അബൂദബി ജയിലിലടച്ച മലയാളിയുടെ മോചനം നീളുന്നു
text_fieldsrepresentational image
അബൂദബി: ലഹരി ഉപയോഗിച്ചതിന് അബൂദബി ജയിലിൽ അടക്കപ്പെട്ട മലയാളിയുടെ മോചനം രണ്ടാഴ്ചയിലേറെ കഴിഞ്ഞിട്ടും നീളുന്നു. ഈ മാസം മൂന്നിന് സന്ദർശന വിസയിലെത്തിയ എറണാകുളം സ്വദേശിയായ 19 കാരനാണ് മൂത്ര പരിശോധനയിൽ ലഹരിയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ജയിലിൽ അടക്കപ്പെട്ടത്.
ലഹരി ഉപയോഗം നിയമവിധേയമായ രാജ്യങ്ങൾ സന്ദർശിച്ച് യു.എ.ഇയിൽ തിരിച്ചെത്തുന്നവർ ലഹരി ഉപയോഗിച്ചതായി പരിശോധനയിൽ തെളിഞ്ഞാൽ അറസ്റ്റ് ചെയ്ത് ജയിലിലടക്കാൻ വ്യവസ്ഥ ചെയ്യുന്നതാണ് യു.എ.ഇയിലെ നിയമം. ഇതാണ് യുവാവിന് വിനയായത്. ലഹരി ഉപയോഗിച്ചാൽ അഞ്ചു വർഷം വരെ തടവ് ലഭിച്ചേക്കാം. ഇതിനു പുറമെ പിഴയും ലഭിക്കും. ലഹരിമരുന്ന് കച്ചവടക്കാർക്ക് 25 വർഷമാണ് തടവ് ലഭിക്കുക. ശിക്ഷ പൂർത്തിയായ ശേഷം ഇവരെ നാടുകടത്തുകയും ചെയ്യും.
യു.എ.ഇക്ക് പുറത്തുനിന്നാണ് ലഹരി ഉപയോഗിച്ചതെന്ന യുവാവിന്റെ ന്യായം കോടതിയിൽ സ്വീകരിക്കപ്പെട്ടില്ല. ജോലി അന്വേഷിച്ചെത്തിയ യുവാവ് അബൂദബിയിൽവന്ന് മൂന്നാംദിവസം പനി ബാധിച്ച് തലകറങ്ങി വീണതിനെ തുടർന്ന് ശൈഖ് ശഖ്ബൂത്ത് മെഡിക്കൽ സിറ്റിയിൽ ചികിത്സ തേടിയപ്പോഴാണ് പരിശോധനയിൽ ലഹരിയുടെ സാന്നിധ്യം കണ്ടെത്തിയത്. രോഗം ഭേദമായതിനെത്തുടർന്ന് ലഹരി ഉപയോഗിച്ചതിന് പൊലീസ് ആശുപത്രിയിൽ നിന്നും യുവാവിനെ കസ്റ്റഡിയിലെടുത്ത് അൽ വത്ബ ജയിലിലടക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

