കരളുകത്തുന്ന ഇൗ ചോദ്യത്തിന് ആര് മറുപടി നൽകും; പൊന്നുമോെൻറ മൃതശരീരം നാട്ടിലെത്തിക്കാമോ?
text_fieldsദുബൈ: ശരീരത്തിൽനിന്ന് പറിച്ചുമാറ്റാൻ കഴിയാത്തൊരു അവയവംപോലെ കൊണ്ടു നടന്ന പൊന്നുമോൻ എന്നന്നേക്കുമായി കണ്ണുകളടച്ചിട്ട് നാലു ദിവസം പിന്നിട്ടു. എങ്കിലും കരൾപിളരുന്ന അവസ്ഥയിലും ഒന്നു മനസ്സുതുറന്നു പൊട്ടിക്കരയാൻപോലും കൃഷ്ണദാസിനും ഭാര്യ ദിവ്യക്കും ഇതുവരെ കഴിഞ്ഞിട്ടില്ല. കാരണം, മകെൻറ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നെട്ടോട്ടത്തിലാണ് ഇവർ. ഇൗ ആവശ്യവുമായി ഇവർ ഇതുവരെ കൊട്ടാത്ത വാതിലുകളില്ല, പക്ഷേ, എല്ലായിടത്തുനിന്നും നിരാശ മാത്രമാണ് ഇവർക്ക് ലഭിക്കുന്ന മറുപടി. പൊന്നുമോെൻറ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കാൻ സഹായിക്കാമോ എന്ന ഇവരുടെ കണ്ഠമിടറിയുള്ള ചോദ്യത്തിന് ഉത്തരം നൽകാനോ പരിഹാരം നിർദേശിക്കാനോ എംബസിക്കും കോൺസുലേറ്റിനും കഴിഞ്ഞിട്ടില്ലെന്നതാണ് ഏറ്റവും ശ്രദ്ധേയം.
വർഷങ്ങളായി അൽഐനിൽ സകുടുംബം താമസിക്കുകയാണ് പാലക്കാട് സ്വദേശി അനിൽകുമാർ. സന്തോഷത്തോടെ കഴിഞ്ഞുവന്നിരുന്ന കുടുംബത്തെ വെറും 15 ദിവസം മുമ്പാണ് ദുഃഖത്തിെൻറ കാർമേഘം മൂടിയത്. ഏകമകൻ വൈഷ്ണവിന് രക്താർബുദം സ്ഥിരീകരിച്ച ദിവസമായിരുന്നു അന്ന്. അതുവെര ഒരുവിധ പ്രശ്നങ്ങളുമില്ലാതെ ഓടിച്ചാടിക്കളിച്ച മകൻ രോഗബാധിതനായെന്ന് കേട്ടതോടെ കുടുംബം നടുക്കത്തിലായി. ചികിത്സ തുടങ്ങിയെങ്കിലും കീമോതെറപ്പിയോടെ ശരീരം സഹകരിക്കാതെ വന്നതോടെ ദിവസങ്ങൾക്കകം മരണവും സംഭവിച്ചു.
ആദ്യത്തെ നടുക്കം വിട്ടുമാറും മുമ്പുതന്നെ മരണവാർത്തയുമെത്തി. പ്രിയപ്പെട്ട മകൻ നിശ്ചലനായിക്കിടക്കുന്ന വിങ്ങുന്ന കാഴ്ചക്കിടയിലും നാട്ടിലെത്തിച്ച് മകനെ സ്വന്തം മണ്ണിൽ അടക്കണമെന്നായിരുന്നു ഇൗ മാതാപിതാക്കളുടെ ആഗ്രഹം. മകൻ കണ്ണടച്ച അന്നു തുടങ്ങിയതാണ് ഇൗ നെട്ടോട്ടം. എവിടെ നിന്നും ഒരു ഉറപ്പും ലഭിച്ചിട്ടില്ലെങ്കിലും ഒന്നു കരയാൻപോലും സമയംകളയാതെ ഇൗ മാതാപിതാക്കൾ അലയുകതന്നെയാണ്, പൊന്നുമോനെ പിറന്ന നാട്ടിലെത്തിക്കാനുള്ള ആഗ്രഹവുമായി. വൈഷ്ണവ് കൃഷ്ണദാസിെൻറ മൃതദേഹം ഇപ്പോഴും അൽ ഐൻ മോർച്ചറിയിൽതന്നെ കിടക്കുകയാണ്. ‘‘മൃതദേഹം ഒരു പ്രത്യേക വിമാനത്തിൽ തിരിച്ചയക്കാൻ ഞങ്ങൾ എല്ലാവിധ ശ്രമങ്ങളും നടത്തിക്കൊണ്ടിരിക്കുകയാണ്.
മാതാപിതാക്കളും മൂത്ത സഹോദരിയും മൃതദേഹത്തിനൊപ്പം പോകാനും എല്ലാ മതപരമായ ചടങ്ങുകളോടെ മൃതദേഹം സംസ്കരിക്കാനുമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്’’ കുട്ടിയുടെ അമ്മാവൻ ശിവദാസ് ചെപ്പിലകട്ടിൽ പറഞ്ഞു. പക്ഷേ, എങ്ങനെ എന്നകാര്യത്തെ കുറിച്ച് ആർക്കുമില്ല കൃത്യമായ ഉത്തരം. മോർച്ചറിയിലെ തണുപ്പിൽ കിടന്ന് പൊന്നുമോെൻറ മൃതശരീരം വിറങ്ങലിക്കുമ്പോഴും ഇൗ മാതാപിതാക്കൾ കാത്തിരിപ്പിൽ തന്നെയാണ്, പിറന്ന മണ്ണിൽ മകന് അന്ത്യനിദ്രയൊരുക്കാൻ കഴിയുമെന്ന് പ്രതീക്ഷ കൈവെടിയാതെ.