പുതുവർഷം പുതിയ രീതിയിൽ
text_fields2023ന്റെ അവസാന ദിവസങ്ങളിലൂടെയാണ് നാം കടന്നുപോകുന്നത്, പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഇനി മുന്നിലുള്ളത് ചുരുങ്ങിയ ദിവസങ്ങള്‍ മാത്രം. വര്‍ഷാന്ത്യ ദിവസങ്ങളില്‍ മനസുകൊണ്ട് നമ്മള് ചില പ്രതിജ്ഞകളെടുക്കും, ഭൂതകാലത്തില്‍ നിന്നും പഠിച്ച പാഠങ്ങള്‍ ഉള്‍ക്കൊണ്ട് ഭാവിയെ മെച്ചപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള പുതുവത്സര തീരുമാനങ്ങൾ. ആ തീരുമാനങ്ങൾ മികച്ചതും അച്ചടക്കവും സന്തോഷവും ആരോഗ്യകരവുമായ ജീവിതം ലക്ഷ്യംവെച്ചുള്ളതുമാകുമ്പോഴും പലപ്പോഴും പുതുവര്‍ഷത്തിന്റെ നാലോ അഞ്ചോ ദിവസങ്ങള്‍ കൂടിപ്പോയാല്‍ ഒന്നോ രണ്ടോ ആഴ്ചകളില്‍ മാത്രം പിന്തുടരാനുള്ള ഒന്നായി ഈ തീരുമാനങ്ങൾ ചുരുങ്ങിപ്പോകുന്നുവെന്നതാണ് ഭൂരിപക്ഷം പേരുടെയും മുന്നിലുള്ള യാഥാർഥ്യം. ആരംഭശൂരത്വം കഴിഞ്ഞാല്‍ പിന്നെ നമ്മള് വീണ്ടും പഴയപടി ലക്ഷ്യബോധമേതുമില്ലാതെ ചലിക്കും.
എന്തായിരിക്കാം നമ്മള് പഴയതുപോലെ ആകാനുള്ള കാരണം? അത് നമ്മേ പരിമിതപ്പെടുത്തുന്ന വിശ്വാസങ്ങളും ഉള്ളിലുണ്ടായിരുന്ന കഴിഞ്ഞകാല അനുഭവങ്ങളുടെ നീറുന്ന ഓമകളും ഇതുമായി ബന്ധപ്പെട്ട ചിന്തകളുമാണ്. ജീവിതത്തിന്റെ പല സന്ദര്‍ഭങ്ങളിലും നമുക്കുള്ളില്‍ അടിഞ്ഞുകൂടിയ നെഗറ്റീവ് ചിന്തകളും വികാരങ്ങളും നിഷേധാത്മകമായ വിശ്വാസങ്ങളും ഒരു വിഴുപ്പായി അവിടെ കിടക്കുകയും അത് ജീവിതത്തിന്റെ പല സന്ദര്‍ഭങ്ങളിലും പുറത്തേക്ക് വരികയും ചെയ്യുന്നു. ഇത് ഭാണ്ഡക്കെട്ടുകള്‍ പോലെ ഉള്ളില്‍ കിടക്കുന്നിടത്തോളം കാലം പുതുവത്സര തീരുമാനങ്ങൾ എടുത്താലും നമ്മളില്‍ വലിയ വ്യത്യാസമൊന്നും വരുന്നില്ല. നമ്മുടെ ജീവിതത്തിലെ അടിസ്ഥാനപരമായ ചിന്തകള്‍ക്കും ശീലങ്ങള്‍ക്കും സ്വഭാവങ്ങള്‍ക്കും മാറ്റം വരണമെങ്കില്‍ നമ്മള് എല്ലാ ദിവസവും നിരന്തരം സ്വയം നവീകരിച്ചുകൊണ്ടേയിരിക്കണം.
