സൗരോർജ പദ്ധതി വ്യാപിപ്പിച്ച് ലുലു ഗ്രൂപ്
text_fieldsലുലുവിൽ സ്ഥാപിച്ച സോളാർ പാനലുകൾ പ്രതിനിധികൾ സന്ദർശിക്കുന്നു
ദുബൈ: ഊർജ സംരക്ഷണത്തിന്റെ പ്രാധാന്യം വ്യക്തമാക്കി, സൗരോർജ പദ്ധതിയുമായി ലുലു റീട്ടെയ്ൽ. പോസിറ്റീവ് സീറോ ഗ്രൂപ്പുമായി സഹകരിച്ച് ലുലു കേന്ദ്രങ്ങളിൽ സൗരോർജ പാനലുകൾ സ്ഥാപിച്ചു. ദുബൈ അൽവർഖ, ദുബൈ ഇൻവെസ്റ്റ്മെന്‍റ് പാർക്ക്, റാശിദിയ ലുലു ഹൈപ്പർ മാർക്കറ്റുകൾ, ലുലു സെൻട്രൽ ലോജിസ്റ്റിക്സ് സെൻറർ, ദുബൈ റീജനൽ ഓഫിസ് എന്നിവിടങ്ങളിലാണ് സോളാർ പാനലുകൾ സ്ഥാപിച്ചത്.
ഇതിലൂടെ 37 ലക്ഷം കിലോവാൾട്ടിലധികം ശുദ്ധോർജം ഉൽപാദിപ്പിക്കാനാകും. 25000 ടണ്ണോളം കാർബൺ പുറന്തള്ളൻ കുറയ്ക്കാൻ പദ്ധതി വഴിവെക്കും. നാല് ലക്ഷത്തിലധികം പുതിയ ചെടികൾ നടുന്നതിന് തുല്യമാണിത്. 6000 ഗ്യാസോലിൻ വാഹനങ്ങൾ നിരത്തുകളിൽനിന്ന് ഒഴിവാകുന്നതിനും, 9000 ടൺ മാലിന്യ നിർമാർജനത്തിനും സമാനമാണ് നേട്ടം. 58,000 ബാരൽ എണ്ണ സംരക്ഷണത്തിന് പദ്ധതി സഹായകരമാകും.
പോസിറ്റീവ് സീറോ ഗ്രൂപ്പുമായി സഹകരിച്ചുള്ള പദ്ധതിയുടെ ധാരണപത്രം ദുബൈയിൽ നടന്ന ചടങ്ങിൽ ലുലു ഗ്രൂപ് ഗ്ലോബൽ ഓപറേഷൻസ് ഡയറക്ടർ എം.എ. സലിം, പോസിറ്റീവ് സീറോ ചെയർമാൻ അബ്ദുൽ ഗാഫർ ഹുസൈൻ എന്നിവരുടെ സാന്നിധ്യത്തിൽ ലുലു ബിസിനസ് ഡെവലപ്മെന്‍റ് റീജനൽ ഡയറക്ടർ ഹുസെഫ മൂസ രൂപാവാല, പോസിറ്റീവ് സീറോ സി.ഇ.ഒ ഡേവിഡ് ഔറായു എന്നിവർ ചേർന്ന് ഒപ്പുവെച്ചു.
യു.എ.ഇയുടെ സുസ്ഥിരത നീക്കങ്ങൾക്കും ‘നെറ്റ് സീറോ 2050’ ലക്ഷ്യങ്ങൾക്കും പിന്തുണ നൽകുന്നതിനായാണ് പദ്ധതിയെന്നും ഊർജ സംരക്ഷണത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുകയാണ് ലുലുവെന്നും എം.എ. സലിം പറഞ്ഞു.
കാർബൺ പുറന്തള്ളൽ വലിയതോതിൽ കുറയ്ക്കുന്ന പദ്ധതിയിൽ ലുലുവിനൊപ്പം സഹകരിക്കാനായതിൽ അഭിമാനമുണ്ടെന്ന് പോസിറ്റീവ് സീറോ സി.ഇ.ഒ ഡേവിഡ് ഔറായു വ്യക്തമാക്കി. ദുബൈ സിലിക്കൺ സെൻട്രൽ മാൾ, ബഹ്റൈൻ ലുലു ഹൈപ്പർ മാളുകൾ, ലോജിസ്റ്റിക്സ് വെയർഹൗസ് എന്നിവടങ്ങളിലായി നിലവിൽ പോസിറ്റീവ് സീറോയുമായി സഹകരിച്ച് സൗരോർജ പദ്ധതി ലുലു നടപ്പാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

