ദുബൈയിൽ ബുർജ് അൽ അറബിന് സമീപം ആഡംബര ദ്വീപ് വരുന്നു
text_fieldsനായാ ഐലൻഡ് ദുബൈയുടെ രൂപരേഖ
ദുബൈ: ലോക പ്രശസ്തമായ ആഡംബര ഹോട്ടൽ സമുച്ചയം ബുർജ് അൽ അറബിന് സമീപത്ത് ആഡംബര ദ്വീപ് നിർമിക്കുന്നു. നായാ ഐലൻഡ് ദുബൈ എന്ന പേരിലാണ് ദുബൈ തീരത്ത് മറ്റൊരു കൃത്രിമ ദ്വീപ് നിർമിക്കുന്നത്. സ്വകാര്യ വില്ലകൾ, ബിച്ച്ഫ്രണ്ട് താമസസ്ഥലങ്ങൾ, എസ്റ്റേറ്റ് പ്ലോട്ടുകൾ, സ്വകാര്യ ബീച്ച് എന്നീ സൗകര്യങ്ങളോടെയാണ് ദ്വീപ് ഒരുങ്ങുന്നത്. പദ്ധതിയുടെ പ്രവർത്തനം നടന്നുവരികയാണെന്ന് അധികൃതർ ബുധനാഴ്ച വെളിപ്പെടുത്തി.
2029ൽ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന പദ്ധതി ജുമൈറ തീരത്തിന് സമീപത്താണെന്നതും നഗരത്തിലെ പ്രധാന റോഡ് ശൃംഖലയുമായി ബന്ധിപ്പിച്ചാണെന്നതും പ്രത്യേകതയാണ്. ദുബൈയിലെ പ്രധാന ലാൻഡ് മാർക്കുകളുടെ കാഴ്ച ഇവിടെ നിന്ന് സാധ്യമാകും. ശമൽ ഹോൾഡിങ് എന്ന നിക്ഷേപ സ്ഥാപനമാണ് ഷെവൽ ബ്ലാങ്കുമായി സഹകരിച്ച് പദ്ധതി നടപ്പിലാക്കുന്നത്. ദ്വീപിലെ ഷെവൽ ബ്ലാങ്ക് മേയ്സൻ ഹോട്ടലിൽ 30സ്യൂട്ടുകളും 40സ്വകാര്യ പൂൾ വില്ലകളുമുണ്ടാകും.
ദുബൈ 2030 വിഷൻ പദ്ധതിക്ക് സംഭാവന ചെയ്യുന്ന പദ്ധതി നേരത്തെ പൂർത്തീകരിച്ച വിവിധ ഐലൻഡ് പദ്ധതികൾ പോലെ അതിവേഗം ശ്രദ്ധിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇക്കഴിഞ്ഞ ജൂണിൽ 65കോടി ദിർഹം ചിലവിൽ റാസൽഖോർ വൈൽഡ്ലൈഫ് സാങ്ച്വറി നിർമാണം പ്രഖ്യാപിച്ചിരുന്നു. രണ്ട് ഘട്ടങ്ങളിലായി നടപ്പിലാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടം 10കോടി ദിർഹം ചിലവിൽ അടുത്തവർഷം അവസാനത്തോടെ പൂർത്തിയാകും. ജൈവവൈവിധ്യം വർധിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതിനൊപ്പം എക്കോ-ടൂറിസം കേന്ദ്രം സ്ഥാപിക്കുക കൂടിയാണ് പദ്ധതി ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

