മഹിതം മലപ്പുറം ഫെസ്റ്റ് 25 മുതല്‍ 27 വരെ അബൂദബിയില്‍
text_fieldsഅബൂദബി: മലപ്പുറം ജില്ല കെ.എം.സി.സി ‘മഹിതം മലപ്പുറം സീസണ് 02' ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ഒക്ടോബര്‍ 25, 26, 27 തീയതികളില്‍ നടക്കും.
മലപ്പുറം ജില്ലയുടെ മഹിതമായ മത മൈത്രിയും ഊഷ്മളമായ പാരമ്പര്യങ്ങളും കലാപരമായ പൈതൃകവും സമ്പന്നമായ സാംസ്കാരിക വൈവിധ്യവും തനതായ മലപ്പുറത്തിന്റെ രുചിക്കൂട്ടുകളും ഭക്ഷണങ്ങളും കായിക സംസ്കാരവും മനസ്സിലാക്കാനും അനുഭവിച്ചറിയാനുമുള്ള വേദിയാവും ഫെസ്റ്റ്.
25ന് വെള്ളിയാഴ്ച വൈകീട്ട് 6.30ന് മുസ്ലിം യൂത്ത് ലീഗ് അഖിലേന്ത്യ സെക്രട്ടറി അഡ്വ. നജ്മ തബ്ഷീറയുടെ നേതൃത്വത്തില്‍ ‘മലബാറിന്റെ പെണ് മനസ്സ്’ എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും.
26ന് വൈകീട്ട് നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ രാഹുല്‍ ഈശ്വര്‍, പി.കെ നവാസ്, ഡോ. അനില്‍ മുഹമ്മദ് എന്നിവര്‍ പങ്കെടുക്കും. റാസ ബീഗത്തിന്റെ ഗസല്‍, കൊച്ചിന് കാര്‍ണിവല്‍ ടൈംസ് അവതരിപ്പിക്കുന്ന കോമഡി ആൻഡ് ഡാന്‍സ് ഷോ, യു.എ.ഇയിലെ കലാകാരന്മാര് അവതരിപ്പിക്കുന്ന പരിപാടികള്‍, എടരിക്കോടന്‍ കോല്‍ക്കളി തുടങ്ങിയവ മഹിതം മലപ്പുറം ഫെസ്റ്റിന് മാറ്റുകൂട്ടും.
വിവിധ സംഘടന നേതാക്കള്‍ ചടങ്ങില്‍ അതിഥികളാകും. പ്രവേശനം സൗജന്യമാണ്. പങ്കെടുക്കുന്നവരില്‍ നിന്ന് നറുക്കെടുത്ത് മിത് സുബിഷി എക്സ്പാന്‍ഡര്‍ കാര്‍, ഹോണ്ട ആക്ടിവ, വിമാന ടിക്കറ്റ് അടക്കം 30ഓളം സമ്മാനങ്ങള്‍ നല്‍കും. വൈകീട്ട് അഞ്ചു മുതല്‍ രാത്രി 11 വരെയാണ് ഫെസ്റ്റ്.
