ഗുണനിലവാരം കുറഞ്ഞ ഉൽപന്നങ്ങൾ അനുവദിക്കില്ല -മന്ത്രി
text_fieldsഷാർജ: രാജ്യത്തെ വിപണിയിൽ ഗുണനിലവാരം കുറഞ്ഞ ഉൽപന്നങ്ങൾ എത്തിക്കുന്നത് അനുവദിക്കില്ലെന്ന് വ്യക്തമാക്കി യു.എ.ഇ വിദേശ വ്യാപാര സഹമന്ത്രി ഡോ. ഥാനി അൽ സയൂദി.
ഷാർജ റമദാൻ മജ്ലിസ് 2025ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തുനിന്ന് വിവിധ വിപണികളിലേക്ക് വ്യാപാരം ചെയ്യുന്ന ഉൽപന്നങ്ങൾ ഏറ്റവും മികച്ച ഗുണനിലവാരത്തിലാണെന്ന് ഉറപ്പാക്കാൻ നിർമാതാക്കളെ ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു.
സമഗ്ര സാമ്പത്തിക സഹകരണ കരാർ(സെപ) ഒപ്പുവെച്ച രാജ്യങ്ങളുമായി വ്യാപാരത്തിന് പ്രാദേശിക കമ്പനികളെ പ്രോത്സാഹിപ്പിക്കും. എന്തെങ്കിലും പ്രതിസന്ധിയുണ്ടായാൽ ആ വിപണികളിൽതന്നെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഒരു സംവിധാനം യു.എ.ഇ ഉറപ്പാക്കുന്നുണ്ട് -അദ്ദേഹം കൂട്ടിച്ചേർത്തു.ഇന്ത്യ, ഇന്തോനേഷ്യ, ഇസ്രായേൽ, തുർക്കി, ജോർജിയ തുടങ്ങി നിരവധി രാജ്യങ്ങളുമായി യു.എ.ഇ ‘സെപ’യിൽ ഒപ്പുവെച്ചിട്ടുണ്ട്. കരാറിനെ തുടർന്ന് ചരക്കുകളുടെയും സേവനങ്ങളുടെയും വ്യാപാരത്തിലെ താരിഫുകളും കസ്റ്റംസ് തീരുവകളും കുറഞ്ഞിട്ടുണ്ട്.
ഉൽപാദകർക്ക് അസംസ്കൃത വസ്തുക്കളും അവരുടെ ബിസിനസുകൾക്ക് ആവശ്യമായ വൈദ്യുതിയടക്കമുള്ളവയുടെ വിതരണവും ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഭക്ഷ്യ ഉൽപന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് രാജ്യത്ത് ശക്തമായ സംവിധാനങ്ങളാണ് നിലവിലുള്ളത്. ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് തുടർച്ചയായ പരിശോധനകളും അധികൃതർ നടത്തിവരുന്നുണ്ട്. റമദാന് മുന്നോടിയായി വിവിധ എമിറേറ്റുകളിൽ വലിയ രീതിയിൽ പരിശോധന കാമ്പയിനുകൾ അധികൃതർ നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

