27ാം രാവിൽ ഏറ്റെടുത്ത ദൗത്യം പെരുന്നാൾ രാവിൽ പൂർത്തിയാക്കി നസീർ വാടാനപ്പള്ളി
text_fieldsദുബൈ: ലോക്ഡൗണിനിടയിലും നാട് പെരുന്നാളിെൻറ ഒരുക്കങ്ങളിൽ മുഴുകവെ കോവിഡ് പ്രതിരോധ പ്രയത്നങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സാമൂഹിക പ്രവർത്തകർക്ക് വിശ്രമമുണ്ടായിരുന്നില്ല. ക്വാറൻറീനിൽ ഉള്ളവർക്ക് പെരുന്നാൾ ദിവസം ഭക്ഷണം എത്തിക്കുന്നതും ചികിത്സ ആവശ്യമുള്ളവർക്ക് ആംബുലൻസ് ഒരുക്കുന്നതിെൻറയും ഒാട്ടപ്പാച്ചിലിലായിരുന്നു അവർ.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ കോവിഡ് പോസിറ്റീവ് ആയ യു.എ.ഇയിലെ സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളിക്ക് ഇൗ പെരുന്നാൾ രാവ് തികച്ചും വേറിട്ടതായിരുന്നു.
റമദാൻ 27െൻറ രാവിൽ ഏറ്റെടുത്ത ഒരു ദൗത്യം നിർവഹിക്കേണ്ട തിരക്കിലായിരുന്നു അദ്ദേഹം. ദുബൈയിൽ മരിച്ച മഹാരാഷ്ട്ര സ്വദേശി രമേഷ് കാളിദാസിെൻറ സംസ്കാരം മകെൻറ സ്ഥാനത്തു നിന്ന് നിർവഹിക്കുകയായിരുന്നു നസീർ.

കോവിഡ് ബാധിച്ചാണ് 77 വയസുള്ള രമേഷ്ജി മരണപ്പെട്ടത്. കുടുംബാംഗങ്ങളെല്ലാം ക്വാറൻറീനിലായിരുന്നതിനാൽ സംസ്കാരം നടത്തുന്നതെങ്ങിനെ എന്ന കാര്യത്തിൽ ഏറെ ആശയക്കുഴപ്പം നിലനിന്നിരുന്നു. ബന്ധുക്കളിൽ നിന്ന് വിവരമറിഞ്ഞ് പ്രവാസി ബന്ധുവെൽഫെയർ ട്രസ്റ്റ് ചെയർമാൻ കെ.വി. ഷംസുദ്ദീൻ വിഷയം ശ്രദ്ധയിൽപ്പെടുത്തിയ ഉടനെ നസീർ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട് ഉത്തരവാദിത്വം ഏറ്റെടുക്കുകയായിരുന്നു.
വീട്ടിൽ ചെന്ന് പാസ്പോർട്ട് ഏറ്റുവാങ്ങിയ നസീർ അന്നു തന്നെ നഗരസഭാ ഒാഫീസിൽ ചെന്ന് നടപടിക്രമങ്ങൾ ആരംഭിച്ചു. ജബൽ അലി ശ്മശാനത്തിൽ നസീറും അരുൺ എന്ന സുഹൃത്തുമാണ് സംസ്കാരത്തിന് മേൽനോട്ടം വഹിച്ചത്. കുടുംബം നിർദേശിച്ചതു പ്രകാരം ചിതാഭസ്മം സൂക്ഷിക്കാൻ ഏൽപ്പിക്കുമെന്ന് നസീർ പറഞ്ഞു.
മനുഷ്യർ അകന്നു നിൽക്കുന്ന കാലത്ത് മാനുഷികതയെ ചേർത്തുപിടിക്കുന്ന ഇൗ ഉത്തരവാദിത്വം ഏറ്റെടുത്തതിന് നസീറിനെ സമൂഹമാധ്യമങ്ങളിലൂടെ ആയിരക്കണക്കിനാളുകൾ അഭിനന്ദിച്ചിരുന്നു. രാജകുടുംബാംഗം ശൈഖ ഹിന്ദ് അൽ ഖാസിമിയും ഇൗ വിവരം ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു.