എം.എ. യൂസുഫലിക്ക് വീണ്ടും അബൂദബി ചേംബർ ഡയറക്ടറായി നിയമനം
text_fieldsഎം.എ. യൂസഫലി
അബൂദബി: അബൂദബി ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (എ.ഡി.സി.സി.ഐ) ഡയറക്ടറായി ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലിയെ വീണ്ടും നിയമിച്ച് അബൂദബി എക്‌സിക്യൂട്ടിവ് കൗൺസിൽ ഉത്തരവിട്ടു. അബൂദബി കിരീടാവകാശിയും എക്‌സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
അബൂദബിയുടെ സാമ്പത്തിക മേഖലയിൽ സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കുന്നതിനും ബിസിനസ് സൗഹൃദ അന്തരീക്ഷം ശക്തമാക്കുന്നതിനും ലക്ഷ്യമിട്ടാണ് അബൂദബി ചേംബർ പ്രവർത്തിക്കുന്നത്. ബോർഡിൽ യൂസുഫലിയുടെ സാന്നിധ്യം ആഗോള തലത്തിൽ യു.എ.ഇയുടെ സാമ്പത്തിക താൽപര്യങ്ങൾക്ക് കൂടുതൽ കരുത്തുപകരും. പുതിയ ചുമതലയേറ്റെടുത്ത എം.എ. യൂസുഫലിയെ അബൂദബി ചേംബർ ഔദ്യോഗികമായി അഭിനന്ദിച്ചു. എമിറേറ്റിന്റെ സാമ്പത്തിക അഭിലാഷങ്ങൾ പൂർത്തീകരിക്കുന്നതിനും സ്വകാര്യ മേഖലയുടെ സ്വാധീനം വർധിപ്പിക്കുന്നതിനും അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് വലിയ രീതിയിൽ സഹായിക്കുമെന്ന് ചേംബർ പ്രസ്താവനയിൽ പറഞ്ഞു.
ഇത് അഞ്ചാമത് പ്രാവശ്യമാണ് യൂസുഫലി ചേംബർ ഡയറക്ടർ ബോർഡിൽ അംഗമാകുന്നത്. അബൂദബിയെ ലോകത്തെ ഏറ്റവും മികച്ച ബിസിനസ് ഹബ്ബാക്കി മാറ്റുന്നതിനുള്ള നടപടികൾക്ക് വേഗം കൂട്ടുക, പ്രാദേശികവും അന്തർദേശീയവുമായ ബിസിനസ് സമൂഹത്തെ ഏകോപിപ്പിക്കുകയും അവർക്ക് ആവശ്യമായ പിന്തുണ നൽകുകയും ചെയ്യുക, യു.എ.ഇയുടെ എണ്ണയിതര വരുമാനം വർധിപ്പിക്കുന്നതിനുള്ള നയരൂപീകരണത്തിൽ പങ്കാളികളാവുക എന്നിവയാണ് ചേംബറിന്‍റെ ലക്ഷ്യങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

