ഇന്‍റർനാഷനൽ ഫോട്ടോഗ്രഫി പുരസ്കാരത്തിൽ മലയാളിത്തിളക്കം
text_fieldsഹിപ ഇന്‍റർനാഷനൽ ഫോട്ടോഗ്രഫി പുരസ്കാരം നേടിയ അഖിൽ മേനോൻ (ഇടത്തുനിന്ന് രണ്ടാമത്), സുൽഫിക്കർ അഹ്മദ് (വലത്തുനിന്ന് ഒന്നാമത്) തുടങ്ങിയവർ ട്രോഫിയുമായി
ദുബൈ: യു.എ.ഇയുടെ 50ാം വാർഷികത്തോടനുബന്ധിച്ച് ഗ്ലോബൽ വില്ലേജ് ഏർപ്പെടുത്തിയ ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഇന്‍റർനാഷനൽ ഫോട്ടോഗ്രഫി അവാർഡിൽ (ഹിപ) മലയാളിത്തിളക്കം. ലക്ഷക്കണക്കിന് രൂപ സമ്മാനത്തുകയുള്ള മത്സരത്തിലെ രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനവും മലയാളികൾ സ്വന്തമാക്കി. എറണാകുളം നോർത്ത് പറവൂർ സ്വദേശിയും സംവിധായകൻ ബാലചന്ദ്ര മേനോെൻറ മകനുമായ അഖിൽ വിനായക് മേനോനാണ് 26,000 ദിർഹമും (ഏകദേശം അഞ്ച് ലക്ഷം രൂപ) സിൽവർ ട്രോഫിയും അടങ്ങിയ രണ്ടാം സ്ഥാനം നേടിയത്. കൊല്ലത്ത് താമസിക്കുന്ന ചെന്നൈ സ്വദേശി സുൽഫിക്കർ അഹ്മദ് മൂന്നാം സ്ഥാനം നേടി. 26,000 ദിർഹമും ഗ്ലാസ് ട്രോഫിയുമാണ് സമ്മാനം. 50,000 ദിർഹമും (പത്ത് ലക്ഷം രൂപ) സ്വർണ ട്രോഫിയും അടങ്ങുന്ന ഒന്നാം സ്ഥാനം സിറിയക്കാരൻ ഇമാദദ്ദീൻ അലീദ്ദീൻ സ്വന്തമാക്കി. ഗ്ലോബൽ വില്ലേജിലെ പ്രധാന വേദിയിൽ നടന്ന ചടങ്ങിൽ മൂവർക്കും സമ്മാനങ്ങൾ കൈമാറി.
2900 ചിത്രങ്ങളിൽനിന്നാണ് ഇവരുടെ ചിത്രങ്ങൾ തിരഞ്ഞെടുത്തത്. വൈൽഡ് ലൈഫ് ഫോട്ടോഗ്രഫറാണ് അഖിൽ. ദുബൈയിൽ ഐ.ടി മാനേജറായി ജോലി ചെയ്യുന്ന അഖിൽ ഭാര്യയുടെ പ്രോത്സാഹനമാണ് തെൻറ അവാർഡ് നേട്ടത്തിന് പിന്നിലെന്ന് പറഞ്ഞു. ഗ്ലോബൽ വില്ലേജിലെ പ്രധാന വേദിയിൽ നടന്ന പരിപാടിയുടെ ചിത്രമാണ് പുരസ്കാരത്തിന് അർഹമായത്.
ദുബൈയിൽ ഫ്രീലാൻസ് ഫോട്ടോഗ്രാഫറാണ് സുൽഫിക്കർ. ഖിസൈസിൽ സ്വന്തമായി ഫോട്ടോഗ്രഫി സ്ഥാപനം നടത്തുന്നു. ഗ്ലോബൽ വില്ലേജിെൻറ പുൽത്തകിടിയിൽ വിശ്രമിക്കുന്ന പിതാവിെൻറയും രണ്ട് കുട്ടികളുടെയും ചിത്രമാണ് പുരസ്കാരം നേടിയത്. അറബി വേഷത്തിലിരിക്കുന്ന ഇവരുടെ ബാക്ക്ഗ്രൗണ്ടായി ഗ്ലോബൽ വില്ലേജിലെ യു.എ.ഇ പവലിയനും കാണാം.
ഹിപ സെക്രട്ടറി ജനറൽ അലി ബിൻ താലിത് അൽ ഹുമൈരി, ഗ്ലോബൽ വില്ലേജ് സി.ഇ.ഒ ബാദർ അൻവാഹി എന്നിവർ ചേർന്ന് പുരസ്കാരങ്ങൾ കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