നമ്മുടെ കഴിവുകളെ കൂടുതല്‍ ഉപയോഗപ്പെടുത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും സ്വഭാവത്തെ ശുദ്ധീകരിക്കുന്നതിനും മൂന്ന് ടൂളുകള്‍ ഉപയോഗിക്കാം. അതില്‍ ആദ്യത്തേത് ടേക്ക് എ പോസ്. ഒരു നിമിഷം നമുക്ക് ഇതുവരെ ജീവിച്ച ജീവിതത്തെ ഓഡിറ്റ് ചെയ്യാം. പ്രത്യേകിച്ച് കഴിഞ്ഞ 12 മാസത്തെ നമ്മുടെ യാത്രയെ. ശാരീരികവും മാനസികവും വൈകാരികവുമായി ഈ കാലത്തെ അനുഭവങ്ങളെ ഒന്ന് റീവൈന്‍ഡ് ചെയ്തു നോക്കുക. ജീവിതം എന്നത് നിര്‍ത്താതെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ത്രഡ് മില്ലുപോലെയാണ്. കഴിഞ്ഞ 12 മാസത്തെ ഓട്ടത്തിനിടയില്‍ നമ്മള് ജീവിതത്തില്‍ എന്തൊക്കെ ചെയ്തു ചെയ്തില്ലയെന്ന് ഒരുവട്ടം ആത്മപരിശോധന നടത്തി നോക്കൂ..
രണ്ടാമത്തെ ടൂള്‍ റിഫ്ളക്ട് ആണ്. ചിന്തിച്ചു നോക്കുമ്പോള്‍ കഴിഞ്ഞകാല ജീവിതത്തില്‍ നിന്നും പല പാഠങ്ങളും നമ്മള് പഠിച്ചിട്ടാകും. കരിയറില്‍, ബിസിനസില്‍, ജീവിതത്തില്‍ എന്തൊക്കെ കാര്യങ്ങള്‍ പ്രായോഗികമാക്കാന്‍ പറ്റി, എന്തൊക്കെ പറ്റിയില്ല, ഏതൊക്കെ മേഖലയിലാണ് മാറ്റം വരേണ്ടത് എന്നീ ആത്മവിചിന്തനം നടത്തേണ്ട സമയമാണിത്.
മൂന്നാമത്തെ ടൂള്‍ ചോയ്സ് ആണ്. ജീവിതത്തില്‍ നമ്മള് ബോധപൂര്‍വ്വമായ തെരഞ്ഞെടുപ്പുകള്‍ നടത്തിയാല്‍ മാത്രമാണ് ജീവിതം വിജയിക്കുക. ഇനിയുള്ള ജീവിതം ഭംഗിയായി കൊണ്ടുപോകുന്നതില്‍ ഈ തെരഞ്ഞെടുപ്പുകള്‍ നല്ലതാവേണ്ടതുണ്ട്. എന്തൊക്കെ ജീവിതത്തില്‍ നിന്ന് ഒഴിവാക്കണം എന്തൊക്കെ പുതുതായി ചേര്‍ക്കണം ഇതെല്ലാം തീരുമാനിക്കേണ്ടത് നമ്മള് തന്നെയാണ്. ഈ തെരഞ്ഞെടുപ്പുകള്‍ കുറേക്കൂടി കൃത്യവും പര്യാപ്തവും ആക്കുന്നതിന് നമുക്ക് സ്വയം ചില ചോദ്യങ്ങള്‍ ചോദിക്കാം.
അതായത്, ഇക്കഴിഞ്ഞവര്ഷത്തെ നമ്മുടെ ജീവിതത്തിലെ പ്രധാന ഹൈലൈറ്റുകള്‍ എന്തായിരുന്നു? ചെറുതും വലുതുമായ, പോസിറ്റീവും നെഗറ്റീവുമായ സംഭവങ്ങള്‍ ഒരുപാടെണ്ണം നമ്മുടെ ജീവിതത്തിലുണ്ടായിട്ടുണ്ടാകും. ഇതില്‍ ചില സംഭവങ്ങള്‍ നമ്മളെ ചില കാര്യങ്ങള്‍ പഠിപ്പിച്ചിട്ടുണ്ടാവും. ചിലത് ആ സമയത്ത് ചെയ്തത് ശരിയായില്ലെന്ന് തോന്നാം, ചിലത് ചെയ്യാനേ പാടില്ലായിരുന്നുവെന്നും, കുറച്ചുകൂടി തയ്യാറെടുപ്പുകൾ എടുത്ത് ചെയ്തിരുന്നെങ്കില്‍ ഇതിലും മികച്ച ഫലം കിട്ടിയേനെയെന്നു തോന്നിയ കാര്യങ്ങളുമുണ്ടാവാം.
