നാളെ മുതൽ മാറ്റങ്ങളേറെ
text_fieldsദുബൈ: ശമ്പളം നൽകുന്നതിനുള്ള കർശനമായ പുതിയ സമയപരിധി മുതൽ പ്രായപൂർത്തിയാകുന്നതിനുള്ള നിയമപരമായ പ്രായം കുറച്ചത് വരെയുള്ള അഞ്ചു പ്രധാന പരിഷ്‌കാരങ്ങൾ ജൂൺ ഒന്നുമുതൽ പ്രാബല്യത്തിൽ വരും. ദൈനംദിന ചെലവുകളെയും ജീവിതരീതിയെയും ബാധിക്കുന്ന ഈ മാറ്റങ്ങളിതാ...
ശമ്പളം എല്ലാ മാസവും ഒന്നാം തീയതിക്കുള്ളിൽ
മനുഷ്യവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം (എം.ഒ.എച്ച്.ആർ.ഇ) പുറപ്പെടുവിച്ച പുതിയ ഉത്തരവ് പ്രകാരം, ജൂൺ ഒന്നുമുതൽ സ്വകാര്യ മേഖലയിലെ എല്ലാ ജീവനക്കാർക്കും മുൻമാസത്തെ ശമ്പളം ഓരോ മാസവും ഒന്നാം തീയതിക്കുള്ളിൽ ലഭിക്കാൻ നിയമപരമായ അർഹതയുണ്ടായിരിക്കും.
ശമ്പളം നൽകാൻ കമ്പനികൾക്ക് 10 ദിവസത്തെ ഗ്രേസ് പിരീഡ് ഉണ്ടായിരിക്കും. അതിനുശേഷവും ശമ്പളം വൈകിയാൽ മന്ത്രാലയം നടപടികൾ സ്വീകരിക്കും
മാസത്തിലെ ഒന്നാം തീയതി: മുൻമാസത്തെ ശമ്പളം നൽകേണ്ട അവസാന തീയതി.
രണ്ടാം തീയതി മുതൽ: ശമ്പളം നൽകാത്ത സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പുകൾ നൽകും.
അഞ്ചാം തീയതി: പുതിയ വർക്ക് പെർമിറ്റുകൾ നൽകുന്നത് തടയുന്നതുൾപ്പെടെയുള്ള നടപടികൾ ആരംഭിക്കും
പതിനൊന്നാം തീയതി: ശമ്പളം നൽകാത്ത സ്ഥാപനങ്ങൾക്കെതിരെ കർശനമായ ഭരണപരമായ പിഴകളും നടപടികളും ചുമത്തും.
പാർക്കിങ് ഫീസിന് വാറ്റ് ബാധകമാകും
ദുബൈയിലെ വാഹന ഉടമകൾ ഇനി മുതൽ തങ്ങളുടെ പാർക്കിങ് ബജറ്റിൽ അഞ്ചുശതമാനം മൂല്യവർധിത നികുതി കൂടി ഉൾപ്പെടുത്തേണ്ടി വരും. ജൂൺ ഒന്നുമുതൽ റോഡരികിലെയും അല്ലാത്തതുമായ എല്ലാ പാർക്കിങ്ങുകൾക്കും, സീസണൽ കാർഡുകൾക്കും, പെർമിറ്റുകൾക്കും അഞ്ചു ശതമാനം വാറ്റ് ബാധകമായിരിക്കുമെന്ന് പാർക്കിൻ അറിയിച്ചു. പുലർച്ചെ ഒരുമണി മുതൽ രാവിലെ ആറുമണി വരെയുള്ള സമയത്ത് രാത്രികാല പാർക്കിങ് സൗജന്യമായി തുടരും.
