Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലബാര്‍ ഗോള്‍ഡ് 200 കോടിയുടെ സി.എസ്.ആര്‍ പദ്ധതികള്‍ പ്രഖ്യാപിച്ചു

text_fields
bookmark_border
മലബാര്‍ ഗോള്‍ഡ് 200 കോടിയുടെ സി.എസ്.ആര്‍ പദ്ധതികള്‍ പ്രഖ്യാപിച്ചു
cancel
camera_alt

മലബാർ ഗോൾഡിന്‍റെ 2026-27 സാമ്പത്തിക വര്‍ഷത്തേക്കുള്ള 200 കോടി രൂപയുടെ

സി.എസ്.ആര്‍ പദ്ധതികള്‍ പ്രഖ്യാപിക്കുന്ന ചടങ്ങ്

ദുബൈ: മലബാര്‍ ഗോള്‍ഡ് ആൻഡ്​ ഡയമണ്ട്സ് 2026-27 സാമ്പത്തിക വര്‍ഷത്തില്‍ 200 കോടി രൂപയുടെ സി.എസ്.ആര്‍ പദ്ധതികള്‍ പ്രഖ്യാപിച്ചു. ഡല്‍ഹിയിലെ അംബേദ്കര്‍ ഇന്‍റര്‍നാഷണല്‍ സെന്‍ററില്‍ നടന്ന ചടങ്ങില്‍ മുഖ്യാതിഥിയായ കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. മലബാര്‍ ഗോള്‍ഡ് ദേശീയ തലത്തില്‍ ഈ വര്‍ഷം 33,000 പെണ്‍കുട്ടികള്‍ക്കായി നല്‍കുന്ന വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് വിതരണത്തിന്‍റെ ഉദ്ഘാടനവും കേന്ദ്ര മന്ത്രി നിര്‍വ്വഹിച്ചു. മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി അഹമ്മദ്, മലബാര്‍ ഗോള്‍ഡ് ആൻഡ്​ ഡയമണ്ട്സ് ഇന്ത്യാ ഓപ്പറേഷന്‍സ് മാനേജിങ്​ ഡയറക്ടര്‍ ഒ. അഷര്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ എ.കെ നിഷാദ്, അബ്ദുള്ള ഇബ്രാഹിം, ‘പ്രതം’ സി.ഇ.ഒ രുക്മിണി ബാനര്‍ജി, ‘തണല്‍’ ചെയര്‍മാന്‍ ഡോ. ഇദ്രിസ് തുടങ്ങിയവര്‍ പങ്കെടുത്തു.

‘ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ പോലുള്ള പരിപാടികളിലൂടെ ഇന്ത്യയുടെ പെണ്‍മക്കളെ ശാക്തീകരിക്കുക എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദര്‍ശനവുമായി മലബാര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ പ്രവര്‍ത്തനങ്ങള്‍ ബന്ധപ്പെട്ട് കിടക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. സി.എസ്.ആര്‍ മേഖലയില്‍ വിവിധ പദ്ധതികളിലായി വലിയ തോതിലുള്ള നിക്ഷേപങ്ങള്‍ നടത്തിക്കൊണ്ട് സമൂഹത്തില്‍ സുസ്ഥിരവും ദീര്‍ഘകാലത്തേയ്ക്കുള്ളതുമായ മാറ്റങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന്​ എം.പി അഹമ്മദ് പറഞ്ഞു.

ഇന്ത്യയിലെ 19 സംസ്ഥാനങ്ങളിലെ 3000ത്തിലേറെ പ്രദേശങ്ങളിലാണ് 200 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കുക. 15 പ്രധാന പദ്ധതികൾ ഇതില്‍ ഉള്‍പ്പെടും. രണ്ട് ലക്ഷത്തിലേറെ ആളുകള്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും. തെരുവില്‍ കഴിയുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനുള്ള മൈക്രോ ലേണിങ്​ സെന്‍ററുകളും പെണ്‍കുട്ടികള്‍ക്കുള്ള ദേശീയ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പും ഉള്‍പ്പെടെ വിദ്യാഭ്യാസ മേഖലയില്‍ 114 കോടി രൂപയുടെ പദ്ധതികളാണ് ഇത് പ്രകാരം നടപ്പാക്കുക. ‘ഹംഗര്‍ ഫ്രീ വേള്‍ഡ്’ പദ്ധതിക്ക്​ 30 കോടി രൂപയും ആരോഗ്യ മേഖലയില്‍ 14.2 കോടി രൂപയും ഈ വര്‍ഷം ചെലവഴിക്കും.

അഗതികളായ അമ്മമാരെ സംരക്ഷിക്കുന്നതിനുള്ള ‘ഗ്രാന്‍റ്​ മാ ഹോം’ പദ്ധതി ഉള്‍പ്പെടെയുള്ള പാര്‍പ്പിട പദ്ധതികള്‍ക്കായി 25 കോടി രൂപയും, മറ്റ് മാനുഷിക പ്രവര്‍ത്തനങ്ങള്‍ക്കായി 6.8 കോടി രൂപയും, പരിസ്ഥിതി സംരക്ഷണത്തിനായി 10 കോടി രൂപയും നീക്കിവെയ്ക്കും. മലബാര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് മുഖേനയാണ് സി.എസ്.ആര്‍ പദ്ധതികള്‍ നടപ്പാക്കുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Malabar Gold announces CSR projects worth Rs 200 crore
Next Story