ഭക്ഷ്യ സംസ്കരണ മേഖല സഹകരണത്തിന് ലുലു ഗ്രൂപ്പും കസാഖ്സ്താനും
text_fieldsഅബൂദബി: മധ്യേഷൻ രാജ്യമായ കസാഖ്സ്താനിൽനിന്നുള്ള കാർഷികോൽപന്നങ്ങളുടെ കയറ്റുമതി ഊർജിതമാക്കാൻ ലുലു ഗ്രൂപ്. ഇതുമായി ബന്ധപ്പെട്ട് കസാഖ്സ്താൻ പ്രധാനമന്ത്രി ഓൾജാസ് ബെക്റ്റെനോവുമായി ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി ചർച്ച നടത്തി. അസ്താനയിലെ പ്രധാനമന്ത്രിയുടെ ഓഫിസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.കസാഖ്സ്താനിലെ കാർഷികോൽപന്നങ്ങൾക്ക് വിപുലമായ വിപണി ലഭ്യമാക്കുമെന്ന് കൂടിക്കാഴ്ചക്കിടെ യൂസുഫലി പ്രധാനമന്ത്രിയെ അറിയിച്ചു. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള അഗ്രോ ടെക്നോപാർക്ക് - ലോജിസ്റ്റിക്സ് ഹബിൽ ഭക്ഷ്യസംസ്കരണ കയറ്റുമതി കേന്ദ്രമടക്കം ലുലു യാഥാർഥ്യമാക്കും.
കൂടുതൽ പ്രാദേശിക ഉൽപന്നങ്ങൾ സംഭരിക്കുന്നതിനും മിഡിലീസ്റ്റിൽ ഉൾപ്പെടെ വിപണി ലഭ്യമാക്കുന്നതിനും പദ്ധതി വഴിവെക്കും. നിലവിൽ കസാഖ്സ്താനിൽ നിന്ന് മാംസോൽപന്നങ്ങൾ, കാർഷിക വിഭവങ്ങൾ എന്നിവയടക്കം ഗൾഫ് രാജ്യങ്ങളിലുള്ള ലുലു സ്റ്റോറുകളിലേക്ക് ഇറക്കുമതി ചെയ്യുന്നുണ്ട്. ഈ സഹകരണം വിപുലമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതികൾ. കസാഖ്സ്താൻ പ്രസിഡന്റ് കാസിം-ജോമാർട്ട് ടോകയേവിന്റെ നിർദേശപ്രകാരം എല്ലാ പിന്തുണയും ലുലുവിന്റെ പദ്ധതികൾക്ക് നൽകുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ നേതൃത്വത്തിൽ കഴിഞ്ഞ മേയിൽ കസാഖ്സ്താനിൽ ഔദ്യോഗിക സന്ദർശനം നടത്തിയപ്പോൾ ഇതുമായി ബന്ധപ്പെട്ട് പ്രാരംഭ ചർച്ചകൾ യൂസുഫലി കസാഖ്സ്താൻ അധികൃതരുമായി നടത്തിയിരുന്നു. കസാഖ്സ്താൻ വ്യാപാര മന്ത്രി അർമ്മാൻ ഷക്കലെവ്, കസാഖ്സ്താനിലെ ഇന്ത്യൻ സ്ഥാനപതി വൈ.കെ സൈലാസ് തങ്കൽ എന്നിവരുമായും യൂസുഫലി കൂടിക്കാഴ്ച നടത്തി.ലുലു ഗ്രൂപ്പിന്റെ ഉപസ്ഥാപനങ്ങളായ അൽ തയ്യിബ് ഫുഡ് ഇൻഡസ്ട്രീസ് ഡയറക്ടർ റിയാദ് ജബ്ബാർ, ഫെയർ എക്സ്പോര്ട്സ് ഇന്ത്യ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ നജിമുദ്ദീൻ ഇബ്രാഹീം എന്നിവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

