ബാങ്കോക്കിൽ ലുലു ഗ്രൂപ് ഭക്ഷ്യസംസ്കരണ കേന്ദ്രം തുറന്നു
text_fieldsബാങ്കോക്കിൽ ലുലു ഗ്രൂപ്പിന്റെ ഭക്ഷ്യസംസ്കരണ, ലോജിസ്റ്റിക് കേന്ദ്രം തായ്ലൻഡ് വാണിജ്യമന്ത്രി സുഫാജി സുതുമ്പുൻ ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: തെക്ക് കിഴക്കൻ ഏഷ്യൻ മേഖലയിൽ സാന്നിധ്യം കൂടുതൽ സജീവമാക്കുന്നതിന്റെ ഭാഗമായി ബാങ്കോക്കിൽ ലുലുവിന്റെ പുതിയ പ്രാദേശിക ഓഫിസും ഭക്ഷ്യസംസ്കരണ ലോജിസ്റ്റിക്സ് കേന്ദ്രവും പ്രവർത്തനം ആരംഭിച്ചു. ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ മെയ് എക്സ്പോർട്ട് പ്രാദേശിക ഓഫിസും ഭക്ഷ്യസംസ്കരണ ലോജിസ്റ്റിക്സ് കേന്ദ്രവും തായ്ലൻഡ് വാണിജ്യമന്ത്രി സുഫാജി സുതുമ്പുൻ ഉദ്ഘാടനം ചെയ്തു. വാണിജ്യ ഉപമന്ത്രി ഡോ. കിരിദ പാവോചിത്, വാണിജ്യമന്ത്രാലയം ഡയറക്ടർ ജനറൽ സുനന്ത കാങ്വൽകുൽക്കി, തായ്ലൻഡിലെ യു.എ.ഇ എംബസി ചാർജ് ഡി അഫയേഴ്സ് സൗദ് ഇബ്രാഹീം അൽ തുനൈജി, തായ്ലാൻഡ് എക്സിം ബാങ്ക് പ്രസിഡന്റ് ചരത് രത്തനബൂനിറ്റി, ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി, ലുലു തായ്ലൻഡ് ഡയറക്ടർ സയ്യിദ് അബ്ദുൽ അനീസ് തുടങ്ങിയവരും സംബന്ധിച്ചു.
തായ്ലൻഡ് ഉൽപന്നങ്ങൾക്ക് ആഗോള വിപണിയാണ് ലുലു ലഭ്യമാക്കുന്നതെന്നും തായ് ഉൽപന്നങ്ങളുടെ മികവ് ഗൾഫ് രാജ്യങ്ങളിൽ സജീവമക്കാൻ മികച്ച പിന്തുണയാണ് ലുലു നൽകുന്നതെന്നും വാണിജ്യമന്ത്രി സുഫാജി സുതുമ്പുൻ പറഞ്ഞു. കൂടുതൽ വിപുലമായ സൗകര്യങ്ങൾ ഉൽക്കൊള്ളുന്ന ലോജിസ്റ്റിക്സ് ഹബ് തുടങ്ങാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് എം.എ. യൂസുഫലി പറഞ്ഞു. 27 വർഷമായി ലുലു തായ്ലൻഡിലെ വാണിജ്യമേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. തായ്ലൻഡിൽ നിന്നുള്ള ഉൽപന്നങ്ങൾ കൂടുതലായി വിപണിയിലെത്തിക്കാൻ പുതിയ ഹബ് സഹായകരമാകും.
ഉപഭോക്താക്കൾക്ക് ഏറെ താൽപര്യമുള്ള തായ് ഭക്ഷ്യവിഭവങ്ങൾ ഉൾപ്പെടെ ഉൽപന്നങ്ങൾ കൂടുതലായി ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ലഭ്യമാകുമെന്നും യൂസുഫലി പറഞ്ഞു.
പ്രാദേശികകർഷകർക്കും ഉൽപാദകർക്കും മികച്ച പിന്തുണ നൽകുന്നതാണ് ഈ നീക്കം. അരി, പഴം-പച്ചക്കറി, ഗാർമെന്റ്സ്, സ്റ്റേഷനറി അടക്കം 4000ത്തിലധികം ഉൽപന്നങ്ങൾ നിലവിൽ ലുലു തായ്ലൻഡിൽനിന്ന് കയറ്റുമതി ചെയ്യുന്നുണ്ടെന്ന് യൂസുഫലി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