ജീവിതത്തിലെ തിരക്കുകള്‍ക്കിടയില്‍ നമ്മള് ശ്രദ്ധകൊടുക്കാതെ പോയ മേഖലകളുണ്ടാവാം. ഉദാഹരണത്തിന് ആരോഗ്യം, അല്ലെങ്കില്‍ കരിയര്‍, അതുമല്ലെങ്കില്‍ കുടുംബം. ഓരോരുത്തരെ സംബന്ധിച്ചും ഈ മേഖലകള്‍ പലതാവാം. തിരക്കുള്ള ഒരു ബിസിനസുകാരന്റെ കാര്യത്തിലാണെങ്കില്‍ പലപ്പോഴും വിട്ടുവീഴ്ച ചെയ്യേണ്ടവരിക കുടുംബത്തിനുവേണ്ടി സമയം ചെലവഴിക്കുന്നതിലായിരിക്കും. അതല്ലെങ്കില്‍ വിനോദത്തിന് അര്‍ഹിക്കുന്ന പ്രാധാന്യം നല്കാനായില്ലെന്നുവരാം.
ചിലപ്പോള്‍ സമൂഹത്തില്‍ ഇടപെടുന്നതില്‍ സാമൂഹ്യബന്ധങ്ങളില്‍ വിട്ടുവീഴ്ച ചെയ്യേണ്ടിവന്നിട്ടുണ്ടാം. ഇങ്ങനെ നോക്കുകയാണെങ്കില്‍ ബോധപൂര്‍വ്വമല്ലാതെ, നമ്മള് ശ്രദ്ധിക്കാതെ പോയ പല മേഖലകളും നമ്മുടെ ജീവിതത്തിലുണ്ടാവും. അവ ഏതൊക്കെയാണെന്ന് കണ്ടെത്തി വരുംവര്‍ഷം ആ മേഖലകളില്‍ കുറച്ചുകൂടി ശ്രദ്ധിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കണം.
കുറഞ്ഞത് രണ്ടോ മൂന്നോ മേഖലകളെങ്കിലും നമ്മള് വേണ്ട ശ്രദ്ധ കൊടുക്കാതെ പോയിട്ടുണ്ടാവാം. ആ വീഴ്ച ആവര്‍ത്തിക്കാതിരിക്കാന്‍ എന്തു ചെയ്യണമോ അത് ചെയ്യണം. ഉദാഹരണത്തിന്, കരിയറിൽ വേണ്ടത്ര ശ്രദ്ധിക്കാന്‍ പറ്റിയില്ലയെന്നാണെങ്കില് മെച്ചപ്പെടുത്താനായി കൂടുതല്‍ പഠിക്കേണ്ടതുണ്ടെങ്കില്‍ പഠിക്കണം, എന്തെങ്കിലും സ്കില്‍ നേടേണ്ടതാണെങ്കില് അതിനുള്ള ശ്രമം നടത്തണം. ആരോഗ്യമാണ് ശ്രദ്ധിക്കാതെ പോയ മേഖലയെങ്കില്‍ ഇനി ഭക്ഷണകാര്യത്തിലും വ്യായാമത്തിലും ശ്രദ്ധവേണം. നമ്മളാല്‍ അവഗണിക്കപ്പെട്ട മേഖലകളില്‍ വരുംവര്‍ഷം ശ്രദ്ധചെലുത്താന്‍ കുറഞ്ഞത് മൂന്ന് ആക്ഷനെങ്കിലും എടുത്തേ മതിയാവൂ.
