ഉത്സവച്ചാർത്തണിഞ്ഞ് മലയാളം മിഷൻ അബൂദബി പ്രവേശനോത്സവം
text_fieldsമലയാളം മിഷൻ ശീർഷക ഗാനം അധ്യാപകർ ആലപിക്കുന്നു
അബൂദബി: മലയാളം മിഷൻ അബൂദബി ചാപ്റ്ററിനു കീഴിൽ പുതുതായി പ്രവേശനം നേടിയ വിദ്യാർഥികളുടെ പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. സീനിയർ വിദ്യാർഥികൾ അവതരിപ്പിച്ച കലാപരിപാടികളോടെയാണ് പ്രവേശനോത്സവത്തിന് തുടക്കം കുറിച്ചത്. പ്രവേശനോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം അബൂദബി മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കൽ ഉദ്ഘാടനം ചെയ്തു. ചാപ്റ്റർ പ്രസിഡന്റ് സഫറുള്ള പാലപ്പെട്ടി അധ്യക്ഷത വഹിച്ചു.
കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് ടി.കെ. മനോജ്, മലയാളം മിഷൻ മേഖല കോഓർഡിനേറ്റർമാരായ രമേശ് ദേവരാഗം, പ്രീത നാരായണൻ, ഷൈനി ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു. മലയാളം മിഷൻ അബൂദബി ചാപ്റ്റർ സെക്രട്ടറി ബിജിത് കുമാർ സ്വാഗതവും കൺവീനർ എ.പി. അനിൽകുമാർ നന്ദിയും പറഞ്ഞു. ആമ്പൽ വിദ്യാർഥിനികളായ അദിതി സുധീഷ്, നിഹാരിക പ്രമോദ് എന്നിവർ അവതരിപ്പിച്ച അർധ ശാസ്ത്രീയ നൃത്തം, സൂര്യകാന്തി വിദ്യാർഥിനി ഇഷാനിയുടെ ഗാനാലാപനം, വസിഷ്ഠ് ഷെറീന്‍ അവതരിപ്പിച്ച ഇൻസ്ട്രുമെന്റൽ മ്യൂസിക്, കണിക്കൊന്ന വിദ്യാർഥികളായ അസബ്, നിമേഷിക, അഗ്നിക, സിദ്ധാർഥ്, ബിൻലിയ എന്നിവർ അവതരിപ്പിച്ച സംഘ കവിത, സുജ സവിധം ചിട്ടപ്പെടുത്തി മലയാളം മിഷൻ അധ്യാപകർ ആലപിച്ച ശീർഷകഗാനം എന്നിവ പ്രവേശനോത്സവത്തിനു പകിട്ടേകി.
അബൂദബി ചാപ്റ്ററിനു കീഴിൽ ഒമ്പതാമത്തെ പ്രവേശനോത്സവമാണിത്. അഞ്ച് മേഖലകളിൽ 114 പഠനകേന്ദ്രങ്ങളിലായി 128 അധ്യാപകരുടെ കീഴിൽ 2000ലേറെ വിദ്യാർഥികളാണ് മാതൃഭാഷ സൗജന്യമായി പഠിച്ചുവരുന്നത്. പ്രവേശനോത്സവത്തിലൂടെ നൂറോളം വിദ്യാർഥികൾ പുതുതായി മലയാളം മിഷനിൽ പ്രവേശനം നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

