വയനാട് ദുരന്തം വിദ്യാർഥികൾക്ക് മലബാര്‍ ഗ്രൂപ്പിന്റെ ‘ഉയിര്‍പ്പ്’ പദ്ധതി
text_fieldsദുബൈ: വയനാട്ടില്‍ ഉരുള്‍പൊട്ടലിന് ഇരയായ കുടുംബങ്ങളിലെ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിന് ആവശ്യമായ സഹായം നല്‍കുന്നതിനായി മലബാര്‍ ഗ്രൂപ് നടപ്പാക്കുന്ന ‘ഉയിര്‍പ്പ്’ പദ്ധതിയുടെ ഉദ്ഘാടനം പ്രിയങ്ക ഗാന്ധി എം.പി നിർവഹിച്ചു. ടി. സിദ്ദീഖ് എം.എല്‍.എ അധ്യക്ഷതവഹിച്ചു. മലബാര്‍ ഗ്രൂപ് ചെയര്മാന് എം.പി അഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. ‘മിസൈല്‍ വുമണ്‍ ഓഫ് ഇന്ത്യ’ ഡോ. ടെസ്സി തോമസ് മുഖ്യാതിഥിയായിരുന്നു. ഉരുള്‍പൊട്ടല്‍ ബാധിത പ്രദേശങ്ങളിലെ 134 വിദ്യാർഥികള്‍ക്ക് അവരുടെ ഉന്നത വിദ്യാഭ്യാസത്തിനുവേണ്ടി സാമ്പത്തിക സഹായങ്ങള്‍ ചെയ്യുന്നതിനുള്ള പദ്ധതിയാണിത്.
ഉന്നതപഠനത്തിന് സഹായം ആവശ്യമുള്ള 134 വിദ്യാർഥികളെ ഇതിനകംതന്നെ മലബാര്‍ ഗ്രൂപ് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 70 പേര് പെണ്‍കുട്ടികളും 64 പേര് ആണ്‍കുട്ടികളുമാണ്. ഇവരുടെ പഠനത്തിനുള്ള മുഴുവന്‍ ചെലവും മലബാര്‍ ഗ്രൂപ് വഹിക്കും. കോഴ്സ് ഫീസ്, ഹോസ്റ്റല്‍ ഫീസ്, പഠനോപകരണങ്ങള്‍ക്കുള്ള ചെലവ്, പരീക്ഷ ഫീസ്, യാത്രാ ചെലവ് തുടങ്ങി പഠനവുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും നല്‍കും. മുsമ്പ് പഠിച്ച് ഏതെങ്കിലും കോഴ്സുകള്‍ക്ക് ഫീസ് ബാക്കി അടക്കാനുണ്ടെങ്കില്‍ അതും നല്‍കും. ‘ഉയിര്‍പ്പ്’പദ്ധതിക്കായി രണ്ടു കോടി രൂപയാണ് മലബാര്‍ ഗ്രൂപ് നീക്കിവെച്ചിട്ടുള്ളത്.
ഇതില്‍ 63.5 ലക്ഷം രൂപ ഇതിനകം ചെലവഴിച്ചു കഴിഞ്ഞിട്ടുണ്ട്. മലബാര്‍ ഗ്രൂപ്പിന്റെ വിവിധ ബിസിനസ് സംരംഭങ്ങളില്‍ ഉണ്ടാകുന്ന ജോലികളില്‍ നിയമനത്തിനായി ഇവര്‍ക്ക് മുന്‍ഗണന നല്‍കും. മറ്റു സ്ഥാപനങ്ങളില്‍ ജോലി കണ്ടെത്തുന്നതിനായി ഒരു പ്ലേസ്മെന്റ് സെല്‍ രൂപവത്കരിക്കുന്നുണ്ട്. ഇവരെ ജോലിക്ക് പ്രാപ്തരാക്കുന്നതിനുള്ള പരിശീലനം നല്‍കുന്നതിനായി ഫിനിഷിങ് സ്കൂളും സ്ഥാപിക്കുന്നുണ്ട്. ടി.സിദ്ദീഖ് എം.എല്‍.എയുടെ ‘എം.എല്‍.എ കെയര്‍’ പദ്ധതിയുമായി സഹകരിച്ചുകൊണ്ടാണ് ‘ഉയിര്‍പ്പ്’ പദ്ധതി നടപ്പാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

