ആഡംബര കാറിടിച്ച് അപകടം; പൊലീസുകാരന് കാൽ നഷ്ടമായി
text_fieldsദുബൈ: അമിതവേഗത്തിലെത്തിയ ആഡംബര കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ ദുബൈ പൊലീസ് ഉദ്യോഗസ്ഥന്റെ കാൽ നഷ്ടപ്പെട്ടു. പട്രോളിങ്ങിനിടെ ദുബൈ ജബൽ അലിയിൽ പൊലീസുകാരനെ പോർഷെ കാർ വന്നിടിക്കുകയായിരുന്നു. അപകടത്തിൽ കാലിന് ഗുരുതര പരിക്കേറ്റതോടെ മുറിച്ചുമാറ്റേണ്ടിവന്നു. അപകടം വരുത്തിയ യുവതിക്ക് ദുബൈ ട്രാഫിക് കോടതി ജയിൽ ശിക്ഷ വിധിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഇക്കഴിഞ്ഞ മാർച്ച് 31നാണ് സംഭവം. 30കാരിയായ ഇമാറാത്തി സ്ത്രീയാണ് പോർഷെ കാർ അശ്രദ്ധമായും അപകടകരമായും ഓടിച്ചത്. ഒരു വാഹനം തകരാറിലായതറിഞ്ഞ് പൊലീസുകാരൻ ഈ സമയത്ത് പട്രോളിങ് വാഹനത്തിൽ പ്രദേശത്തെത്തിയതായിരുന്നു. തകരാറിലായ വാഹനം റോഡരികിലേക്ക് മാറ്റിയശേഷം അപകട മുന്നറിയിപ്പ് സിഗ്നലുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ, അമിതവേഗത്തിലെത്തിയ കാർ ഇടിച്ചു. തകരാറിലായ വാഹനത്തിലെ യാത്രക്കാരനും സംഭവത്തിൽ പരിക്കേറ്റിരുന്നു.
അപകടത്തിന്റെ പൂർണമായ ഉത്തരവാദിത്തം യുവതിക്ക് മാത്രമാണെന്ന് റോഡ് അപകട നിർണയ വിദഗ്ധർ ദുബൈ ട്രാഫിക് കോടതിയിൽ മൊഴി നൽകി. യുവതിക്കെതിരെ ജീവൻ അപായപ്പെടുത്തുന്ന രീതിയിൽ വാഹനമോടിച്ചതിനും സ്വത്ത് നശിപ്പിക്കുകയും ചെയ്തതിനുമാണ് കേസെടുത്തത്. ഒരു മാസത്തെ തടവും മൂന്നു മാസത്തെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഷനുമാണ് യുവതിക്ക് ശിക്ഷ വിധിച്ചത്. എന്നാൽ, സംഭവത്തിൽ യുവതി ക്ഷമ ചോദിച്ച് ശിക്ഷയിളവിന് അപേക്ഷിച്ചിരുന്നു. ഇത് പരിഗണിച്ച് 10,000 ദിർഹം പിഴ മാത്രമായി ശിക്ഷ കുറച്ചിരുന്നു. ഈ വിധിക്കെതിരെ പ്രോസിക്യൂഷൻ അപ്പീൽ നൽകിയതിൽ കോടതി ഈ ആഴ്ച വാദം കേൾക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

