ഹത്തയിൽ മാലിന്യ സംസ്കരണത്തിന് ബൃഹത് പദ്ധതി
text_fieldsദുബൈ: ഹത്തയിൽ സമഗ്രമായ മാലിന്യ സംസ്കരണ, പുനരുപയോഗ പദ്ധതി പ്രഖ്യാപിച്ച് ദുബൈ മുനിസിപ്പാലിറ്റി. ‘സീറോ വേസ്റ്റ്‘ കാമ്പയിനിന്റെ ഭാഗമായി യു.എ.ഇയിലെ പ്രമുഖ നിർമാണ കമ്പനിയായ ഇംദാദുമായി കൈകോർത്തു കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.
പദ്ധതിയുടെ ഭാഗമായി ഹത്തയിൽ 60,043 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ മാലിന്യ സംസ്കരണ കേന്ദ്രം ആരംഭിച്ചു. ഭരണനിർവഹണത്തിനായി ഓഫിസും മാലിന്യം ശേഖരിക്കുന്നതിനായി പ്രത്യേക മേഖലയും ഉൾപ്പെടുന്നതാണ് കേന്ദ്രം. നിലവിൽ ഹത്തയിൽ മാലിന്യം തള്ളുന്ന സ്ഥലമാണ് ഈ രീതിയിൽ പരിവർത്തിപ്പിച്ചത്. ഇവിടെ നിന്ന് മാലിന്യങ്ങൾ ശാസ്ത്രീയമായി വേർതിരിച്ച് ദുബൈയിലെ സംസ്കരണ സ്ഥലങ്ങളിലേക്ക് മാറ്റുകയാണ് ലക്ഷ്യം.
ഹത്തയിൽ പ്രതിദിനം ശരാശരി 20 ടൺ ഖര മാലിന്യങ്ങൾ പുറന്തള്ളുന്നുണ്ടെന്നാണ് കണക്ക്. നിലവിൽ ഈ മാലിന്യങ്ങൾ ഹത്തയിൽ തന്നെ കുഴിച്ചുമൂടുകയാണ്. പുതിയ കേന്ദ്രം വരുന്നതോടെ മാലിന്യങ്ങൾ ശാസ്ത്രീയമായി വേർതിരിക്കാനും സംസ്കരണ കേന്ദ്രങ്ങളിൽ എത്തിക്കാനും സാധിക്കും.
ഹത്തയിലേത് കൂടാതെ സമീപ മേഖലയിൽ നിന്ന് പ്രതിദിനം 27 ടൺ കാർഷിക മാലിന്യങ്ങൾ കൂടി ശേഖരിച്ച് ശരിയായ രൂപത്തിൽ വേർതിരിച്ച് വർസാനിലെ മാലിന്യ-ഊർജ ഉൽപാദന കേന്ദ്രത്തിലെത്തിക്കും. ഇതു വഴി ഹത്തയിലെ സുസ്ഥിര മാലിന്യ സംസ്കരണ സേവനങ്ങൾ കൂടുതൽ ശക്തമാവും.
അതോടൊപ്പം ദുബൈ നിവാസികളേയും സമൂഹത്തേയും പരിസ്ഥിതി സൗഹൃദപരമായ ജീവിത രീതി സ്വീകരിക്കാൻ പ്രോത്സാഹിപ്പിക്കുകയുമാണ് പുതിയ പദ്ധതിയിലൂടെ മുനിസിപ്പാലിറ്റി ലക്ഷ്യമിടുന്നത്. 1,147 താമസക്കാർക്ക് പദ്ധതി ഗുണം ചെയ്യും. മാലിന്യം സംഭരിക്കുന്നതിനും ശേഖരിക്കുന്നതിനുമായി 2,500 വീപ്പകൾ മുനിസിപ്പാലിറ്റി മേഖലയിൽ സ്ഥാപിച്ചിട്ടുണ്ട്. പുനരുപയോഗിക്കാവുന്ന മാലിന്യങ്ങൾ വേർതിരിച്ച് പച്ച വീപ്പകളിലും പുനരുപയോഗിക്കാനാകാത്ത മാലിന്യങ്ങൾ കറുത്ത വീപ്പകളിലും ശേഖരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

