മരുഭൂവിൽ മഴ തേടുന്ന മലയാളികൾ
text_fields'എന്തൊരാഹ്ലാദമാ മുറ്റത്തടിക്കടി, പൊന്തുന്ന വെള്ളത്തിൽ തത്തിച്ചാടാൻ' എന്ന് പാടിയത് മലയാളത്തിെൻറ പ്രിയകവി ബാലാമണിയമ്മയാണ്. മലയാളിയുടെ പ്രണയത്തിലും വിരഹത്തിലും സുഖത്തിലും ദുഃഖത്തിലുമെല്ലാം പടർന്ന നനവാണ് മഴ. അതിനാൽ മഴയോട് ഒരാത്മബന്ധം നമുക്കുണ്ട്. ഗൾഫ് രാജ്യങ്ങളിൽ പലപ്പോഴും പ്രവാസികൾ മിസ് ചെയ്യാറുമുണ്ട് ഈ വരദാനം. എന്നാൽ മഴ തേടിപ്പോകുന്ന ഒരു കൂട്ടം മലയാളികളുണ്ട് യു.എ.ഇയിൽ. എവിടെയാണോ ഉള്ളതെന്ന് അന്വേഷിച്ച് കണ്ടെത്തി, മഴയും കോടമഞ്ഞും ആസ്വദിക്കുന്ന മലയാളികളുടെ കൂട്ടം, അതാണ് കേരള റെയിൻ ഫോർകാസ്റ്റർ ഗ്രൂപ്പ്.
കണ്ണൂർ മുണ്ടേരി സ്വദേശി മുഹമ്മദ് സജ്ജാദ് കല്ലിയാടൻപൊയിലാണ് വ്യത്യസ്തമായ ഈ സംഘത്തിെൻറ നേതൃത്വം. കാലാവസ്ഥ പ്രവചനങ്ങൾ കൃത്യമായി മനസിലാക്കി യു.എ.ഇയിലെ മലനിരകളിലേക്കും താഴ്വാരങ്ങളിലേക്കും മഴയെത്തുംമുേമ്പ സജാദും കൂട്ടുകാരും പാഞ്ഞെത്തും. ആദ്യതുള്ളികൾ ആസ്വദിക്കാൻ കൺതുറന്ന് ആകാശത്തേക്ക് കൈനിവർത്തി കാത്തിരിക്കും.
2015ൽ യു.എ.ഇയിലെത്തിയതാണ് സജാദ്. നാട്ടിൽ മൺസൂൺ തിമിർത്തുപെയ്യുന്ന ആഗസ്തിലാണ് കഠിനമായ ചൂടിലേക്ക് പറന്നിറങ്ങിയത്. നാട്ടിൽ നിന്ന് തന്നെ കേരള റെയിൻ ഫോർകാസ്റ്റർ എന്ന ഫേസ്ബുക്ക് ഗ്രൂപ്പ് വഴി മഴയെ പിന്തുടർന്ന ഇദ്ദേഹത്തിന് ഗൾഫിലെത്തിയപ്പോൾ മഴകാണാതെ ഇരിക്കപ്പൊറുതിയില്ലാതായി. പിന്നീട് യു.എ.ഇയിലെ മഴയെ പിന്തുടരാൻ തുടങ്ങി. നാട്ടിലേതിൽ നിന്ന് വ്യത്യസ്തമായി വേനൽകാലത്താണ് ഗൾഫിൽ ഏറ്റവും കൂടുതൽ മഴലഭിക്കുന്നതെന്ന് സജാദ് പറയുന്നു. യു.എ.ഇയുടെ കിഴക്കൻ മേഖലകളിൽ, ഒമാനിലെ ഹജർ മലനിരകളെ തഴുകി വരുന്ന കാറ്റ് മഴപെയ്യിക്കും. ഹത്തയിലും ഫുജൈറയിലും അജ്മാനിലും റാസൽഖൈമയിലും അൽഐനിലും വിദൂര മലനിരകളിൽ കോരിച്ചൊരിയുന്ന മഴ സജാദ് തിരിച്ചറിയും. മഴതേടി പോകുേമ്പാൾ ലൊക്കേഷൻ മറ്റുള്ളവരുമായി പങ്കുവെക്കും. ഗ്രൂപ്പിലെ ഒരോരുത്തരും അവരവരുടെ വാഹനങ്ങളിൽ ലൊക്കേഷനിൽ എത്തിച്ചേരും. മേഘങ്ങൾ രൂപപ്പെടുന്ന സ്ഥലങ്ങളിലാണ് മഴകാത്ത് ഒരുമിച്ചുകൂടുക. ഇവിടങ്ങളിൽ പലപ്പോഴും അധികൃതർ ക്ലൗഡ് സീഡിങും നടത്തും. ഇതിന് ശേഷം പത്തോ പതിനഞ്ചോ മിനുറ്റുകൾക്ക് കഴിഞ്ഞാണ് മഴ പെയ്യുന്നത്. ഫുജൈറയിലെ ജബൽ ഫർഫറിലാണ് ആസ്വാദ്യകരമായ കോടമഞ്ഞ് അനുഭവിക്കാൻ സാധിക്കുന്നത്. യു.എ.ഇയിലെ മറ്റുപ്രദേശങ്ങളിൽ കനത്ത ചൂടിൽ ഉരുകുേമ്പാഴും ഇവിടെ തണുത്ത കാറ്റായിരിക്കും.
