‘ലൂണാർ ഗേറ്റ്വേ’ പദ്ധതി; യു.എ.ഇ സംഘം നാസയിൽ
text_fields‘നാസ’ ജോൺസൺ സ്പേസ് സ്റ്റേഷനിലെത്തിയ മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശകേന്ദ്രം പ്രതിനിധികൾ
ദുബൈ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് സമാനമായ രീതിയിൽ ചന്ദ്രന്റെ ഭ്രമണപഥത്തിൽ സ്ഥാപിക്കുന്ന ലൂണാർ ഗേറ്റ്വേ സ്റ്റേഷന്റെ നിർമാണപദ്ധതിയിൽ യു.എ.ഇയുടെ പങ്കാളിത്തം തുടങ്ങി. ഗേറ്റ്വേക്ക് ആവശ്യമായ ‘എയർ ലോക്ക്’ സംവിധാനമാണ് യു.എ.ഇ വികസിപ്പിക്കുക. ഇതിനായി പ്രാഥമിക ചർച്ചകൾ കഴിഞ്ഞ ദിവസം ‘നാസ’ അധികൃതരുമായി ആരംഭിച്ചു. മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശകേന്ദ്രം ഡയറക്ടർ ജനറൽ സലീം അൽ മർറിയാണ് ഇക്കാര്യം അറിയിച്ചത്. അമേരിക്കയിലെ നാസ ജോൺസൺ സ്പേസ് സ്റ്റേഷനിലെത്തിയാണ് യു.എ.ഇ സംഘം ചർച്ച നടത്തിയത്. ദൗത്യത്തിന്റെ ആരംഭത്തിലാണെന്നും നാസ, യൂറോപ്യൻ സ്പേസ് ഏജൻസി, കനേഡിയൻ സ്പേസ് ഏജൻസി, ജപ്പാൻ എയ്റോസ്പേസ് എക്സ്െപ്ലാറേഷൻ ഏജൻസി എന്നിവയുമായി സഹകരിച്ച് പദ്ധതി പൂർത്തിയാക്കാനാവുമെന്ന ശുഭപ്രതീക്ഷയുണ്ടെന്നും സലീം അൽമർറി കൂട്ടിച്ചേർത്തു.
ആദ്യമായി അറബ് ബഹിരാകാശ യാത്രികനെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് അയക്കാൻ വഴിതുറക്കുന്നതാണ് പദ്ധതി. ലൂണാർ ഗേറ്റ്വേ പദ്ധതിയിലെ പങ്കാളിത്ത പ്രഖ്യാപനം യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനും യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും ചേർന്ന് ദിവസങ്ങൾക്ക് മുമ്പാണ് നിർവഹിച്ചത്.
എയർലോക്ക് സംവിധാനം വികസിപ്പിക്കാൻ 10കോടി ഡോളർ ചെലവുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബഹിരാകാശ നിലയത്തിന്റെ പ്രവേശന കവാടമായിരിക്കും ‘എമിറേറ്റ്സ് എയർലോക്ക്’. ഭൂമിയിൽനിന്നെത്തുന്ന ബഹിരാകാശ സഞ്ചാരികൾ നിലയത്തിലേക്ക് കയറുന്നതും പുറത്തുകടക്കുന്നതും പ്രത്യേക സംവിധാനങ്ങളോടെയുള്ള എയർലോക്ക് വഴിയാകും. 10മീറ്റർ നീളവും നാലുമീറ്റർ വീതിയുമുള്ള ഇത് ബഹിരാകാശ നിലയത്തിലെ അതിപ്രധാനമായ ഭാഗമായിരിക്കും. യു.എ.ഇ യുവജനകാര്യ സഹമന്ത്രിയും ബഹിരാകാശ യാത്രികനുമായ സുൽത്താൽ അൽ നിയാദിയും മറ്റു പ്രമുഖരും ‘നാസ’യുമായി കൂടിക്കാഴ്ചക്കെത്തിയ സംഘത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

