മഴക്കെടുതിയിൽ പിന്തുണയേകി മലയാളി സന്നദ്ധപ്രവർത്തകർ
text_fieldsവെള്ളത്തിൽ അകപ്പെട്ട വാഹനം പ്രവാസി വളന്റിയർമാർ ചേർന്ന് നീക്കം ചെയ്യുന്നു
പ്രശംസിച്ച് ദുബൈ പൊലീസ്
ദുബൈ: ശക്തമായ മഴക്കെടുതിയിൽ പ്രയാസം നേരിട്ട പൊതു ജനങ്ങൾക്ക് അവശ്യ സേവനങ്ങൾ നൽകി മലയാളി സന്നദ്ധ സഘം മാതൃകയായി. ദുബൈ പൊലീസിന്റെ പുതിയ വളന്റിയറിങ് വിഭാഗമായ നൈബർഹുഡ് പൊലീസിന്റെ കീഴിലുള്ള മലയാളി സന്നദ്ധ പ്രവർത്തകരാണ് മാതൃകപരമായ പ്രവർത്തനം കാഴ്ചവെച്ചത്. പ്രവാസികളായ ഇല്യാസ് കടവല്ലൂർ, നസീർ ചൊക്ലി, നജീബ് കടമേരി എന്നിവരുൾപ്പെട്ട സന്നദ്ധ പ്രവർത്തകരാണ് മുറാഖബാത്ത് പൊലീസ് ടീമിനൊപ്പം ചേർന്ന് ജനങ്ങൾക്ക് ആശ്വാസമേകിയത്. മുഴുവൻ സമയവും സംഘം നടത്തിയ രക്ഷാ പ്രവർത്തനത്തെ മുറാഖബാത്ത് പൊലീസ് ഉദ്യോഗസ്ഥർ പ്രശംസിക്കുകയും ചെയ്തു. പ്രദേശത്തെ റോഡുകളും താമസ മേഖലയുമെല്ലാം വെള്ളത്തിൽ മുങ്ങിയ സാഹചര്യത്തിൽ ദുബൈ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർക്കൊപ്പം ചേർന്ന് വെള്ളം പമ്പ് ചെയ്തു നീക്കാനും ഡ്രെയിനേജ് സംവിധാനങ്ങൾ നിയന്ത്രണവിധേയമാക്കാനും ഇവരുടെ സഹായമുണ്ടായിരുന്നു.
ശക്തമായ മഴയിൽ പ്രവർത്തനരഹിതമായ മുറാഖബാത്ത് മെയിൻ സിഗ്നൽ ഭാഗത്ത് പൊലീസ് ഉദ്യോഗസ്ഥരോടൊപ്പം ചേർന്ന് വാഹന ഗതാഗതം നിയന്ത്രിക്കാനും ഇവർ സജീവമായി രംഗത്തുണ്ടായിരുന്നു. ശക്തമായ മഴവെള്ളത്തിൽ റോഡുകളിൽ നഷ്ടമായ വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ ശേഖരിച്ച് പൊലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയും അതുവഴി വാഹന ഉടമകൾക്ക് തിരികെ ലഭ്യമാക്കുന്നതിനുള്ള സൗകര്യം ഉറപ്പാക്കുകയും ചെയ്തു. കൂടാതെ റോഡുകളിൽ കുടുങ്ങിയ നിരവധി വാഹനങ്ങളെ രക്ഷാപ്രവർത്തന സംഘങ്ങളുമായി ചേർന്ന് റിക്കവറി വാഹനങ്ങളിലേക്ക് മാറ്റുന്നതിലും സംഘത്തിന്റെ പിന്തുണയുണ്ടായിരുന്നു. കഴിഞ്ഞ പത്ത് വർഷമായി വിവിധ സർക്കാർ വകുപ്പുകളുമായി കൈകോർത്ത് ദുരിത സമയങ്ങളിൽ പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തകരുടെ സമൂഹ പ്രതിബദ്ധതയുള്ള നിസ്വാർഥ സേവനങ്ങൾ ഉന്നത ഉദ്യോഗസ്ഥരുടെ ആദരവ് നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

