വിമാന യാത്രക്കിടെ ഹൃദയാഘാതം; സഹയാത്രികന് രക്ഷകരായി മലയാളി നഴ്സുമാർ
text_fieldsഅഭിജിത്ത് ജീസും അജീഷ് നെൽസനും
അബൂദബി: വിമാന യാത്രക്കിടെ ഹൃദയാഘാതമുണ്ടായ സഹയാത്രികന് രക്ഷകരായി രണ്ട് മലയാളി നഴ്സുമാർ. ഈ മാസം 13ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് അബൂദബിയിലേക്ക് പുറപ്പെട്ട എയർ അറേബ്യ വിമാനത്തിലാണ് സംഭവുണ്ടായത്. പുലർച്ചെ വിമാനം അറബിക്കടലിന് മുകളിലൂടെ പറക്കുമ്പോഴാണ് 34വയസ്സുകാരനായ തൃശൂർ സ്വദേശിക്ക് ഹൃദയാഘാതം സംഭവിച്ചത്.
യുവ നഴ്സുമാരായ വയനാട് സ്വദേശി അഭിജിത്ത് ജീസും ചെങ്ങന്നൂർ സ്വദേശി അജീഷ് നെൽസനുമാണ് യുവാവിന് അടിയന്തര ചികിൽസ ലഭ്യമാക്കിയത്. അടുത്തുള്ള സീറ്റിൽ ആരോ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്നതായി തോന്നിയതോടെയാണ് അഭിജിത്ത് ഇടപെട്ടത്. ചലനമില്ലാതെ കിടക്കുന്നയാളുടെ പൾസ് നോക്കി കിട്ടാതെ വന്നപ്പോൾ ഹൃദയാഘാതം സംഭവിച്ചതാണെന്ന് മനസിലാക്കുകയായിരുന്നുവെന്ന് അഭിജിത്ത് പറയുന്നു. വിമാന ജീവനക്കാരെ വിവരം അറിയിച്ചതോടൊപ്പം സമയം പാഴാക്കാതെ രോഗിക്ക് അഭിജിത്ത് സി.പി.ആറും നൽകി. ഈ സമയം സഹായത്തിനായി അജീഷും ചേർന്നു. ഇരുവരും ചേർന്ന് രണ്ട് റൗണ്ട് സി.പി.ആർ നൽകിയതോടെ രോഗിക്ക് പൾസ് തിരിച്ചുകിട്ടി. ഇവരോടൊപ്പം വിമാനത്തിലുണ്ടായിരുന്ന ഡോ. ആരിഫ് അബ്ദുൽ ഖാദറും ചേർന്ന് രോഗിക്ക് ഐ.വി ഫ്ലൂയിഡുകൾ നൽകി. വിമാനത്താവളത്തിൽ ഇറങ്ങിയതിനു തൊട്ടുപിന്നാലെ രോഗിക്ക് അടിയന്തര ചികിത്സ നൽകി.
അഭിജിത്തിന്‍റെയും അജീഷിന്‍റെയും ആദ്യ അന്താരാഷ്ട്ര വിമാനയാത്രയിലാണ് രക്ഷാപ്രവർത്തനം നടന്നത്. യു.എ.ഇയിലെ റസ്പോൺസ് പ്ലസ് ഹോൾഡിങ്ങിന്റെ ഭാഗമായ റസ്പോൺസ് പ്ലസ് മെഡിക്കലിൽ (ആർ.പി.എം) രജിസ്റ്റേർഡ് നഴ്സായി ജോലി ആരംഭിക്കാനായിരുന്ന യാത്ര. ഡോ. ഷംഷീർ വയലിൽ സ്ഥാപകനും ബോർഡ് മെമ്പറുമായ റെസ്പോൺസ് പ്ലസ് ഹോൾഡിങ് യു.എ.ഇയിലെ ഏറ്റവും വലിയ അടിയന്തര, ഓൺസൈറ്റ് മെഡിക്കൽ സേവനദാതാവാണ്. ധൈര്യവും ശാന്തതയും കൈവിടാതെ അഭിജിത്തും അജീഷും ചെയ്ത ഈ പ്രവൃത്തിയെ റെസ്പോൺസ് പ്ലസ് ഹോൾഡിങ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. രോഹിൽ രാഘവൻ പ്രശംസിച്ചു. ഇരുവരുടെയും ധൈര്യത്തിനും സമചിത്തതക്കും അഭിനന്ദന സർട്ടിഫിക്കറ്റുകൾ നൽകി മാനേജ്‌മെന്റ് ആദരിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

