പ്രവാസ ജീവിതം മതിയാക്കി മഹ്റൂഫ് ദാരിമി നാട്ടിലേക്ക് മടങ്ങുന്നു
text_fieldsമഹറൂഫ് ദാരിമി
അബൂദബി: രണ്ട് പതിറ്റാണ്ട് കാലത്തെ പ്രവാസജീവിതം മതിയാക്കി മത സാമൂഹിക രംഗത്തെ നിസ്വാര്‍ഥ സേവകന് മഹറൂഫ് ദാരിമി നാട്ടിലേക്ക് മടങ്ങുന്നു. അബൂദബി പ്രവാസി കൂട്ടായ്മകളില്‍ സൗമ്യ സാന്നിധ്യമായിരുന്നു കണ്ണൂര്‍ ജില്ലയിലെ കണ്ണപുരം സ്വദേശി പൂവന് കുളത്തില്‍ മഹ്റൂഫ് ദാരിമി. 1999 നവംബര്‍ 12ന് ഭാര്യ പിതാവ് പി. ഹസ്സന് ഹാജി കൊട്ടില നല്കിയ സൗജന്യ വിസയില്‍ സ്നേഹിതന് പി.കെ.പി. അബൂബക്കറിനൊപ്പം എയര്‍ ഇന്ത്യ വിമാനത്തിൽ കരിപ്പൂര്‍ വഴിയാണ് അബൂദബിയില്‍ എത്തുന്നത്.
വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്ത ശേഷം 2008 ഡിസംബര്‍ മുതല്‍ ബനിയാസ് അല്‍ വത്ബ യു.എ.ഇ പൊലീസ് ഡിപ്പാര്‍ട്മെന്റില്‍ ജോലി ചെയ്തു വരുകയായിരുന്നു. 13 വര്‍ഷത്തിന് ശേഷമാണ് സ്ഥാപനത്തില്‍ നിന്ന് വിരമിക്കുന്നത്. മഹറൂഫ് ദാരിമിയുടെ ജന്മദിനവും യു.എ.ഇ ദേശീയ ദിനവും ഒരേ ദിവസം ആയതിനാല്‍ ഡിപ്പാര്‍ട്മെന്റ് പ്രത്യേകം ഉപഹാരം നല്കി ആദരിച്ചിട്ടുണ്ട്. 2000ല്‍ എസ്.എം.ജെയുടെ കീഴില്‍ ഹജ്ജ് അമീറായും സുന്നി സെന്റര്‍, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ തുടങ്ങിയ കമ്മിറ്റി ഉംറ അമീറായും അദ്ദേഹം പോയിട്ടുണ്ട്.
അബൂദബി എസ്.കെ.എസ്.എസ്.എഫിന്റെ കണ്ണൂര്‍ ജില്ല പ്രഥമ പ്രസിഡന്റ്, എസ്.കെ.എസ്.എസ്.എഫ് അബൂദബി സ്റ്റേറ്റ് വൈസ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മനസ്സിലെ മോഹങ്ങള്‍ സാക്ഷാത്കരിച്ചത് നീണ്ട 21 വര്‍ഷമായി ജീവിക്കുന്ന യു.എ.ഇ. മണ്ണിന്റെ സ്നേഹതണലിലായിരുന്നുവെന്ന് മഹ്റൂഫ് ദാരിമി പറയുന്നു.
നാട്ടിലെത്തിയാല്‍ ഏതെങ്കിലും പള്ളിയില്‍ ഖതീബും സദ്റുമായി ജോലി ചെയ്യാനാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. പരിയാരം പൊയിലിലാണ് താമസം. ഭാര്യയും നാലു മക്കളും അടങ്ങുന്നതാണ് കുടുംബം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

