ഇന്ധന വിലക്കുറവ്; ദുബൈയിൽ നിരക്ക് കുറച്ച് ടാക്സികൾ
text_fieldsദുബൈ: ദുബൈയിൽ ഇന്ധന വില കുറഞ്ഞതോടെ ടാക്സി നിരക്കും കുറഞ്ഞു. റോഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇന്ധന വിലക്ക് അനുസരിച്ച് ദുബൈയിൽ ടാക്സി നിരക്ക് മാറുന്നത് അടുത്തിടെയാണ് പ്രാബല്യത്തിൽ വന്നത്. നാല് മാസം മുൻപ് ഇന്ധന വില കുത്തനെ ഉയർന്നതോടെ ടാക്സി നിരക്കും വർധിച്ചിരുന്നു. എന്നാൽ, ഇന്ധന വില 11 മാസത്തെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ നിലയിലാണ്. ടാക്സി നിരക്ക് കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് കിലോമീറ്ററിന് 22 ഫിൽസാണ് കുറഞ്ഞത്. മുൻപ് 2.19 ദിർഹമായിരുന്നത് ഈ മാസം 1.97 ദിർഹമായി കുറഞ്ഞു.
ഇതോടെ 20 കിലോമീറ്റർ യാത്ര ചെയ്യുന്നവർക്ക് 4.40 ദിർഹമിന്‍റെ ലാഭമെങ്കിലും ലഭിക്കും.ഏഴ് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇപ്പോൾ ടാക്സികൾ ഈടാക്കുന്നത്. കഴിഞ്ഞ വർഷം ജൂണിൽ കിലോമീറ്ററിന് 1.99 ദിർഹമായിരുന്നു ടാക്സി നിരക്ക്. ഇതിനേക്കാൾ താഴ്ന്ന നിരക്കാണ് ഇപ്പോഴുള്ളത്. എന്നാൽ, മിനിമം നിരക്കിൽ മാറ്റം വന്നിട്ടില്ല. നിരക്ക് കുറഞ്ഞത് പ്രവാസികളെ സംബന്ധിച്ചിടത്തോളം നല്ല വാർത്തയാണ്.
ദുബൈയിലെ പൊതുഗതാഗതം ഉപയോഗിക്കുന്നതിൽ ബഹുഭൂരിപക്ഷവും പ്രവാസികളാണ്. പുതുവത്സര ദിനത്തിൽ യു.എ.ഇയിലെ ഇന്ധന നിരക്കിൽ കാര്യമായ കുറവ് വന്നിരുന്നു. 11മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് പെട്രോളിന്‍റെയും ഡീസലിന്‍റെയും നിരക്ക്. ഡിസംബറിനെ അപേക്ഷിച്ച് പെട്രോളിന് ലിറ്ററിന് 52ഫിൽസും ഡീസലിന് 45ഫിൽസും കുറവാണ് ഈ മാസം രേഖപ്പെടുത്തിയത്. കഴിഞ്ഞ മേയിൽ ആരംഭിച്ച ഇന്ധന വിലവർധന ജൂണിലും ജൂലൈയിലും കുത്തനെ വർധിച്ചിരുന്നു. ജൂലൈയിൽ സൂപ്പർ 98 പെട്രോൾ ലിറ്ററിന് 4.63ദിർഹം എന്ന സർവകാല റെക്കോർഡിലെത്തുകയും ചെയ്തു. ഇതോടെ ടാക്സി നിരക്കും ഉയർന്നു.
എന്നാൽ, കഴിഞ്ഞ മാസങ്ങളിലായി പലതവണയായി 1.85 ദിർഹം കുറഞ്ഞു. ഇതോടെ സൂപ്പർ 98 പെട്രോൾ ലിറ്ററിന് 2.78 ദിർഹമെന്ന നിലയിലേക്ക് ഇന്ധന വില കുറഞ്ഞു. ഡിസംബറിൽ 3.18ദിർഹമായിരുന്ന സ്‌പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 2.67 ദിർഹമായിട്ടുണ്ട്. കഴിഞ്ഞ മാസം ലിറ്ററിന് 3.11 ദിർഹം ആയിരുന്ന ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് 2.59 ആയി കുറഞ്ഞു. ഡീസലിനും നല്ല കുറവാണ് ഇൗ മാസം രേഖപ്പെടുത്തിയിരിക്കുന്നത്. ഡിസംബറിൽ 3.74 ദിർഹമായിരുന്ന ഡീസൽ ലിറ്ററിന് 3.29 ദിർഹമാണ് ജനുവരിയിലെ നിരക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