യു.എ.ഇ കലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന് വിവിധ പ്രദേശങ്ങളിൽ നിന്ന് മഴയുടെ വീഡിയോ ചിത്രങ്ങൾ പകർത്തി നൽകാറുമുണ്ട് ഇവർ. കേന്ദ്രത്തിെൻറ സാമൂഹിക മാധ്യമ പേജുകളിൽ ഇത് പ്രസിദ്ധീകരിക്കാറുണ്ട്.
കേരളത്തിൽ റെയിൻ ഫോർകാസ്റ്റ് വേണ്ടത്ര ശരിയായ രീതിയിലല്ല എന്നാണ് സജാദിെൻറ അഭിപ്രായം. ടീകോമിൽ ജോലി ചെയ്യുന്ന സജാദ് സിവിൽ എഞ്ചിനീയറിങിൽ ബിരുദദാരിയാണ്.
കാലാവസ്ഥയും മഴയുമൊന്നും ഔദ്യോഗികമായി പഠിച്ചിട്ടില്ല. എന്നാൽ സ്വന്തം നിലയിൽ മഴയെ കുറിച്ച് കിട്ടാവുന്നിടത്തു നിന്നെല്ലാം വിവരങ്ങൾ ശേഖരിച്ച് പഠിക്കുകയായിരുന്നു. ഭാര്യ: റിസ്വാന. ഏകമകൻ: അബ്ദുൽ മുഹൈമിൻ അഹ്മദ്.
കേരള റെയിൻ ഫോർകാസ്റ്റർ ഗ്രൂപ്പ്
കേരള റെയിൻ ഫോർകാസ്റ്റർ ഫേസ്ബുക്ക് പേജിന് എണ്ണായിരത്തിലേറെ ഫോളോവേഴ്സ് ഉണ്ട്. വാട്സ്ആപ്പ് ഗ്രൂപ്പിലൂടെയും പരസ്പരം വിവരങ്ങൾ കൈമാറുന്നു. ആദ്യകാലത്ത് കേരള റെയിൻ ഫോർകാസ്റ്റർ കൈമാറുന്ന വിവരങ്ങൾ ആളുകൾ ആധികാരികമായി കാണാറുണ്ടായിരുന്നില്ല. പിന്നീട് ടിക്ടോക് വഴിയും മറ്റും ചിത്രങ്ങളും വീഡിയോകളും പ്രചരിച്ചതോടെ മഴപ്രേമികൾ കൂടുതലായി കൂട്ടായ്മയുടെ ഭാഗമായി. നിലവിൽ പലരും കുടുംബങ്ങളോടോപ്പം മഴ ആസ്വദിക്കാൻ വരുന്നുണ്ട്. ഗ്രൂപ്പിൽ എല്ലാവരും മഴയെ കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്. റെയിൻ ഫോർകാസ്റ്റർ ജി.സി.സി കേരള എന്ന ഫേസ്ബുക്ക്അക്കൗണ്ടിലൂടെയാണ് യു.എ.ഇയിലെ മഴ വിവരങ്ങൾ വ്യക്തിപരമായി പങ്കുവെക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

