മലയാളം മിഷൻ അബൂദബി പഠനോത്സവം; സമ്പൂർണ വിജയം
text_fieldsതന്മയ ശ്രീജിത്ത്, ഫാത്തിമ നസ്മ, ഷസ്‍ഫ ഫാത്തിമ, ഫർഹാൻ ഹിഷാം, ജോഷ്വ റെജീസ്, ഷമ്മ ഷമീർ
അബൂദബി: മലയാളം മിഷൻ അബൂദബി ചാപ്റ്ററിന് കീഴിൽ സൗജന്യമായി മലയാളം പഠിച്ചുവരുന്ന വിദ്യാർഥികൾക്കായി നടത്തിയ ഏഴാമത് പഠനോത്സവത്തിന്‍റെ ഫലങ്ങൾ പ്രഖ്യാപിച്ചു. അബൂദബി ചാപ്റ്റർ വീണ്ടും നൂറുമേനി വിജയം കരസ്ഥമാക്കി. അബൂദബി ചാപ്റ്ററിന് കീഴിൽ പ്രവർത്തിച്ചുവരുന്ന കേരള സോഷ്യൽ സെന്‍റർ, അബൂദബി മലയാളി സമാജം, അബൂദബി സിറ്റി, ഷാബിയ, അൽ ദഫ്‌റ മേഖലകളിൽ നിന്നായി 189 വിദ്യാർഥികളാണ് പഠനോത്സവത്തിൽ പങ്കെടുത്തത്.
129 കണിക്കൊന്ന വിദ്യാർഥികളിൽ 89 പേർ എ പ്ലസും 22 എ ഗ്രേഡും അഞ്ച് ബി പ്ലസും നാല് ബിയും ഒമ്പത് സി പ്ലസും നേടി. കേരള സോഷ്യൽ സെന്‍റർ മേഖലയിൽ നിന്നും പങ്കെടുത്ത ഫർഹാൻ ഹിഷാം, ജോഷ്വ റെജീസ്, ഷമ്മ ഷമീർ, അബൂദബി മലയാളി സമാജം മേഖലയിൽ നിന്നും തന്മയ ശ്രീജിത്ത്, അബൂദബി സിറ്റി മേഖലയിൽ നിന്നും ഫാത്തിമ നസ്മ, ഷസ്‍ഫ ഫാത്തിമ എന്നീ വിദ്യാർഥികൾ നൂറിൽ നൂറ് മാർക്ക് വാങ്ങി മികച്ച വിജയം കരസ്ഥമാക്കി.
38 സൂര്യകാന്തി വിദ്യാർഥികളിൽ 18 പേർ എ പ്ലസും 18 എ ഗ്രേഡും രണ്ട് ബി പ്ലസും നേടിയപ്പോൾ 22 ആമ്പൽ വിദ്യാർഥികളിൽ നാല് പേർ എ പ്ലസും 11 എ ഗ്രേഡും ആറ് ബി പ്ലസും ഒരു ബിയും ഒമ്പത് സി പ്ലസും നേടി. അബൂദബി ചാപ്റ്ററിനു കീഴിൽ ഏഴാമത് കണിക്കൊന്ന പഠനോത്സവവും ആറാമത് സൂര്യകാന്തി പഠനോത്സവവും മൂന്നാമത് ആമ്പൽ പഠനോത്സവവുമാണ് ഇത്തവണ നടന്നത്. മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കടയും രജിസ്ട്രാർ ഇൻ ചാർജ് എം.വി. സ്വാലിഹയും സംയുക്തമായാണ് പഠനോത്സവഫലം പ്രഖ്യാപിച്ചത്.
അബൂദബി ചാപ്റ്ററിനു കീഴിൽ നിലവിൽ 103 സെന്‍ററുകളിലായി 116 അധ്യാപകരുടെ 2085 വിദ്യാർഥികൾ മാതൃഭാഷയുടെ മാധുര്യം സൗജന്യമായി നുകർന്നുവരുന്നു. കണിക്കൊന്നയുടെ പുതിയ ബാച്ചുകളും, പഠനോത്സവങ്ങളിൽ വിജയികളായവർക്കുള്ള സൂര്യകാന്തി, ആമ്പൽ, നീലക്കുറിഞ്ഞി ക്ലാസുകളും സെപ്റ്റംബർ ആദ്യവാരത്തിൽ ആരംഭിക്കുമെന്ന് ചാപ്റ്റർ പ്രസിഡന്‍റ് സഫറുള്ള പാലപ്പെട്ടിയും സെക്രട്ടറി ബിജിത് കുമാറും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