പുതുവര്‍ഷത്തിലേക്ക് പോകുമ്പോള്‍ ഭൂതകാലത്തെക്കുറിച്ച് ചിന്തിക്കണം എന്ന് പറഞ്ഞല്ലോ, പക്ഷേ നമ്മള് എപ്പോഴും ഭൂതകാലത്തില്‍ നിന്നാല്‍ മുന്നോട്ടുപോകാനാവില്ല. കഴിഞ്ഞുപോയ കാലത്തെക്കുറിച്ചുള്ള ഒരു ബോധം മാത്രം നമ്മളെടുത്താല്‍ മതി. ഭാവിയെക്കുറിച്ചുള്ള ഒരു കാഴ്ചപ്പാട് വേണം. നമ്മള് ജീവിക്കുന്നത് ഈ നിമിഷത്തിലാണ്. ഈ നിമിഷത്തിലാണ് സാധ്യതകളുള്ളത്. വണ്ടിയോടിക്കുന്നവര്‍ വാഹനത്തിന്റെ റയര്‍ വ്യൂ മിററില്‍ നോക്കി വണ്ടി ഓടിച്ചാല്‍ എന്തായിരിക്കും അവസ്ഥ, എവിടെയെങ്കിലും ഇടിച്ച് നില്ക്കും.
മുന്നോട്ടുപോകണമെന്ന് വിചാരിച്ച് ഡ്രൈവിങ് സീറ്റില്‍ ഇരുന്നത് കൊണ്ട് മാത്രം കാര്യമില്ല, വണ്ടി സ്റ്റാര്‍ട്ട് ചെയ്ത് ആക്സിലറെറ്റർ കൊടുക്കണം, ആവശ്യമുള്ളപ്പോള്‍ ഗിയര്‍ ചെയ്ഞ്ച് ചെയ്ത് മുന്നോട്ടുപോകണം. റിയര്‍വ്യൂ മിററില്‍ ഇടയ്ക്കൊന്ന് ശ്രദ്ധിച്ചാല്‍ മതി, നമ്മുടെ ലക്ഷ്യം മുന്നോട്ടുപോക്കാണ്. ജീവിതത്തിന്റെ കാര്യവും ഇതുപോലെയാണ്, ഭൂതകാലത്തിലെ അനുഭവങ്ങളില്‍ നിന്നുള്ള പാഠം മനസില്‍വെച്ചാല്‍ മതി. അല്ലാതെ അതുമാത്രം ആലോചിച്ച് മുന്നോട്ടുപോയാല്‍ നമ്മള് ബുദ്ധിമുട്ടാലാവും.
2024ല്‍ എന്ത് നേടാനാണ് നിങ്ങള്‍ ആലോചിക്കുന്നത്? അവസരങ്ങളുടെ ഏത് വാതില്‍ തുറക്കണമെന്നാണ് ആഗ്രഹിക്കുന്നത്. നിങ്ങള്‍ നേടാന്‍ ആഗ്രഹിക്കുന്ന മൂന്ന് കാര്യങ്ങള്‍ മുന്നിലുണ്ടാവണം. അത് നിശ്ചയിച്ചു കഴിഞ്ഞാല്‍ പിന്നെ ചെയ്യേണ്ടത് അതിനുള്ള ആക്ഷന്‍ ആണ്. ആക്ഷന്‍ തീരുമാനിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ജീവിതത്തില്‍ നമ്മള് ചെയ്യുന്ന കാര്യങ്ങള്‍ രണ്ടുതരത്തിലുണ്ട്. ഒന്ന് നമുക്ക് സന്തോഷം തരുന്ന പ്രവൃത്തികള്‍.
