‘മാൾ ഓഫ് മസ്കത്ത്’ നടത്തിപ്പ് ചുമതല ലുലു ഗ്രൂപ്പിന്
text_fieldsമസ്കത്ത്: ഒമാനിലെ ഏറ്റവും വലിയ ഷോപ്പിങ് മാളുകളിലൊന്നായ മാൾ ഓഫ് മസ്കത്ത് നടത്തിപ്പ് ചുമതല ലുലു ഗ്രൂപ്പിന്. ഇതു സംബന്ധിച്ച ദീർഘകാല കരാറിൽ ലുലു ഗ്രൂപ്പും ഒമാൻ സർക്കാർ സോവറീൻ ഫണ്ടായ തമാനി ഗ്ലോബലും ഒപ്പുവെച്ചു. ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി പ്രസിഡന്റ് അബ്ദുൽ സലാം അൽ മുർശിദി, ഒമാൻ വാണിജ്യ വ്യവസായ നിക്ഷേപ പ്രോത്സാഹന വകുപ്പ് മന്ത്രി ഖൈസ് മുഹമ്മദ് അൽ യൂസുഫ്, ലുലു ഗ്രൂപ് ഇന്റർനാഷനൽ ചെയർമാൻ എം.എ. യൂസുഫലി എന്നിവരുടെ സാന്നിധ്യത്തിൽ ലുലു ഗ്രൂപ് ഡയറക്ടർ എ.വി ആനന്ദും, തമാനി ഗ്ലോബൽ ബോർഡ് അംഗം അബ്ദുൽ അസീസ് അൽ മഹ്റൂഖിയുമാണ് കരാറിൽ ഒപ്പുവെച്ചത്.
രണ്ടായിരം കോടി രൂപയുടെ (10 കോടി ഒമാനി റിയാൽ) മുതൽമുടക്കിൽ നിർമിച്ച മാളിലെ സൗകര്യങ്ങൾ കൂടുതൽ ആഗോളനിലവാരത്തിലേക്ക് ഉയർത്താനും ഉപഭോക്തൃ സേവനം ഏറ്റവും മികച്ചതാക്കാനുമാണ് ലുലു ഹോൾഡിങ്സും താമണി ഗ്ലോബലും കൈകോർക്കുന്നത്. ഇതിന്റെ ഭാഗമായി പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസറായി താമണി ഗ്ലോബൽ ലുലു ഹോൾഡിങ്സിനൊപ്പം പ്രവർത്തിക്കും.
20 ലക്ഷത്തിലധികം ചതുരശ്രയടി വിസ്തീർണമുള്ള മാൾ ഓഫ് മസ്കത്തിൽ ഒമാൻ അക്വേറിയം, ലുലു ഹൈപ്പർമാർക്കറ്റ്, നോവോ സിനിമാസ് അടക്കം ഇരുനൂറോളം റീട്ടെയ്ൽ ഔട്ട്ലെറ്റുകളുണ്ട്. മാൾ ഓഫ് മസ്കത്ത് നടത്തിപ്പ് ചുമതല ലുലു ഗ്രൂപ്പിന് ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും ഇതിന് അവസരം നൽകിയ ഒമാൻ സുൽത്താനും ഭരണകൂടത്തിനും നന്ദിയറിക്കുന്നതായും എം.എ. യൂസുഫലി പറഞ്ഞു. ആഗോള നിലവാരത്തിലുള്ള സേവനം ലഭ്യമാക്കാൻ ലുലു ഹോൾഡിങ്സുമായുള്ള സഹകരണം സഹായമാകുമെന്ന് തമാനി ഗ്ലോബൽ ബോർഡ് മെംബർ അബ്ദുൽ അസീസ് സലീം അൽ മഹ്റൂഖി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

