പൂർണ ചന്ദ്രഗ്രഹണവും രക്തചന്ദ്രനെയും ഷാർജയിൽ കാണാം
text_fieldsഷാർജ: സെപ്റ്റംബർ 7ന് ദൃശ്യമാവുന്ന പൂർണ ചന്ദ്രഗ്രഹണം, 20ന് കാണാവുന്ന ശനിപ്രത്യയം(സാറ്റേൺ ഓപ്പോസിഷൻ) എന്നിവയോട് അനുബന്ധിച്ച് ഷാർജയിലെ മലീഹ നാഷണൽ പാർക്കിന്റെ ഭാഗമായ മലീഹ ആർക്കിയോളജിക്കൽ സെന്ററിൽ പ്രത്യേക പരിപാടികളൊരുക്കും. വാനനിരീക്ഷണത്തിലും ജ്യോതി ശാസ്ത്രത്തിലും താൽപര്യമുള്ള സഞ്ചാരികൾക്ക് ആകർഷകമായ അനുഭവങ്ങളൊരുക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. പാർക്കിൽ പ്രത്യേകം തയാറാക്കുന്ന പനോരമിക ലോഞ്ചുകളിലാണ് വാനനിരീക്ഷണ പരിപാടികൾ സംഘടിപ്പിക്കുന്നത്. വാരാന്ത്യത്തിലാണ് രണ്ട് ആകാശവിസ്മയങ്ങളുമെന്നതിനാൽ കുടുംബസമേതം പരമ്പരാഗത ഇമാറാത്തി ആതിഥേയത്വം ആസ്വദിക്കാനുള്ള മികച്ച അവസരവുമാണ് ഒരുക്കുന്നത്.
പൂർണ ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രൻ കടുംചുവപ്പ് നിറത്തിലുള്ള ഗോളമായി മാറും. ഈ അപൂർവ രക്തചന്ദ്രനെ (ബ്ലഡ് മൂൺ) ചിലയിടങ്ങളിൽ മാത്രമേ കാണാനാവൂ. ശനി ഭൂമിയോട് ഏറ്റവും അടുത്തെത്തി രാത്രിയിൽ മുഴുവൻ തെളിച്ചത്തോടെ കാണപ്പെടുന്ന അവസ്ഥയാണ് സാറ്റേൺ ഓപോസിഷൻ എന്നറിയപ്പെടുന്നത്. ശനിയുടെ ഉപഗ്രഹമായ ടൈറ്റന്റെയും വ്യക്തമായ കാഴ്ചകൾ ഈയവസരത്തിൽ പ്രതീക്ഷിക്കാം.
മലീഹയിലെ ജ്യോതിശാസ്ത്രരാവുകൾ തീർച്ചയായും കുടുംബങ്ങൾക്കും വാനനിരീക്ഷകർക്കും ഒരുപോലെ ആസ്വാദ്യകരമാവുമെന്ന് നാഷണൽ പാർക്ക് മാനേജർ ഉമർ ജാസിം അൽ അലി പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് discovershurooq.gov.ae എന്ന വെബ്സൈറ്റ് സന്ദർശിക്കാം. +971 6 802 1111 എന്ന നമ്പറിലോ mleihamanagement@discovermleiha.ae എന്ന ഈമെയിൽ വിലാസത്തിലോ ബന്ധപ്പെടുകയും ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

