മലയാളം മിഷന് ക്ലാസുകള്‍ ഓഫ് ലൈനാക്കുന്നു
text_fieldsറാസല്‍ഖൈമ: കോവിഡ് പ്രതിസന്ധിയില്‍ ഓണ്‍ലൈനിലേക്ക് മാറിയ മലയാളം മിഷന് പഠന ക്ലാസുകള്‍ ഓഫ് ലൈനിലേക്ക്. ആഴ്ചതോറും ഒരു ദിവസം നടക്കുന്ന ഓണ്‍ലൈന്‍ ക്ലാസുകളാണ് ഇനി മുതല്‍ ക്ലാസ് മുറികളിലേക്ക് മാറുന്നതെന്ന് മലയാളം മിഷന് റാക് മേഖല പ്രസിഡന്റ് നാസര്‍ അല്‍ദാന അറിയിച്ചു. വിദ്യാര്‍ഥികളെ മഴ, മാമ്പഴം, നിലാവ്, പൂമ്പാറ്റ, തത്തമ്മ ക്ലസ്റ്ററുകളാക്കി തിരിച്ചാണ് റാസല്‍ഖൈമയില്‍ മലയാളം മിഷന്റെ സൗജന്യ പഠന ക്ലാസുകള്‍ നടന്നുവരുന്നത്.
നിലവില്‍ നാല് കോഴ്സുകളാണ് മലയാളം മിഷന് നടത്തിവരുന്നത്. രണ്ട് വര്‍ഷം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് (കണിക്കൊന്ന), ഡിപ്ലോമ (സൂര്യകാന്തി), മൂന്ന് വര്‍ഷം ദൈര്‍ഘ്യമുള്ള ഹയര്‍ ഡിപ്ലോമ (ആമ്പല്‍), സീനിയര്‍ ഹയര്‍ ഡിപ്ലോമ (നീലക്കുറിഞ്ഞി) തുടങ്ങിയവയാണ് കോഴ്സുകള്‍. ഇത് പൂര്‍ത്തീകരിക്കുന്നതോടെ മലയാള ഭാഷയില്‍ പത്താം ക്ലാസിന് തത്തുല്യമായ സര്‍ട്ടിഫിക്കറ്റ് വിദ്യാര്‍ഥികള്‍ക്ക് കരസ്ഥമാക്കാന്‍ കഴിയുമെന്നതാണ് സിലബസിന്റെ പ്രത്യേകത.

