ്റ്റാമ്പ് ശേഖരവുമായി ഇംത്യാസ് ഖുറേഷി
ദുബൈ: യു.എ.ഇ ദേശീയ പതാക ആലേഖനം ചെയ്ത 100ലധികം അപൂർവ സ്റ്റാമ്പുകളുടെ പ്രദർശനമൊരുക്കി ‘പ്രൗഡഎ യു.എ.ഇ’ കാമ്പയിന് ഐക്യാർഢ്യവുമായി മലയാളി ഫിലാറ്റലിസ്റ്റ്. കാസർഗോഡ് ചെറങ്ങായി സ്വദേശിയും ദുബൈയിൽ പ്രവാസിയുമായ ഇംത്യാസ് ഖുറേഷിയാണ് വേറിട്ട രീതിയിൽ യു.എ.ഇക്ക് പിന്തുണയർപ്പിച്ച് ശ്രദ്ധേയനായത്.
യു.എ.ഇ ഇറക്കിയ സ്റ്റാമ്പുകൾ കൂടാതെ ഇന്ത്യ, പാകിസ്താൻ, കസാകിസ്താൻ, യുനൈറ്റഡ് നാഷൻസ്, സൗദി അറേബ്യ, ഒമാൻ, ഖത്തർ, ബഹ്റൈൻ, കുവൈത്ത്, അൽജീരിയ, ഇറാഖ് എന്നീ രാജ്യങ്ങൾ യു.എ.ഇക്ക് ആദരമർപ്പിച്ച് പല സന്ദർഭങ്ങളിലായി ഇറക്കിയ അപൂർവ സ്റ്റാമ്പുകളാണ് പ്രദർശനത്തിനെത്തിച്ചത്. വർഷങ്ങളുടെ കഠിനാധ്വാനത്തിലൂടെ ശേഖരിച്ചവയാണ് ഈ അപൂർവ സ്റ്റാമ്പുകൾ എന്ന് ഇംത്യാസ് ഖുറേഷി പറഞ്ഞു. ഓരോ സ്റ്റാമ്പും രാജ്യത്തിന്‍റെ ഓരോ നേട്ടങ്ങളെ അനുസ്മരിപ്പിക്കുന്നതാണ്. മാതൃ രാജ്യമല്ലെങ്കിലും പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം പ്രവാസികൾക്ക് യു.എ.ഇ നൽകുന്ന പിന്തുണ പറഞ്ഞറിയിക്കാനാവാത്തതാണ്. ഈ രാജ്യം തന്‍റേത് കൂടിയാണെന്ന ബോധ്യത്തിലാണ് വിത്യസ്തമായ രീതിയിൽ ഈ നാടിന് ആദരമർപ്പിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. അജ്മാനിലെ ലൂബ്രിക്കൻസ് നിർമാണ വിതരണ കമ്പനി ഡയറക്ടറായ ഇദ്ദേഹം രണ്ട് പതിറ്റാണ്ടായി പ്രവാസിയാണ്.
12ാം വയസ്സിൽ ഉപ്പുപ്പ സി.എച്ച് അബ്ദുല്ല സ്റ്റാമ്പ് ആൽബം സമ്മാനമായി നൽകിയതോടെ തുടങ്ങിയതാണ് ഫിലാറ്റലിയിലെ അദ്ദേഹത്തിന്‍റെ യാത്ര. മാതാപിതാക്കളായ പ്രഫ. സി.എച്ച് അഹമ്മദ് ഹുസൈനും ഫരീനയും മികച്ച പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു. പല രാജ്യങ്ങളിൽ നിന്നുള്ള സ്റ്റാമ്പുകളുടെയും നാണയങ്ങളുടെയും അത്യപൂർവ ശേഖരത്തിനുടമയായ ഇദ്ദേഹം രാജ്യത്തിനകത്തും പുറത്തുമായി നടന്ന നിരവധി മത്സരങ്ങളിൽ ശ്രദ്ധേയ നേട്ടം കൈവരിച്ചിട്ടുണ്ട്. നിരവധി പുരസ്കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.
എമിറേറ്റ്സ് ഫിലാറ്റലിക് അസോസിയേഷൻ (ഇ.പി.എ), കേരള പ്രവാസി ഫിലാറ്റലിക് ആൻഡ് ന്യൂമിസ്മാറ്റിക് അസോസിയേഷൻ (കെ.പി.പി.എൻ.എ) എന്നിവയിൽ അംഗം കൂടിയാണിദ്ദേഹം. ഐ.ടി എക്സിക്യുട്ടീവും ക്രോഷെ കലാകാരിയുമായ ഗസ്നയാണ് ഭാര്യ. ഇഷാൻ, അയാൻ, ഇമാൻ എന്നിവർ മക്കളാണ്. യു.എ.ഇക്ക് നേരെയുള്ള ആക്രമണങ്ങൾ അവസാനിച്ചതോടെ രാജ്യത്തിന് ഐക്യദാർഢ്യം അർപ്പിച്ച് രാജ്യവ്യാപകമായി പതാക ഉയർത്താൻ യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ആഹ്വാനം ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

