ദുബൈ ഔഖാഫുമായി കൈകോർത്ത് ലുലു; റീട്ടെയിൽ പദ്ധതികൾ നടപ്പാക്കും
text_fieldsദുബൈ ഔഖാഫ് ചെയർമാൻ ഈസ അബ്ദുള്ള അൽ ഗുറൈർ, ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി എന്നിവരുടെ സാന്നിധ്യത്തിൽ എമിറേറ്റിൽ റീട്ടെയിൽ പദ്ധതികൾ വ്യാപിപ്പിക്കുന്നതിനായുള്ള കരാറിൽ ദുബൈ ഔഖാഫ് സെക്രട്ടറി ജനറൽ അലി അൽ മുത്തവ, ലുലു റീട്ടെയിൽ ഗ്ലോബൽ ഓപറേഷൻ ഡയറക്ടർ എം.എ. സലിം എന്നിവർ
ദുബൈ: എമിറേറ്റിൽ ഹൈപ്പർ മാർക്കറ്റുകളും എക്സ്പ്രസ് സ്റ്റോറുകളും ഉൾപ്പെടെ വിവിധ റീട്ടെയിൽ പദ്ധതികൾ പ്രാവർത്തികമാക്കുന്നതിനായി ദുബൈ ഔഖാഫും ലുലു ഗ്രൂപ്പും ധാരണയായി.
ദുബൈ ഔഖാഫ് ആൻഡ് മൈനേഴ്സ് അഫയേഴ്സ് ഫൗണ്ടേഷൻ ചെയർമാൻ ഈസ അബ്ദുള്ള അൽ ഗുറൈർ, ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി എന്നിവരുടെ സാന്നിധ്യത്തിൽ ദുബൈ ഔഖാഫ് സെക്രട്ടറി ജനറൽ അലി അൽ മുത്തവ, ലുലു റീട്ടെയിൽ ഗ്ലോബൽ ഓപറേഷൻ ഡയറക്ടർ എം.എ. സലിം എന്നിവർ ധാരണപത്രത്തിൽ ഒപ്പുവെച്ചു.
വിവിധ ഷോപ്പിങ് കേന്ദ്രങ്ങളടക്കം ദുബൈയിൽ വരാനിരിക്കുന്ന കമ്യൂണിറ്റി പദ്ധതികൾ ഔഖാഫിന്റെ സഹകരണത്തോടെ ലുലു യാഥാർഥ്യമാക്കും. ഔഖാഫിന്റെ വിശാലമായ സാമൂഹിക-സാമ്പത്തിക ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനായി റീട്ടെയിൽ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനും ധാരണപത്രം വിഭാവനം ചെയ്യുന്നു.
പദ്ധതിയുടെ ഭാഗമായി ആദ്യത്തെ ഹൈപ്പർമാർക്കറ്റ് ഈ വർഷം പകുതിയോടെ ദുബൈ അൽ ഖവാനീജ് 2ൽ തുടങ്ങും. റീട്ടെയിൽ സേവനങ്ങൾ നൽകുന്നതിനായി ലുലുവിനെ തിരഞ്ഞെടുത്തതിൽ ദുബൈ ഭരണ നേതൃത്വത്തിനും ദുബൈ ഔഖാഫിനും യൂസുഫലി നന്ദി പറഞ്ഞു. ഔഖാഫിന്റെ വിവിധ പദ്ധതികളിൽ ഹൈപ്പർ മാർക്കറ്റുകളുൾപ്പെടെ റീട്ടെയിൽ സേവനങ്ങൾ കൂടുതൽ വിപുലമായി പൊതു സമൂഹത്തിന് ലഭ്യമാക്കുന്നതിന് ഔഖാഫും ലുലുവും തമ്മിലുള്ള സഹകരണം വഴിതുറക്കുമെന്നും യൂസുഫലി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