സാലിക്കിനും വാറ്റ് ബാധകം
ജൂൺ ഒന്നുമുതൽ സാലിക് ടോളുകൾക്കും ടാഗ് ആക്ടിവേഷനും അഞ്ചു ശതമാനം വാറ്റ് ഈടാക്കും. ടോൾ ഗേറ്റുകൾ കടന്നുപോകുന്നതിനുള്ള പുതുക്കിയ നിരക്കുകൾ താഴെ പറയുന്നപ്രകാരമാണ്:
തിങ്കൾ മുതൽ ശനി വരെ:
തിരക്കുള്ള സമയങ്ങൾ (രാവിലെ ആറുമുതൽ 10 വരെ, വൈകുന്നേരം നാലുമുതൽ രാത്രി എട്ടുവരെ): ആറു ദിർഹം + വാറ്റ്
തിരക്ക് കുറഞ്ഞ സമയങ്ങൾ (രാവിലെ 10 മുതൽ വൈകുന്നേരം നാലുവരെ, രാത്രി എട്ടുമുതൽ പുലർച്ചെ ഒരുമണി വരെ): നാലു ദിർഹം + വാറ്റ്
പുലർച്ചെ ഒരുമണി മുതൽ രാവിലെ ആറു മണി വരെ: സൗജന്യം.
ഞായറാഴ്ചകളിൽ (പൊതുഅവധി ദിവസങ്ങളും പ്രത്യേക സന്ദർഭങ്ങളും ഒഴികെ):
തിരക്കുള്ള സമയങ്ങളിലും തിരക്ക് കുറഞ്ഞ സമയങ്ങളിലും: നാലു ദിർഹം + വാറ്റ്
പുലർച്ചെ ഒരുമണി മുതൽ രാവിലെ ആറുമണി വരെ: സൗജന്യം.
പാർക്കിങ് മീറ്ററുകൾ കാഷ്‌ലെസ് ആകുന്നു
ജൂൺ ഒന്നുമുതൽ ദുബൈയിലെ പാർക്കിങ് മീറ്ററുകളിൽ നാണയങ്ങളോ നോട്ടുകളോ ഉപയോഗിച്ച് പണമടക്കുന്ന രീതി ഘട്ടം ഘട്ടമായി നിർത്തലാക്കും. ദുബൈയിലെ ഡിജിറ്റൽ പേയ്‌മെന്റ് നയത്തിന്റെ ഭാഗമായാണ് ഈ മാറ്റം.
ഇനി മുതൽ പാർക്കിങ് ഫീസ് അടക്കാൻ നോൽ കാർഡുകൾ, എസ്.എം.എസ് വഴി, പാർക്കിൻ, ആർ.ടി.എ ആപ്പുകൾ വഴി, ബാങ്ക് കാർഡുകൾ മീറ്ററുകളിൽ ടാപ്പ് ചെയ്ത് ഉൾപ്പെടെയുള്ള കാഷ്‌ലെസ് മാർഗങ്ങൾ ഉപയോഗിക്കാം.
പ്രായപൂർത്തി ആകുന്നതിനുള്ള നിയമപരമായ പ്രായം 18
ജൂൺ ഒന്നുമുതൽ രാജ്യത്ത് പുതിയ സിവിൽ ട്രാൻസാക്ഷൻ നിയമം അനുസരിച്ച്, നിയമപരമായി പ്രായപൂർത്തിയാകുന്ന പ്രായം 21 വയസ്സിൽ നിന്നും 18 ആയി കുറച്ചു. ഇതോടെ 18 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള യുവാക്കൾക്ക് രക്ഷിതാക്കളുടെ സഹായമില്ലാതെ തന്നെ, കരാറുകളിൽ സ്വതന്ത്രമായി ഒപ്പുവെക്കുക, ബാങ്ക് അക്കൗണ്ടുകളും സാമ്പത്തിക കാര്യങ്ങളും കൈകാര്യം ചെയ്യുക, സ്വത്തുക്കൾ വാങ്ങുകയോ വിൽക്കുകയോ ചെയ്യുക, സിവിൽ ബാധ്യതകൾ സ്വന്തം പേരിൽ ഏറ്റെടുക്കുക എന്നിവ സ്വന്തം പേരിൽ ചെയ്യാം. മുമ്പ് ഈ കാര്യങ്ങൾക്കെല്ലാം 21 വയസ്സ് തികയുന്നതുവരെ രക്ഷിതാക്കളുടെ അനുമതിയോ സാന്നിധ്യമോ ആവശ്യമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

