ലോക്കോമോട്ടീവുകളും വാഗണുകളും എത്തി
text_fieldsഇത്തിഹാദ് റെയിൽ പദ്ധതിയുടെ വാഗണുകൾ കപ്പലിൽനിന്ന് പുറത്തിറക്കുന്നു
ദുബൈ: ഇത്തിഹാദ് റെയിൽ പദ്ധതിക്ക് ആവശ്യമായ പുതിയ ലോക്കോമോട്ടീവുകളും വാഗണുകളും എത്തി. ട്രെയിൻ എൻജിനായ ലോക്കോമോട്ടീവിന്റെയും വാഗണുകളുടെയും ആദ്യ ബാച്ചാണ് ലഭിച്ചതെന്ന് അധികൃതർ അറിയിച്ചു. പുതിയ സംവിധാനങ്ങൾ എത്തിയതോടെ ചരക്ക് കടത്തിന് ഉപയോഗിക്കുന്ന ഗുഡ്സ് ട്രെയിനുകളുടെ എണ്ണം 45 എണ്ണമാകും. ലോക്കോമോട്ടീവുകൾ നിർമിച്ചത് യു.എസ് കമ്പനിയായ പ്രോഗ്രസ് റെയിലാണ്. അതേസമയം, ചൈനയിലെ സി.ആർ.ആർ.സി ഗ്രൂപ്പാണ് വാഗണുകൾ ലഭ്യമാക്കിയത്. ഇത്തിഹാദ് റെയിലിന്റെ ആകെ വാഗണുകളുടെ എണ്ണം ആയിരത്തിലേറെ വരും. സായിദ്, അൽ മുസഫ തുറമുഖങ്ങൾ വഴിയാണ് ചരക്ക് എത്തിയത്. അതിനിടെ ഇത്തിഹാദ് റെയിലിന്റെ നിർമാണ പുരോഗതി അതിവേഗം പുരോഗമിക്കുന്നതായി അധികൃതർ അറിയിച്ചു.
നിർമാണം പൂർത്തീകരിച്ച് പൂർണമായി പ്രവർത്തനക്ഷമമാകുന്നതോടെ യു.എ.ഇയുടെ സാമ്പത്തിക വളർച്ചയെ പുനരുജ്ജീവിപ്പിക്കാനും ശക്തിപ്പെടുത്താനും ഇത്തിഹാദ് റെയിൽ വലിയ സംഭാവന ചെയ്യുമെന്ന് പദ്ധതിയുടെ എക്സി. ഡയറക്ടർ മുഹമ്മദ് അൽ മർസൂഖി പറഞ്ഞു. അടുത്ത 50 വർഷങ്ങളിൽ ഉയർന്ന കാര്യക്ഷമതയോടെ വിശ്വസനീയവും സുരക്ഷിതവുമായ ചരക്ക് സേവനങ്ങൾ നൽകിയാകും ഇത് സാധ്യമാകുക.
ഗൾഫ് കോർപറേഷൻ കൗൺസിൽ (ജി.സി.സി) നെറ്റ്വർക്കുമായുള്ള ബന്ധത്തിലും സാമ്പത്തിക വളർച്ചയിലും പദ്ധതി വലിയ സംഭാവന നൽകും. ഷിപ്പിങ്, ലോജിസ്റ്റിക് സേവനങ്ങളുടെ പ്രാദേശിക, ആഗോള കേന്ദ്രമെന്ന നിലയിൽ യു.എ.ഇയുടെ സ്ഥാനം ഉറപ്പിക്കുകയും ചെയ്യും -അദ്ദേഹം കൂട്ടിച്ചേർത്തു. റെയിൽ ശൃംഖലയുടെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതുവരെ പുതിയ ലോക്കോമോട്ടീവുകളും വാഗണുകളും ഇത്തിഹാദ് റെയിലിന്റെ അൽ മിർഫയിലെ കേന്ദ്രത്തിൽ സൂക്ഷിക്കും.
