ഗസ്സയിലേക്ക് സഹായവുമായി ലുലു ഗ്രൂപ്
text_fieldsഗസ്സയിലേക്കുള്ള ലുലു ഗ്രൂപ്പിന്റെ സഹായം കൈമാറുന്നു
ദുബൈ: ഗസ്സയിൽ ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതക്ക് സഹായഹസ്തവുമായി ലുലു ഗ്രൂപ്. ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെ അവശ്യവസ്തുക്കളാണ് ലുലുവിന്റെ കൈറോയിലെ റീജനൽ ഓഫിസ് ഗസ്സയിലെത്തിച്ചത്. ഈജിപ്ത് റെഡ് ക്രസന്റ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ഡോ. റാമി അൽ നാസറിന്, ലുലു ഈജിപ്ത് ബഹ്റൈൻ ഡയറക്ടർ ജൂസർ രൂപാവാല, റീജനൽ ഡയറക്ടർ ഹുസൈഫ ഖുറൈശി, ലുലു ഈജിപ്ത് മാനേജർ ഹാതിം സായിദ് എന്നിവർ ചേർന്ന് സഹായങ്ങൾ കൈമാറി. ഇവ ഈജിപ്ത് റെഡ് ക്രസന്റ് അധികൃതർ റഫ അതിർത്തി വഴി ഗസ്സയിൽ എത്തിക്കുമെന്ന് റാമി അൽ നാസർ അറിയിച്ചു. ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് ആവശ്യമായ സഹായ സാമഗ്രികളാണ് കൈമാറിയതെന്നും ലുലു ഗ്രൂപ്പിനോടും ചെയർമാൻ എം.എ. യൂസുഫലിയോടും നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
50 ടൺ സഹായവസ്തുക്കളാണ് ആദ്യ ഘട്ടത്തിൽ ലുലു കൈമാറിയത്. യുദ്ധത്തെ തുടർന്ന് ദുരിതത്തിലായ ജനങ്ങളെ സഹായിക്കുന്നതിന് യു.എ.ഇ പ്രഖ്യാപിച്ച ‘തറാഹും ഫോർ ഗസ്സ’യുമായും ലുലു ഗ്രൂപ് കൈകോർക്കുന്നുണ്ട്. ഇതിനായി വിവിധ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ സഹായങ്ങൾ സ്വീകരിക്കുന്നതിന് പ്രത്യേക കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്. യു.എ.ഇ റെഡ് ക്രസൻറ് മുഖേനയാണ് ഈ സഹായങ്ങൾ ഗസ്സയിലേക്ക് അയക്കുന്നത്. മറ്റ് ഗൾഫ് രാജ്യങ്ങളിലെ സന്നദ്ധ പ്രവർത്തനങ്ങളുമായും ലുലു ഗ്രൂപ് പങ്കുചേരുന്നുണ്ട്. യുദ്ധക്കെടുതിമൂലം ദുരിതമനുഭവിക്കുന്ന ഗസ്സയിലെ ജനങ്ങൾക്ക് ബഹ്റൈൻ ലുലു ഗ്രൂപ് 25,000 ദീനാർ (55 ലക്ഷം രൂപ) ബഹ്റൈനി റോയല്‍ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷൻ വഴി ഇതിനകം കൈമാറിയിട്ടുണ്ട്.

