മഹാമേളക്ക് ഇനി രണ്ട് മാസം
text_fieldsദുബൈ: ഇന്തോ-അറബ് വാണിജ്യ ബന്ധത്തിന് കരുത്ത് പകരുന്ന ഗൾഫ് മാധ്യമം 'കമോൺ കേരള' നാലാം എഡിഷന് കൊടിയുയരാൻ ഇനി രണ്ട് മാസം കൂടി. ജൂൺ 24, 25, 26 തീയതികളിൽ ഷാർജ എക്സ്പോ സെന്ററിൽ അരങ്ങേറുന്ന മഹാമേളയുടെ ഒരുക്കങ്ങൾ അണിയറയിൽ പുരോഗമിക്കുന്നു. യു.എ.ഇയുടെ സുവർണ ജൂബിലിയും ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികവും ഒരുമിച്ച് വിരുന്നെത്തുന്ന അപൂർവ വർഷത്തിൽ ഇരു രാജ്യങ്ങളുടെയും സാമ്പത്തിക, വാണിജ്യ, വ്യവസായ, വിനോദ, സാംസ്കാരിക, വിദ്യാഭ്യാസ രംഗങ്ങളിൽ വൻ സ്വധീനം ചെലുത്തുന്നതായിരിക്കും നാലാം എഡിഷൻ. ഷാർജയുടെ ഭരണ ചക്രത്തിൽ 50 വർഷം പൂർത്തിയാക്കുന്ന സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ മുഖ്യ രക്ഷാകർതൃത്വം കൂടിയാകുമ്പോൾ നാലാം എഡിഷൻ 'കമോൺ കേരള' ചരിത്രത്താളുകളിൽ രേഖപ്പെടുത്തപ്പെടും.
ഇരുരാജ്യങ്ങളിലെയും നാഴികക്കല്ലായ വർഷങ്ങളുടെ ആഘോഷം എന്നതാണ് ഈ എഡിഷന്റെ പ്രത്യേകത. അതിനോട് നീതി പുലർത്തുന്ന പരിപാടികളാണ് അണിയറയിൽ ഒരുങ്ങുന്നത്. പ്രവാസത്തെ ചേർത്തുപിടിക്കുകയും വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത് ഇമാറാത്തി പൗരൻമാരെ ആദരിക്കുന്ന 'ശുക്റൻ ഇമാറാത്ത്' കമോൺ കേരളക്ക് മുന്നോടിയായി നടക്കും. ജൂൺ 23നാണ് 'ശുക്റൻ ഇമാറാത്ത്'. മഹാമേളയുടെ വരവറിയിച്ച് ബിസിനസ് മീറ്റുകളും നടക്കും. വിനോദ പരിപാടികൾക്കൊപ്പം വ്യവസായ മേഖലക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതായിരിക്കും കമോൺ കേരള. അതിജീവനത്തിന്റെ പര്യായങ്ങളായ വ്യവസായികൾ മനസ് തുറക്കുന്ന ബോസസ് ഡേ ഔട്ടിൽ പുതു തലമുറക്കുള്ള ബിസിനസ് പാഠങ്ങളും പ്രചോദനങ്ങളും വേണ്ടുവോളമുണ്ടാവും. സംരംഭക ലോകത്തേക്ക് കാലെടുത്തുവെക്കാൻ ആഗ്രഹിക്കുന്നവർക്ക് ദിശാബോധം പകരുന്നതായിരിക്കും ബിസിനസ് കോൺക്ലേവ്. ഇന്ത്യയും യു.എ.ഇയും ഇറക്കുമതി തിരുവ പോലും ഒഴിവാക്കുന്ന സാഹചര്യത്തിൽ പ്രവാസലോകത്ത് ഇന്ത്യൻ ബിസിനസിന്റെ പ്രാധാന്യം വർധിക്കുകയാണ്. മിഡ്ൽ ഈസ്റ്റിലേക്കും ആഫ്രിക്കയിലേക്കുമുള്ള വ്യാപാരത്തിന്റെ ഇടത്താവളമായി മാറുന്ന യു.എ.ഇയിലെ വ്യവസായ സാധ്യതകൾ തുറന്നുകാണിക്കുന്നതായിരിക്കും ബിസിനസ് കോൺക്ലേവ്.
പുതിയ ഉൽപന്നങ്ങളുടെ ലോഞ്ചിങ്ങിനും അവ ലോകത്തിന് പരിചയപ്പെടുത്താനുള്ള വേദിയും കൂടിയായിരിക്കും കമോൺ കേരള. പ്രമുഖ ബ്രാൻഡുകളടക്കം സ്റ്റാളുകളുമായി ഷാർജ എക്സ്പോ സെന്ററിലുണ്ടാവും. റിയൽ എസ്റ്റേറ്റ്, വിദ്യാഭ്യാസം, ട്രാവൽ ആൻഡ് ടൂറിസം, ഹെൽത്ത് ആൻഡ് ബ്യൂട്ടി തുടങ്ങിയ മേഖലയിലെ പ്രമുഖ സ്ഥാപനങ്ങൾ സ്റ്റാളുകളുമായെത്തും. ഇഷ്ട രുചികൾ തേടിയെത്തുന്നവർക്ക് മുന്നിൽ രുചിഭേദങ്ങളുടെ സംഗമ വേദിയായി കമോൺ കേരള മാറും.
60 ദിവസങ്ങൾക്കപ്പുറം മേളക്ക് കൊടിയുയരുമ്പോൾ പ്രവാസലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന രണ്ട് അതിഥികളാണ് കമൽ ഹാസനും മഞ്ജു വാര്യരും. മലയാളത്തോട് ഏറെ ചേർന്നുനിൽക്കുന്ന ഇന്ത്യൻ സിനിമ ഇതിഹാസമായ കമൽ ഹാസന്റെ സാന്നിധ്യം പ്രവാസലോകത്തിന് വേറിട്ട അനുഭവമാകും. മഞ്ജു വാര്യരുടെ സിനിമ യാത്രയിലൂടെ സഞ്ചരിക്കുന്ന 'മഞ്ജു വസന്തം' മലയാളികളുടെ ഗ്രഹാതുരത്വത്തെ തൊട്ടുണർത്തും.
കഴിഞ്ഞ മൂന്ന് സീസണുകളുടെയും വമ്പൻ വിജയമാണ് നാലാം എഡിഷനിലേക്ക് മലയാളികളുടെ പ്രിയപത്രമായ 'ഗൾഫ് മാധ്യമത്തിന്' ആത്മവിശ്വാസം പകരുന്നത്. മഹാമാരിയെ അതിജീവിച്ച് പുതുജീവിതം കെട്ടിപ്പടുക്കുന്ന ഈ നാളുകളിൽ പ്രവാസ ലോകത്തിന്റെ ആഘോഷമായിരിക്കും കമോൺ കേരള നാലാം എഡിഷൻ. അതിനാവശ്യമായ രുചിക്കൂട്ടുകളാണ് അണിയറയിൽ ഒരുങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

