നിക്ഷേപകർക്കായി വമ്പൻ പ്രഖ്യാപനവുമായി ലുലു റീട്ടെയിൽ
text_fieldsലുലു റീട്ടെയിലിന്റെ ആദ്യ വാർഷിക ജനറൽ മീറ്റിങ്ങിൽ എം.എ. യൂസുഫലി സംസാരിക്കുന്നു
അബൂദബി: ലുലു റീട്ടെയിലിന്റെ ആദ്യ വാർഷിക ജനറൽ മീറ്റിങ്ങിൽ നിക്ഷേപകർക്കായി ലുലുവിന്റെ വമ്പൻ പ്രഖ്യാപനം. 85 ശതമാനം ലാഭവിഹിതം നിക്ഷേപകർക്ക് നൽകുമെന്നും 720.8 കോടി രൂപയുടെ (84.4 മില്യൺ ഡോളർ) ലാഭവിഹിതവും പ്രഖ്യാപിച്ചു. 75 ശതമാനം ലാഭവിഹിതമെന്ന മുൻധാരണയേക്കാൾ പത്ത് ശതമാനം അധികം ലാഭവിഹിതമാണ് ഇതോടെ നിക്ഷേപകർക്ക് ലഭിക്കുക. 2024 സാമ്പത്തിക പാതത്തിലും ഏറ്റവും മികച്ച വളർച്ചാനിരക്കാണ് ലുലു റീട്ടെയിൽ രേഖപ്പെടുത്തിയത്.
നിക്ഷേപകർ ലുലുവിൽ അർപ്പിച്ച വിശ്വാസത്തിനുള്ള അംഗീകാരമാണ് ഈ പ്രഖ്യാപനമെന്നും നിക്ഷേപകരുടെ സന്തോഷമാണ് വലുതെന്നും ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി പറഞ്ഞു. ലോങ് ടേം സ്റ്റ്രാറ്റജിയിലുള്ള മികച്ച വളർച്ചാനിരക്കാണ് ലുലു റീട്ടെയിൽ രേഖപ്പെടുത്തുന്നത്. വിപുലമായ വികസന പദ്ധതികളാണ് നടപ്പാക്കുന്നതെന്നും നിക്ഷേപകർക്ക് ഏറ്റവും മികച്ച നേട്ടം ലഭിക്കുമെന്നും എം.എ. യൂസുഫലി വ്യക്തമാക്കി.
2024 സാമ്പത്തിക വർഷത്തിൽ ലുലു റീട്ടെയിൽ 4.7 ശതമാനം വാർഷിക വളർച്ച നേടി. 762 കോടി ഡോളർ വരുമാനത്തോടെ 12.6 ശതമാനം അധിക വളർച്ചയാണ് രേഖപ്പെടുത്തിയത്. അറ്റാദായം 21.62 കോടി ഡോളറിലെത്തി. ജി.സി.സിയിൽ യു.എ.ഇ, സൗദി മാർക്കറ്റുകളിൽ ഏറ്റവും മികച്ച വളർച്ചയാണ് ലുലു റീട്ടെയിൽ നേടിയത്. നിലവിലെ റീട്ടെയിൽ സാന്നിധ്യം വിപുലീകരിക്കുന്നതിനോടൊപ്പം സുപ്രധാന വിപണികളിൽ കൂടുതൽ സ്റ്റോറുകൾ ലുലു തുറക്കും. ഓൺലൈൻ രംഗത്തും മികച്ച വളർച്ചയാണ് ലുലു റീട്ടെയിലിനുള്ളത്.
ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകൾ വിപുലമാക്കിയും ഹാപ്പിനെസ് ലോയൽറ്റി പ്രോഗ്രാമുകൾ അടക്കം സജീവമാക്കിയും ഉപഭോക്താകൾക്ക് കൂടുതൽ സേവനം ഉറപ്പാക്കുന്നതിനുള്ള നീക്കത്തിലാണ് ലുലു റീട്ടെയിൽ. സുസ്ഥിരമായ വളർച്ചയിലൂടെ റീട്ടെയിൽ മേഖലയിൽ സുപ്രധാനമായ പങ്കാണ് ലുലു വഹിക്കുന്നതെന്നും ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളാണ് നടപ്പാക്കുന്നതെന്നും ലുലു റീട്ടെയിൽ സി.ഇ.ഒ സെയ്ഫി രൂപാവാല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

