മാധവൻ പാടി പുരസ്കാരം പ്രഖ്യാപിച്ചു
text_fieldsആദിൽ ജിമ്മി, ഹിദ ഫാത്തിമ
ഷാർജ: സാംസ്കാരിക സാമൂഹിക പ്രവർത്തകനും മാസ് സ്ഥാപക നേതാവും ഷാർജ ഇന്ത്യൻ അസോസിയേഷന്റെ ദീർഘകാല ഭരണസമിതി അംഗവുമായിരുന്ന മാധവൻ പാടിയുടെ സ്മരണാർഥം മാസ് ഏർപ്പെടുത്തിയ നാലാമതു പാടി അവാർഡുകൾ പ്രഖ്യാപിച്ചു. ഷാർജ ഇന്ത്യൻ സ്കൂളിലെ ബോയ്സ്, ഗേൾസ് വിഭാഗത്തിലെ കുട്ടികൾക്കാണ് അവാർഡ്. വിദ്യാർഥികളിലെ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളും സാമൂഹിക പ്രതിബദ്ധതയും പരിഗണിച്ച് ആണ് അവാർഡ് നൽകുന്നതെന്ന് മാസ് ഭാരവാഹികളും അവാർഡ് കമ്മിറ്റിയും അറിയിച്ചു.
ഗേൾസ് വിഭാഗത്തിൽ ഹിദ ഫാത്തിമയും ബോയ്സ് വിഭാഗത്തിൽ ആദിൽ ജിമ്മിയുമാണ് അവാർഡ് ജേതാക്കൾ. മാസ് മുൻ പ്രസിഡന്റ് ഇബ്രാഹിം അംബിക്കാന ചെയർമാനും മുൻ പ്രസിഡന്റുമാരായ താലിബ്, വാഹിദ് നാട്ടിക എന്നിവരും മാസ് ഭാരവാഹികളും അടങ്ങിയ ജൂറിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. മേയ് 11ന് വൈകീട്ട് അഞ്ചിന് ഷാർജ ഇന്ത്യൻ അസോസിയേഷൻ കോൺഫറൻസ് ഹാളിൽ നടക്കുന്ന കൊച്ചു കൃഷ്ണൻ, മാധവൻ പാടി അനുസ്മരണ സമ്മേളനത്തിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും.
കൊല്ലം ജില്ല പഞ്ചായത്ത് പ്രസിഡന്റും പ്രമുഖ പ്രഭാഷകനും ആയ ഡോ. പി.കെ. ഗോപൻ മുഖ്യാതിഥിയാകും. വിവിധ സമൂഹിക, സാംസ്കാരിക പ്രവർത്തകരും ചടങ്ങിൽ പങ്കെടുക്കും. തുടർന്നു ഗസൽ സന്ധ്യയും അരങ്ങേറുമെന്ന് മാസ് ജനറൽ സെക്രട്ടറി ബിനു കോറോം, പ്രസിഡന്റ് അജിത രാജേന്ദ്രൻ, ട്രഷറർ സുരേഷ് നമ്പലാട്ട് എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

