ഗൾഫ് ചരിത്രത്തിന് സാക്ഷിയായ മലയാളി; വിടപറഞ്ഞത് പ്രവാസത്തിന്‍റെ കാരണവൻ
text_fieldsദുബൈ സന്ദർശിച്ച എലിസബത്ത് രാജ്ഞിയോടൊപ്പം അബ്ദുല്ലക്കുഞ്ഞി
ദുബൈ: മുൻ ബ്രിട്ടിഷ് പ്രോ കോൺസുൽ ജനറലായിരുന്ന പി.പി. അബ്ദുല്ലക്കുഞ്ഞിയുടെ നിര്യാണത്തോടെ പ്രവാസത്തിന് നഷ്ടമായത് തലമുതിർന്ന കാരണവർ. ആദ്യകാല പ്രവാസിയായ അദ്ദേഹം അഭിമാനകരമായ പദവികളിൽ സേവനമനുഷ്ഠിച്ച് യു.എ.ഇയുടെ രൂപവത്കരണവും വളർച്ചയും നേരിട്ടറിഞ്ഞ വ്യക്തിത്വമായിരുന്നു.
ബ്രിട്ടീഷ് സർക്കാറിൽ അഞ്ച് പതിറ്റാണ്ടിലേറെ കാലം സേവനമർപ്പിച്ച ഈ കണ്ണൂരുകാരൻ അനേകം പ്രവാസികൾക്ക് സഹായവും അത്താണിയുമായിരുന്നു. യു.എ.ഇ ഔപചാരികമായി നിലവിൽ വരുന്നതിനുമുമ്പ് ട്രൂഷ്യൽ സ്റ്റേറ്റുകളുടെ പ്രോ കോൺസുൽ ജനറലായി സേവനമനുഷ്ഠിച്ച അദ്ദേഹം ഇത്തരമൊരു പദവിയിലെത്തിയ അപൂർവ ഇന്ത്യക്കാരനായിരിക്കും.
1950കളിൽ സിംഗപ്പൂരിൽ നയതന്ത്ര ജീവിതം ആരംഭിച്ച അദ്ദേഹം 1971ന് മുമ്പ് പ്രോ കോൺസുൽ ജനറലെന്ന നിലയിൽ സേവനമനുഷ്ഠിച്ചതിലൂടെ ഗൾഫ് ചരിത്രത്തിലെ നിർണായക കാലഘട്ടത്തിന് സാക്ഷിയായി. കാരുണ്യപൂർണമായ നടപടികളിലൂടെയും പ്രവർത്തനങ്ങളിലൂടെയും നിരവധിപേരെ സഹായിച്ച വ്യക്തിത്വമായിരുന്നു പിതാവെന്ന് മൂത്ത മകൻ യാസർ കുഞ്ഞി അനുസ്മരിച്ചു.
1970കളുടെ അവസാനത്തിൽ ദുബൈയിൽ ബ്രിട്ടീഷ് എംബസി സന്ദർശിച്ചപ്പോൾ അന്തരിച്ച എലിസബത്ത് രാജ്ഞിയെ കണ്ടുമുട്ടിയതാണ് പിതാവിന്റെ ഏറ്റവും പ്രിയപ്പെട്ട ഓർമകളിലൊന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1980കളിൽ ദുബൈയിൽ ഔദ്യോഗിക സന്ദർശനം നടത്തിയപ്പോൾ അന്നത്തെ വെയിൽസ് രാജകുമാരനായ ചാൾസ് മൂന്നാമൻ രാജാവിനെ അഭിവാദ്യം ചെയ്തിട്ടുമുണ്ട്.
ആദ്യകാല പ്രവാസിയായ ദുബൈ ക്രസന്റ് ഇംഗ്ലീഷ് ഹൈസ്കൂൾ സ്ഥാപകൻ ഹാജി എൻ. ജമാലുദ്ദീന്റെ അടുത്ത സുഹൃത്തായിരുന്നു അബ്ദുല്ലക്കുഞ്ഞി. എണ്ണമറ്റ പ്രവാസികൾക്ക് സൗജന്യ നിയമോപദേശവും മാർഗ നിർദേശവും നൽകിയതിന് എക്കാലവും ഓർമിക്കപ്പെടുന്ന വ്യക്തിത്വമാണ് അദ്ദേഹമെന്ന് ജമാലുദ്ദീൻ ഹാജിയുടെ മകൻ ഡോ. റിയാസ് അനുസ്മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

