വാക്കുതർക്കത്തിനിടെ തലക്കടിയേറ്റ് മലയാളി ഖുവൈനിൽ കൊല്ലപ്പെട്ടു
text_fieldsഉമ്മുൽ ഖുവൈൻ: താമസസ്ഥലത്തുണ്ടായ തർക്കത്തിനിടെ തലക്കടിയേറ്റ് ചാത്തന്നൂർ സ്വദേശി കൊല്ലപ്പെട്ടു. ചാത്തന്നൂർ മരക്കുളം മരുതിക്കോട് കിഴക്കുംകര കുഞ്ഞപ്പിയുടെയും എൽസിയുടെയും മകൻ അജികുമാറാണ് (47) കൊല്ലപ്പെട്ടത്.
കഴിഞ്ഞ ചൊവ്വാഴ്ച ഉമ്മുൽ ഖുവൈൻ വ്യവസായമേഖലയിലാണ് സംഭവം. റൂമിൽ കൂടെ താമസിക്കുന്ന ആളുമായി വാക്കുതർക്കത്തിനിടെ അജികുമാറിന്റെ തലക്കടിയേൽക്കുകയായിരുന്നു. 19 വർഷമായി പ്രവാസിയായിരുന്ന അജികുമാർ ഒന്നരവർഷമായിട്ട് വേൾഡ് സ്റ്റാർ എൻജിനീയറിങ് വർക്സ് എന്ന കമ്പനിയിൽ ജോലി ചെയ്തുവരുകയായിരുന്നു. ഓണത്തിന് അവധിക്ക് നാട്ടിൽ പോകുമ്പോൾ വീടിന്റെ ഗൃഹപ്രവേശനം നടത്താനുള്ള തയാറെടുപ്പിലായിരുന്നു. ഇന്ത്യൻപൗരനായ പ്രതിയെ ഉമ്മുൽ ഖുവൈൻ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഉമ്മുൽ ഖുവൈൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം വിട്ടുകിട്ടുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. ഭാര്യ: ശ്രീദേവി. മക്കൾ: നദാലിയ, നികിത.

