പുതുവർഷ രാവിൽ അബൂദബിയിൽ ലോറികൾക്കും ബസുകൾക്കും നിരോധനം
text_fieldsഅബൂദബി: പുതുവർഷ രാവിൽ അബൂദബി റോഡുകളിൽ ലോറികൾക്കും തൊഴിലാളികളെ കൊണ്ടുപോവുന്ന ബസുകൾക്കും നിരോധനം. ശൈഖ് സായിദ്, ശൈഖ് ഖലീഫ, മുസ്സഫ, മഖ്ത പാലങ്ങൾ തുടങ്ങിയ എല്ലാ എൻട്രി പോയന്റുകളിലും വലിയ വാഹനങ്ങൾ നിർത്തണമെന്ന് അധികൃതർ അറിയിച്ചു.
ഡിസംബർ 31ന് രാവിലെ ഏഴു മുതൽ ജനുവരി ഒന്നിന് രാവിലെ ഏഴു വരെയാണ് വലിയ വാഹനങ്ങൾക്ക് നിരോധനമേർപ്പെടുത്തിയിരിക്കുന്നത്. അതേസമയം, ലോജിസ്റ്റിക് സപ്പോർട്ട്, ശുചീകരണ സേവന വാഹനങ്ങൾ എന്നിവക്ക് ഇളവുണ്ടെന്ന് ട്രാഫിക് ആൻഡ് പട്രോൾസ് ആക്ടിങ് ഡയറക്ടർ ബ്രിഗേഡിയർ മഹ്മൂദ് അൽ ബലൂഷി പറഞ്ഞു. സുഗമ ഗതാഗതം ഉറപ്പുവരുത്തുന്നതിനായി അധിക ട്രാഫിക് പട്രോളുകൾ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
സുരക്ഷ ക്രമീകരണങ്ങളൊരുക്കി ഷാർജ പൊലീസ്
ഷാർജ: പുതുവത്സര ദിനാഘോഷത്തിന്റെ ഭാഗമായി ഞായറാഴ്ച കൂടുതൽ സുരക്ഷാക്രമീകരണങ്ങളൊരുക്കി ഷാർജ പൊലീസ്. ആഘോഷം നടക്കുന്ന വേദികളിൽ ഗതാഗത നിയന്ത്രണവും സുരക്ഷയും ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു. അൽ മജാസ് വാട്ടർഫ്രണ്ടിൽ നടക്കുന്ന വെടിക്കെട്ട്, ഖോർഫക്കൻ ആംഫി തിയറ്ററിലെ സംഗീത വിരുന്ന് തുടങ്ങിയ പരിപാടികളുമായി ബന്ധപ്പെട്ട് പൊലീസ് സുരക്ഷ സംവിധാനങ്ങൾ ശക്തമാക്കും.
ദുബൈയിലും ഷാർജയിലും സൗജന്യ പാർക്കിങ്
ദുബൈ: പുതുവത്സരത്തോടനുബന്ധിച്ച് ദുബൈ, ഷാർജ എമിറേറ്റുകളിൽ സൗജന്യ പാർക്കിങ് പ്രഖ്യാപിച്ചു. ജനുവരി ഒന്നിനാണ് സൗജന്യ പാർക്കിങ്. അതേസമയം, ദുബൈയിൽ ബഹുനില പാർക്കിങ്ങുകളിൽ സൗജന്യം അനുവദിക്കില്ല. ഷാർജ മുനിസിപ്പാലിറ്റിയാണ് നഗരത്തിൽ സൗജന്യ പാർക്കിങ് പ്രഖ്യാപിച്ചത്. എന്നാൽ, ആഴ്ചയിൽ ഏഴ് ദിവസവും പണം നൽകി പാർക്ക് ചെയ്യേണ്ട സോണുകളിൽ പുതുവത്സര ദിവസത്തിലും പണം നൽകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

