Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകേളികൊട്ടുയർന്ന്​...

കേളികൊട്ടുയർന്ന്​ എട്ടാമദ്ഭുതം; ‘കമോൺ കേരള’ എട്ടാം എഡിഷൻ ലോഗോ എം.എ. യൂസുഫലി പ്രകാശനം ചെയ്തു

text_fields
bookmark_border
കേളികൊട്ടുയർന്ന്​ എട്ടാമദ്ഭുതം; ‘കമോൺ കേരള’ എട്ടാം എഡിഷൻ ലോഗോ എം.എ. യൂസുഫലി പ്രകാശനം ചെയ്തു
cancel
camera_alt

‘കമോൺ കേരള’ എട്ടാം എഡിഷൻ ലോഗോ പ്രകാശനം ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി നിർവഹിക്കുന്നു. ഗൾഫ്​ മാധ്യമം യു.എ.ഇ കൺട്രി ഹെഡ്​ സാജിദ്​ ശംസുദ്ധീൻ, ബിസിനസ്​ സോല്യൂഷൻ ഗ്ലോബൽ ഹെഡ്​ കെ. മുഹമ്മദ്​ റഫീഖ്​, സി.ഒ.ഒ സകരിയ്യ മുഹമ്മദ്​, ലുലു ​ഗ്രൂപ് മാർക്കറ്റിങ്​ ആൻഡ് കമ്യൂമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ എന്നിവർ സമീപം

ദുബൈ: ആഗോള തലത്തിൽ കേരളത്തിന്‍റെ കരുത്തും മുന്നേറ്റവും അടയാളപ്പെടുത്തുന്ന മിഡിലീസ്റ്റിലെ ഏറ്റവും വലിയ ഇന്ത്യൻ വാണിജ്യ, വിനോദ മേളയായ ‘കമോൺ കേരള’, നവീനവും വിപുലവുമായ സന്നാഹങ്ങളോടെ എട്ടാം എഡിഷന്​ ഒരുങ്ങുന്നു. പ്രവാസ മലയാളം ഇന്നോളം കാണാത്ത അദ്ഭുതക്കാഴ്ചകളും അവസരങ്ങളുമായി സജ്ജീകരിക്കുന്ന മേളയുടെ പ്രഖ്യാപനം ലോഗോ പ്രകാശനം ചെയ്തുകൊണ്ട്​ ലുലു ഗ്രൂപ്​ ചെയർമാൻ എം.എ. യൂസുഫലി നിർവഹിച്ചു.

കഴിഞ്ഞ ഏഴ്​ എഡിഷനുകളിൽനിന്ന്​ വ്യത്യസ്തമായി വാണിജ്യ പ്രദർശനങ്ങളിലും വിനോദ പരിപാടികളിലും വലിയ മാറ്റങ്ങളോടെയാണ്​ എട്ടാം എഡിഷൻ അണിയറയിൽ ഒരുങ്ങുന്നത്​. ഷാർജ ചേംബർ ഓഫ്​ കൊമേഴ്​സ്​ ആൻഡ്​ ഇൻഡസ്​ട്രി അടക്കമുള്ള സർക്കാർ സംവിധാനങ്ങളുടെ പിന്തുണയോടെ മേയ്​ 8, 9, 10 തീയതികളിലായി ഷാർജ എക്സ്​പോ സെന്‍ററിലാണ്​ ‘കമോൺ കേരള’യുടെ എട്ടാം എഡിഷൻ അരങ്ങേറുന്നത്​. മുൻ എഡിഷനുകളിൽനിന്ന്​ വ്യത്യസ്തമായി കേരളത്തിൽ നിന്നുള്ള സംരംഭങ്ങളെ പരിചയപ്പെടുത്താൻ ‘മേക്​ ഇൻ കേരള’ അടക്കം പുതിയ പവലിയനുകൾ ഇത്തവണത്തെ സവിശേഷതയാണ്​.

യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിലാണ്​ കഴിഞ്ഞ ഏഴ്​ എഡിഷനുകളും അരങ്ങേറിയത്​. യു.എ.ഇയിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ള 300ലേറെ വാണിജ്യ സ്ഥാപനങ്ങളുടെ പ്രദർശനങ്ങളും പ്രമുഖർ പങ്കെടുക്കുന്ന വിനോദ പരിപാടികളും ഇത്തവണയും ആസൂത്രണം ചെയ്യുന്നുണ്ട്​. യു.എ.ഇയുടെ കുടുംബ വർഷാചരണത്തിന്റെ പശ്ചാത്തലത്തിൽ സാമൂഹിക ബന്ധങ്ങളെ ശക്​തമാക്കുന്ന പരിപാടികളും മേളയുടെ ഭാഗമായുണ്ടാകും​.

മിഡിലീസ്റ്റുമായി ഇന്ത്യയുടെ വാണിജ്യ ബന്ധം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന മേളയിൽ യു.എ.ഇയിലെയും ഇന്ത്യയിലെയും ഉന്നത വ്യക്തിത്വങ്ങളും ബിസിനസ് പ്രമുഖരും സാമൂഹിക, സാംസ്കാരിക നേതാക്കളും പ​ങ്കെടുക്കും. യു.എ.ഇയിലെയും ഇന്ത്യയിലെയും തെരഞ്ഞെടുക്കപ്പെട്ട ബിസിനസ്​ രംഗത്തെ പ്രമുഖരെയും വനിത പ്രതിഭകളെയും വേദിയിൽ ആദരിക്കുകയും ചെയ്യും.

അതിവേഗം വളരുന്ന ഇന്ത്യ-യു.എ.ഇ സാമ്പത്തിക, വാണിജ്യ സഹകരണത്തിന്റെ പശ്ചാത്തലത്തിൽ മേള ഇരു രാജ്യങ്ങളിലെയും നിക്ഷേപകരെയും വ്യവസായികളെയും കൂടുതലായി ആകർഷിക്കുന്നതാകും. അബൂദബിയിൽ നടന്ന പ്രകാശന ചടങ്ങിൽ ലുലു ​ഗ്രൂപ് മാർക്കറ്റിങ്​ ആൻഡ് കമ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ, ഗൾഫ്​ മാധ്യമം ബിസിനസ്​ സെല്യൂഷൻ ഗ്ലോബൽ ഹെഡ്​ കെ. മുഹമ്മദ്​ റഫീഖ്​, സി.ഒ.ഒ സകരിയ്യ മുഹമ്മദ്​, യു.എ.ഇ കൺട്രി ഹെഡ്​ സാജിദ്​ ശംസുദ്ധീൻ എന്നിവർ സന്നിഹിതരായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Common keralaM.A YusufaliGulf madhyamam
News Summary - M.A. Yusuffali released the logo of the 8th edition of ‘Common Kerala’
Next Story