നാദൽ ശിബയിൽ വമ്പൻ ഡ്രൈനേജ് പദ്ധതി പൂർത്തിയായി
text_fieldsനാദൽ ശിബ മൂന്നിൽ പൂർത്തിയായ മലിന ജല, മഴവെള്ള ഡ്രൈനേജ് പദ്ധതി
ദുബൈ: നാദൽ ശിബ മൂന്നിൽ തുടക്കമിട്ട മലിന ജല, മഴവെള്ള ഡ്രൈനേജ് ശൃംഖല വികസന പദ്ധതി പൂർത്തിയാക്കി ദുബൈ മുനിസിപ്പാലിറ്റി. 27.7 കോടി ദിർഹം ചെലവിട്ടാണ് പദ്ധതി പൂർത്തീകരിച്ചത്. നാദൽ ശിബ മൂന്നിൽ 340 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന പദ്ധതിയിൽ 300 ഭൂമി പ്ലോട്ടുകൾ ഉൾപ്പെടും.പദ്ധതിയിലൂടെ ഏകദേശം 24 കിലോമീറ്റർ നീളത്തിലാണ് ഓവുചാൽ ശൃംഖല നിർമിച്ചിരിക്കുന്നത്. ഇതിനായി ഉപയോഗിച്ചത് 200 മുതൽ 800 മില്ലി മീറ്റർ വരെ വ്യാസമുള്ള പൈപ്പുകളാണ്. പൊതുജനാരോഗ്യ നിലവാരം ഉയർത്തുന്നതിനും പരിസ്ഥിതി സുസ്ഥിരത നിർത്തുന്നതിനും പദ്ധതി കൂടുതൽ സഹായകമാവും. ഭാവിയിൽ കൂടുതൽ കാര്യക്ഷമമായ രീതിയിൽ അറ്റകുറ്റപ്പണികൾ നടത്താനും ഇതു വഴി സാധിക്കും. വീടുകൾ, പുതിയ റസിഡൻസ് യൂനിറ്റുകൾ എന്നിവയെ പ്രധാന ഓവുചാൽ ശൃംഖലയുമായി നേരിട്ട് ബന്ധിപ്പിക്കുന്നതിന് 11 കിലോമീറ്റർ നീളത്തിൽ ഭവന കണക്ഷനുകളും പദ്ധതിയുടെ ഭാഗമായി നിർമിച്ചിട്ടുണ്ട്.
മഴവെള്ള ഡ്രൈനേജുകളുടെ കാര്യക്ഷമമായ പ്രവർത്തനത്തിന് സെക്കൻഡിൽ 4000 ലിറ്റർ ശേഷിയുള്ള നൂതനമായ പമ്പിങ് സ്റ്റേഷനും മുനിസിപ്പാലിറ്റി സജ്ജമാക്കിയിട്ടുണ്ട്. ഇത് മഴവെള്ളം കൈകാര്യം ചെയ്യുന്നത് മെച്ചപ്പെടുത്തുകയും പ്രധാന ശൃംഖലയിലേക്കുള്ള കാര്യക്ഷമമായ ജലപ്രവാഹം ഉറപ്പാക്കുകയും ചെയ്യും. ഗുരുത്വാകർഷണത്തെ അടിസ്ഥാനമാക്കിയുള്ള 31 കിലോമീറ്റർ ഡ്രൈനേജ് പൈപ്പ്ലൈൻ ശൃംഖലയും ഇതിനോടൊപ്പം ചേർത്തിട്ടുണ്ട്. 250 മുതൽ 1500 മില്ലി മീറ്റർ വ്യാപ്തിയുള്ള പൈപ്പുകളാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. അതിശക്തമായ മഴക്കാലത്തും ഓവുചാലുകളുടെ കാര്യക്ഷമത നിലനിർത്തുകയും ശക്തമായ മഴയിൽ വെള്ളപ്പൊക്ക അപകട സാധ്യതകൾ തടയാനും പദ്ധതി സഹായിക്കും.ലോക നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനായി മുനിസിപ്പാലിറ്റി നടത്തിവരുന്ന ശ്രമങ്ങളുടെ ഭാഗമാണ് പുതിയ വികസന പദ്ധതികൾ എന്ന് ഡയറക്ടർ ജനറൽ എൻജീനിയർ മർവാൻ അഹമ്മദ് ബിൻ ഖലിത പറഞ്ഞു.മഴവെള്ള, ഓവുചാൽ ശൃംഖല വികസിപ്പിക്കുന്നതിനായി പ്രഖ്യാപിച്ച 3000 കോടി ദിർഹമിന്റെ തസ്രീഫ് പദ്ധതി, 8000 കോടി ദിർഹമിന്റെ മലിന ജല ഓവുചാൽ വികസന പ്രോഗ്രാം എന്നിവയുടെ ഭാഗമായുള്ളതാണ് നാദൽ ശിബ മഴവെള്ള, മലിനജല ഡ്രൈനേജ് പദ്ധതി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.