യുഗാണ്ടയിൽ ഭക്ഷ്യസംസ്കരണ കേന്ദ്രം തുടങ്ങാൻ ലുലു ഗ്രൂപ്പിന് സ്ഥലം അനുവദിച്ചു
text_fieldsയുഗാണ്ട പ്രധാനമന്ത്രി റോബിന നബാജ്ഞയോടൊപ്പം ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി, ലുലു ഗ്രൂപ് യുഗാണ്ട ഡയറക്ടർ ജോർജ് കുറ്റൂക്കാരൻ, യു.എ.ഇയിലെ യുഗാണ്ടൻ സ്ഥാനപതി സാക്കെ കിബെദി എന്നിവർ
അബൂദബി: കിഴക്കൻ ആഫ്രിക്കൻ രാജ്യമായ യുഗാണ്ടയിൽ ഭക്ഷ്യസംസ്കരണ ലോജിസ്റ്റിക്സ് കേന്ദ്രം ആരംഭിക്കുന്നതിനായി ലുലു ഗ്രൂപ്പിന് യുഗാണ്ട സർക്കാർ പത്തേക്കർ സ്ഥലം അനുവദിച്ചു. രാജ്യത്തെ ഏക അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതിചെയ്യുന്ന തലസ്ഥാനമായ കമ്പാലക്കടുത്തുള്ള എന്റബേയിലാണ് സ്ഥലം അനുവദിച്ചത്. ഔദ്യോഗിക സന്ദർശനത്തിനായി യു.എ.ഇ.യിലെത്തിയ യുഗാണ്ടൻ പ്രധാനമന്ത്രി റോബിന നബാജ്ഞയുമായി ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി കൂടിക്കാഴ്ച നടത്തിയിരുന്നു.
യുഗാണ്ടയിലെ വ്യാപാര മേഖലയിൽ നിക്ഷേപിക്കാൻ പ്രധാനമന്ത്രി ലുലു ഗ്രൂപ്പിനെ ക്ഷണിച്ച് എല്ലാ പിന്തുണയും ഉറപ്പുനൽകി. ഇതുമായി ബന്ധപ്പെട്ട തുടർചർച്ചകൾക്കു ശേഷമാണ് സ്ഥലം അനുവദിച്ചത്.
ഭക്ഷ്യസംസ്കരണ-ലോജിസ്റ്റിക്സ് കേന്ദ്രത്തിനും മറ്റ് വിപുലീകരണ പ്രവർത്തനങ്ങൾക്കുമായി 100 മില്യൺ ഡോളറാണ് (750 കോടി രൂപ) ലുലു ഗ്രൂപ് യുഗാണ്ടയിൽ നിക്ഷേപിക്കുന്നത്. പുതിയ ഭക്ഷ്യസംസ്കരണ കേന്ദ്രം യുഗാണ്ടയിലെ പ്രാദേശിക കാർഷിക മേഖലക്കും കർഷകർക്കും ഉപകാരപ്രദമാകുമെന്ന് ലുലു ഗ്രൂപ് ഉയുഗാണ്ട ഡയറക്ടർ ജോർജ് കുറ്റൂക്കാരൻ പറഞ്ഞു. പുതിയ കേന്ദ്രത്തിന്റെ പ്രവർത്തനം പൂർണതോതിലാകുന്നതോടെ എണ്ണൂറിലധികം ആളുകൾക്ക് തൊഴിൽ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

