കുറഞ്ഞവരുമാനക്കാര്‍ക്ക് കുറഞ്ഞ വാടകയിൽ വീടൊരുക്കി അബൂദബി നഗരസഭ
text_fieldsഅബൂദബി: കുറഞ്ഞവരുമാനക്കാര്‍ക്ക് താങ്ങാവുന്ന വാടകയോടെ പ്രത്യേക ഫ്ലാറ്റുകളും, താമസയിടങ്ങളും നിര്‍മിക്കുന്നു.
അബൂദബി നഗരസഭയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഉയര്‍ന്ന വാടക തലവേദന സൃഷ്ടിക്കുന്ന അബൂദബിയിലെ പ്രവാസികള്‍ക്ക് പദ്ധതി ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.
ബാച്ച്‍ലര്‍ താമസക്കാര്‍ക്ക് മാസം 700 ദിര്‍ഹം മുതല്‍ 1400 ദിര്‍ഹം വരെയും കുറഞ്ഞവരുമാനക്കാരായ കുടുംബങ്ങള്‍ക്ക് മാസം 1400 ദിര്‍ഹം മുതല്‍ 2100 ദിര്‍ഹം വരെയും വാടക ഈടാക്കുന്ന താമസസ്ഥലങ്ങള്‍ നിര്‍മിക്കാനാണ് നഗരസഭയുടെ പദ്ധതി. കെട്ടിടനിര്‍മാതാക്കള്‍ക്ക് ഇത്തരം പുതിയ പദ്ധതികള്‍ ആരംഭിക്കുന്നതിനൊപ്പം നിലവിലെ പദ്ധതികള്‍ കുറഞ്ഞവരുമാനക്കാര്‍ക്കായി മാറ്റാനും അവസരമുണ്ടാകും. മാസം 2000 ദിര്‍ഹം മുതല്‍ 4000 ദിര്‍ഹം വരെ ശമ്പളമുള്ള ബാച്ച്‍ലര്‍മാര്‍ക്കും, മാസം 4000 മുതല്‍ 6000 ദിര്‍ഹം വരെയുള്ള ശമ്പളമുള്ള കുടുംബങ്ങള്‍ക്കും ഉപകാരപ്പെടുന്ന വിധമാണ് പദ്ധതി ആവിഷ്കരിക്കുന്നത്.
വാടകക്കെടുക്കുന്ന വ്യക്തിയുടെ മൊത്തം വരുമാനത്തിെൻറ 35 ശതമാനത്തില്‍ കൂടുതല്‍ വാടക ഉയരാത്തവിധമാണ് പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്നതെന്ന് അബൂദബി മുനിസിപ്പാലിറ്റി ആക്ടിങ് ഡയറക്ടര്‍ ജനറല്‍ മുസബ്ബ മുബാറക് അല്‍മുറാര്‍ പറഞ്ഞു. ഇത്തരം കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിന് ചില ഇളവുകളും നിര്‍മാതാക്കള്‍ക്ക് അനുവദിക്കും. ബാച്ച്‍ലര്‍മാര്‍ക്കായി നിര്‍മിക്കുന്ന കെട്ടിടങ്ങള്‍ക്ക് പ്രത്യേക പാര്‍ക്കിങ് ഇടങ്ങള്‍ വേണ്ടതില്ല തുടങ്ങിയ ഇളവുകളാണ് മുനിസിപ്പാലിറ്റി പരിഗണിക്കുന്നത്.
റിയൽ എസ്റ്റേറ്റ് മേഖലയിലെ അനധികൃത പ്രവണതകള്‍ തടയാന്‍ കൂടി ലക്ഷ്യമിട്ടാണ് ഈ പദ്ധതി.
അനധികൃതവും തിങ്ങിഞെരിഞ്ഞുള്ളതുമായ താമസകേന്ദ്രങ്ങൾക്കെതിരെ നഗരസഭ ഇൗയിടെ നടപടി സ്വീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.