അപൂർവ കരൾ രോഗത്തിന് നൂതന ചികിത്സ ലഭ്യമാക്കി മലയാളി ഡോക്ടർ
text_fieldsഡോ. നിയാസ് ഖാലിദ്
അബൂദബി: കരളിൽ വിഷ മെറ്റബോളൈറ്റുകൾ രൂപപ്പെടുന്ന അപൂർവ രോഗത്തിന് നൂതന ചികിത്സ യു.എ.ഇയിൽ ആദ്യമായി ലഭ്യമാക്കി മലയാളി ഡോക്ടർ നിയാസ് ഖാലിദ്. പത്തു ലക്ഷത്തിൽ അഞ്ചുപേരെ മാത്രം ബാധിക്കുന്ന അപൂർവ അവസ്ഥയായ അക്യൂട്ട് ഇന്റർമിറ്റന്റ് ഹെപ്പാറ്റിക് പോർഫിറിയ(എ.ഐ.പി) ബാധിച്ച യു.എ.ഇ സ്വദേശിക്ക് ചികിത്സക്കായാണ് വൻ വിലയുള്ള ഗിവോസിറാൻ മരുന്ന് ആദ്യമായി രാജ്യത്ത് ഉപയോഗിച്ചത്. അബൂദബി ബുർജീൽ മെഡിക്കൽ സിറ്റിയിൽ(ബി.എം.സി) ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്തിന്റെ(ഡി.ഒ.എച്ച്) പിന്തുണയോടെയാണ് ഗുരുതര ആരോഗ്യ നിലയിലുണ്ടായിരുന്ന രോഗിക്ക് ചികിത്സ ലഭ്യമാക്കിയത്.
കഠിനമായ വയറുവേദന, നിരന്തരമായ ക്ഷീണം, ശരീരഭാരം കുറയൽ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളുമായാണ് 21 വയസ്സുള്ള വ്യക്തി ഒന്നരവർഷം മുമ്പ് ബി.എം.സിയിൽ എത്തിയത്. ഡോ. നിയാസിന്റെ സമയോചിതമായ ഇടപെടലിൽ രോഗാവസ്ഥ നിർണയിക്കപ്പെടുകയും തുടർന്ന് മാസത്തിൽ ഒരു തവണ നൽകേണ്ട ഇഞ്ചക്ഷൻ യു.എ.ഇയിൽ ലഭ്യമാക്കാനായി ഡി.ഒ.എച്ച് പിന്തുണയോടെ നടപടി തുടങ്ങുകയുമായിരുന്നു. ഒരു ഡോസിന് 45 ലക്ഷം രൂപയോളം വിലമതിക്കുന്ന മരുന്ന് ഡി.ഒ.എച്ച് ഡിപ്പാർട്ട്മെന്റിന്റെ റിസർച് ആൻഡ് ഇന്നൊവേഷൻ സെന്ററിന്റെ വിലയിരുത്തലിന് ശേഷമാണ് എത്തിച്ചത്. ആദ്യ ഇഞ്ചക്ഷൻ നൽകിയപ്പോൾ തന്നെ ആരോഗ്യ നിലയിൽ മികച്ച മാറ്റമുണ്ടായി.
യു.എ.ഇയിലെ അപൂർവ രോഗങ്ങളെ ചികിത്സിക്കുന്നതിൽ ഈ കേസ് ഒരു സുപ്രധാന നാഴികക്കല്ലാണെന്ന് ബുർജീൽ മെഡിക്കൽ സിറ്റിയിൽ ഇന്റേണൽ മെഡിസിൻ സ്പെഷലിസ്റ്റായ പെരിന്തൽമണ്ണ സ്വദേശി ഡോ.നിയാസ് ഖാലിദ് പറഞ്ഞു. ഇതിലൂടെ രാജ്യത്തെ അംഗീകൃത മരുന്നുകളുടെ പട്ടികയിൽ ഗിവോസിറാൻ ഔദ്യോഗികമായി ലഭ്യമാക്കാൻ കഴിഞ്ഞത് കൂടുതൽ രോഗികൾക്ക് ചികിത്സ ലഭ്യമാക്കാൻ വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