രണ്ടാമത്തേത് ജീവിതത്തിന് ചില മൂല്യങ്ങള്‍ നല്കുന്ന പ്രവൃത്തികള്‍. നമ്മള് കൂടുതല്‍ സമയവും ഏര്‍പ്പെടുന്നത് ഒരു മൂല്യവും കിട്ടാത്ത എന്നാല്‍ നമുക്ക് സന്തോഷം തരുന്ന പ്രവൃത്തികളിലായിരിക്കും. ടിവി കാണുക, സോഷ്യല്‍ മീഡിയ നോക്കിയിരിക്കുക, അനാവശ്യമായി ഷോപ്പ് ചെയ്യുക എന്നിങ്ങനെ. ഇതൊക്കെ ജീവിതത്തില്‍ യാതൊരു മൂല്യവും തരുന്നില്ല, ഇത്തരം കാര്യങ്ങള്‍ക്കുവേണ്ടി സമയം കളയുന്നത് ഒഴിവാക്കുക.
നിങ്ങള്‍ക്ക് സന്തോഷമോ ജീവിതത്തിന് എന്തെങ്കിലും തരത്തിലുള്ള മൂല്യമോ തരാത്ത ചില കാര്യങ്ങളും നമ്മള് ചെയ്യാറുണ്ട്. വെറുതെ ഇരുന്ന് ചിന്തിച്ച് വിഷമിക്കുക, ചില ഉത്തരവാദിത്തങ്ങള്‍ ആവശ്യമില്ലാതെ ചുമക്കുക, പഴയ കാലത്തെക്കുറിച്ച് ചിന്തിക്കുക, ആളുകളെ പ്രീതിപ്പെടുത്താന്‍ വേണ്ടി എന്തെങ്കിലും ചെയ്യുക ഇതൊക്കെ നമ്മളെ സംബന്ധിച്ചിടത്തോളം ഒരു ഗുണവുമില്ലാത്ത കാര്യങ്ങളാണ്.
ചെയ്യുമ്പോള്‍ സന്തോഷവും ഒപ്പം ജീവിതത്തില്‍ ചില മൂല്യങ്ങളും നല്കുന്ന ചില കാര്യങ്ങളുണ്ട്. ഉദാഹരണത്തിന് വായന, ഏതെങ്കിലും പരിപാടിയില്‍ പങ്കെടുക്കുക, നമുക്കുവേണ്ടി ചില സമയം കണ്ടെത്തുക, ഏതെങ്കിലും കോഴ്സ് ചെയ്യുക എന്നിങ്ങനെ. ഇത് നല്ലതാണ്. പക്ഷേ നമുക്ക് മികച്ച വിജയം നേടണമെങ്കില്‍ ഇതുമാത്രം മതിയാവില്ല.
ജീവിതത്തില്‍ ഉയര്‍ച്ചയും മികച്ച വിജയവും വേണമെങ്കില്‍ നമ്മള് മൂല്യവത്തായ കാര്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കണം. ചെയ്യുമ്പോള്‍ വലിയ സന്തോഷമൊന്നും തോന്നില്ല, പക്ഷേ ഈ കാര്യങ്ങള്‍ ജീവിതത്തില്‍ ചില മൂല്യങ്ങള്‍ ചേര്‍ത്തുനല്‍കും. വ്യായാമം ചെയ്യുക, നല്ല പുസ്തകം വായിക്കുക, ജീവിതത്തില്‍ അച്ചടക്കം കൊണ്ടുവരിക, സ്കില്ലുകള്‍ ഉയര്‍ത്തുക, ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, ഇങ്ങനെ ഉള്ള കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. നിങ്ങളുടെ സയമത്തിന്റെ 80 ശതമാനം വിനിയോഗിക്കുന്നത് ഈ പറഞ്ഞ കാറ്റഗറിയിലുള്ള കാര്യങ്ങള്‍ ചെയ്യാനാണെങ്കില്‍ ഉറപ്പായും നിങ്ങള്‍ക്ക് മികച്ച ജീവിതമുന്നേറ്റം കാഴ്ചവെക്കാം. ഇത്തരം കാഴ്ചപ്പാട് പുലര്‍ത്തുന്നതാകട്ടെ 2024നുവേണ്ടി നിങ്ങള്‍ തയ്യാറാക്കുന്ന തീരുമാനങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

