മധു ബാലകൃഷ്ണന്‍റെ സംഗീതയാത്രക്ക് മൂന്നു പതിറ്റാണ്ട്; ദുബൈയിൽ പ്രത്യേക സംഗീതപരിപാടി
text_fieldsദുബൈ: ഗായകൻ മധു ബാലകൃഷ്ണൻ പിന്നണിഗാന രംഗത്ത് 30 വർഷം പിന്നിടുന്നു. മൂന്നുപതിറ്റാണ്ടിന്‍റെ സംഗീതയാത്ര ആഘോഷമാക്കാൻ അടുത്തമാസം ദുബൈയിൽ ‘മധുരം’ എന്ന പേരിൽ പ്രത്യേക സംഗീതപരിപാടി ഒരുക്കും.
1995ൽ റെക്കോർഡ് ചെയ്ത മധു ബാലകൃഷ്ണന്‍റെ ആദ്യഗാനം പുറത്തിറങ്ങിയത് 1996 ലാണ്. മലയാളം, തമിഴ്, തെലുങ്ക്, തുളു, കന്നഡ, സൗരാഷ്ട്ര, ബംഗാളി, സിംഹള, ഹിന്ദി എന്നീ ഭാഷകളിൽ നിരവധി സിനിമാഗാനങ്ങൾക്ക് പുറമേ, മധുബാലകൃഷ്ണനെ അടയാളപ്പെടുത്തിയ ഭക്തിഗാനങ്ങളും നിരവധി. ഡിസംബർ 19ന് വൈകുന്നേരം ഏഴുമുതൽ ദുബൈ ശൈഖ് റാശിദ് ഓഡിറ്റോറിയത്തിലാണ് ‘മധുരം -30 ഇയേഴ്സ് ഓഫ് മ്യൂസിക്കൽ ഗ്ലോറി’ എന്ന പരിപാടി. മധുബാലകൃഷ്ണന് പുറമേ റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയരായ പുതുതലമുറ ഗായകരായ ശ്രീനാഥ്, അനുശ്രീ, ദിഷ, അനാമിക, ആവിർഭവ് എന്നിവരും വേദിയിലെത്തും.
അവതാരകൻ മിഥുൻ രമേശ്, ത്രീ എ ഗ്ലോബൽ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഡയറക്ടർമാരായ അനൂപ് ബാലകൃഷ്ണ പിള്ള, ലേഖ അനൂപ്, ഇവന്‍റ് കോഓഡിനേറ്റർ ശ്രീരാജ് കൈമൾ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