സാങ്കേതിക തികവോടെ ട്രെയിനുകൾ
ഇത്തിഹാദ് ട്രെയിനുകളുടെ ലോക്കോമോട്ടീവുകൾ ഡീസലിലും വൈദ്യുതിയിലും പ്രവർത്തിക്കും. മാത്രമല്ല, പൾസ് സാൻഡ് ഫിൽട്ടറിങ് സംവിധാനം പോലുള്ള ഏറ്റവും പുതിയ രീതികളും സജ്ജീകരിച്ചിട്ടുണ്ട്. മരുഭൂമിയിലൂടെ കടന്നുപോകുമ്പോൾ ട്രെയിനിന്റെ മികച്ച പ്രവർത്തനം ഉറപ്പാക്കുന്ന സംവിധാനമാണിത്. ഓരോ ലോക്കോമോട്ടീവിനും 100 വാഗണുകൾ വലിക്കാൻ കഴിയും, ഇത് 300 ട്രക്കുകളുടെ ശേഷിക്ക് തുല്യമാണ്. ഈ ട്രെയിനുകൾ കൊണ്ടുപോകുന്ന ചരക്കുകളുടെ അളവ് പ്രതിദിനം 5,600 ട്രക്ക് ട്രക്കുകൾക്ക് തുല്യമാണ്.
ഗൾഫ് മേഖലയിലെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും കാലാവസ്ഥ സാഹചര്യങ്ങളും നേരിടാൻ സാധിക്കുന്ന തരത്തിൽ രൂപകൽപന ചെയ്തതാണ് പുതുതായി ഇറക്കുമതി ചെയ്ത വാഗണുകൾ. അത്യാധുനിക ബ്രേക്കിങ്, സിഗ്നലിങ്, കൺട്രോൾ, കമ്യൂണിക്കേഷൻ, സുരക്ഷാ സംവിധാനങ്ങൾ എന്നിവയാണ് വാഗണുകളിൽ സജ്ജീകരിച്ചിരിക്കുന്നത്. പെട്രോകെമിക്കൽസ്, അസംസ്കൃത ഉരുക്ക്, ഉരുക്ക് ഉൽപന്നങ്ങൾ, ചുണ്ണാമ്പുകല്ല്, സിമന്റ്, നിർമാണ സാമഗ്രികൾ, വ്യാവസായിക, ഗാർഹിക മാലിന്യങ്ങൾ, അലുമിനിയം, ഭക്ഷണം, വിവിധതരം ചരക്കുകൾ തുടങ്ങിയവ ഇതിൽ കൊണ്ടുപോകാൻ കഴിയും.
ചരക്ക് സർവിസിന് പുറമെ പാസഞ്ചർ ട്രെയിനുകളും പാതയിലൂടെ ഓടുമെന്ന് അധികൃതർ വെളിപ്പെടുത്തിയിരുന്നു. 50 ബില്യൺ ദിർഹം ചെലവ് വകയിരുത്തിയ പദ്ധതി പൂർത്തിയാകുന്നതോടെ ദുബൈയിൽനിന്ന് അബൂദബിയിലേക്ക് 50 മിനിറ്റിലും അബൂദബിയിൽനിന്ന് ഫുജൈറയിലേക്ക് 100 മിനിറ്റിലും എത്തിച്ചേരാനാകും. 1200 കിലോമീറ്റർ നീളത്തിൽ ഏഴ് എമിറേറ്റുകളിലെ 11 സുപ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചാണ് റെയിൽ പദ്ധതി കടന്നുപോകുന്നത്. ട്രെയിൻ കുതിച്ചോടുക മണിക്കൂറിൽ 200 കി.മീറ്റർ വേഗതയിലാണ്. സൗദി അതിർത്തിയിലെ സില മുതൽ രാജ്യത്തിെൻറ കിഴക്കൻ തീരദേശമായ ഫുജൈറ വരെ നീണ്ടുനിൽക്കുന്നതാണ് റെയിൽ.
ഫുജൈറയിലെ അൽ ബിത്ന കോട്ടയുടെ സമീപത്തുകൂടെ കടന്നുപോകുന്ന ഇത്തിഹാദ് റെയിൽ പാലം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

