ദുബൈയിൽ പിടിയിലായ മാഫിയ തലവനെ ബ്രിട്ടന് കൈമാറി
text_fieldsമിഷേൽ പോൾ മൂഗൻ
ദുബൈ: എമിറേറ്റിൽ പൊലീസ് പിടികൂടിയ കുപ്രസിദ്ധ കൊക്കെയ്ൻ മാഫിയ തലവനെ ബ്രിട്ടന് കൈമാറി.അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് കേസിൽ വിചാരണക്കുവേണ്ടിയാണ് മിഷേൽ പോൾ മൂഗൻ എന്നയാളെ കൈമാറിയത്. എട്ടുവർഷമായി ബ്രിട്ടന്‍റെ ദേശീയ ക്രൈം ഏജൻസി അന്വേഷിക്കുന്ന ഇയാളെ കഴിഞ്ഞ ഏപ്രിലിലാണ് ദുബൈ പൊലീസ് പിടികൂടിയത്.
2013 മുതൽ വ്യാജ പേരും വിലാസവും സ്വീകരിച്ച് വിവിധ രാജ്യങ്ങളിലായി കഴിയുകയായിരുന്നു മൂഗൻ. ബ്രിട്ടനിലേക്ക് കിലോക്കണക്കിന് കൊക്കെയ്ൻ എത്തിച്ചിരുന്ന അന്താരാഷ്ട്ര സംഘത്തിലെ അംഗമായിരുന്നു ഇയാൾ. നെതർലൻഡിലെ ഒരു കഫേ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന സംഘം പൊലീസ് പിടികൂടുമെന്നായപ്പോൾ കടന്നുകളയുകയായിരുന്നു. ബ്രിട്ടീഷ് അധികൃതർ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ദുബൈ പൊലീസ് നടത്തിയ ഓപറേഷനിലാണ് പിടികൂടിയത്. ബ്രിട്ടനിലെത്തിച്ച ഇയാളെ മാഞ്ചസ്റ്റർ മജിസ്ട്രേറ്റ് കോടതിയിൽ ചൊവ്വാഴ്ച ഹാജരാക്കി.
കുറ്റവാളിയെ പിടികൂടാൻ സഹായിച്ച യു.എ.ഇ അധികൃതരെ യു.കെ ദേശീയ ക്രൈം ഏജൻസി നന്ദി അറിയിച്ചു. 2021ൽ നൂറ്റമ്പതോളം അന്താരാഷ്ട്ര കുറ്റവാളികളെ പിടികൂടാൻ ദുബൈ പൊലീസ് ലോകത്തെ വിവിധ അന്വേഷണ സംഘങ്ങളെ സഹായിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

