ഖോർഫക്കാനിൽ മധുരമൂറും മാംഗോ ഫെസ്റ്റിവൽ
text_fieldsഖോർഫക്കാനിൽ നടക്കുന്ന മാംഗോ ഫെസ്റ്റിവൽ
ഖോർഫക്കാൻ: ഖോർഫക്കാൻ മുനിസിപ്പാലിറ്റിയും ചേംബർ ഓഫ് കൊമേഴ്സും കൂടി സംഘടിപ്പിക്കുന്ന മാംഗോ ഫെസ്റ്റിവലിന് ഗംഭീര തുടക്കം. ചേംബർ ഓഫ് കൊമേഴ്സ് ഹാളിൽ നടക്കുന്ന ഫെസ്റ്റിവലിന്‍റെ നാലാം എഡിഷന് വൻ ജന തിരക്കാണ് അനുംഭവപ്പെട്ടത്. ജൂൺ 27ന് ആരംഭിച്ച ഫെസ്റ്റിവൽ ജൂൺ 29ന് അവസാനിക്കും.
എമിറേറ്റ്സിൽ നിന്നുള്ള 150 ഇൽ പരം വിവിധ മാങ്ങകൾ ആണ് ഇവിടെ പ്രദർശിപ്പിച്ചിട്ടുള്ളത്. ഈസ്റ്റ് കോസ്റ്റ് മേഖലയിൽനിന്നുള്ള ദിബ്ബ, ഫുജൈറ, ഖോർഫക്കാൻ, ബിദിയ തുടങ്ങിയ പ്രദേശങ്ങളിലെ നാല്പതോളം സ്വദേശി കർഷകരാണ് അവരുടെ ഫാമുകളിൽ കൃഷി ചെയ്തിട്ടുള്ള വിവിധ ഇനം മാങ്ങകൾ സ്റ്റാളുകളിൽ പ്രദർശിപ്പിച്ചിട്ടുള്ളത്. വിവിധ രാജ്യങ്ങളിൽ കാണപ്പെടുന്ന വിവിധ ഇനം മാങ്ങകളുടെ വൻ ശേഖരം തന്നെ ഇവിടെയുണ്ട്.
ചില മാങ്ങകൾക്കെല്ലാം രണ്ടും മൂന്നും കിലോയോളം തൂക്കം വരും. മാങ്ങകളുടെ പ്രദർശനം കൂടാതെ സന്ദർശകർക്ക് പണം നൽകി വാങ്ങിക്കാനും സാധിക്കും. കൂടാതെ മാങ്ങകൾ കൊണ്ടുള്ള വിവിധ തരം ജ്യൂസ്, അച്ചാർ, കേക്ക് തുടങ്ങിയവയും കുട്ടികൾക്കായി മുഖ ചിത്ര രചന, മാങ്ങ ചലഞ്ചുകൾ, കലാപരിപാടികൾ, ക്വിസ് മത്സരങ്ങൾ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.
പരിസ്ഥിതി സൗഹൃദ ഉത്സവമായ മംഗോ ഫെസ്റ്റിവൽ എമിറേറ്റ്സിലെ സ്വദേശി കർഷകരെ കൃഷിയിൽ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ കാർഷിക ഉൽപന്നങ്ങൾ പരിചയപ്പെടുത്തുന്നതിനും വിൽക്കുന്നതിനുള്ള വേദി ഒരുക്കുക എന്നിവ എല്ലാം ലക്ഷ്യം വെച്ചാണ്. കൃഷി, പരിസ്ഥിതി എന്നിവയെ കുറിച്ച ബോധവൽക്കരണ സെഷനുകളും സമാന്തരമായി നടക്കുന്നുണ്ട്. യു.എ.ഇയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ കർഷകനായ സുൽത്താൻ ഗുസൈമി തന്‍റെ ബിദിയ ഫാമിൽ കൃഷി ചെയ്തിട്ടുള്ള മാങ്ങകളും മറ്റു പഴവർഗങ്ങളുമായി തന്‍റെ സ്റ്റാൾ ഒരുക്കിയിട്ടുണ്ട്. യു.എ.ഇ പഴവർഗങ്ങൾ ഇറക്കുമതി ചെയ്യുക മാത്രമല്ല കയറ്റുമതിയിലേക്ക് കുതിക്കുമെന്നും ഈ കുട്ടികർഷകൻ ആത്മവിശ്വാസത്തോടെ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

