തിരിച്ചറിവുകളുടെ ലോക്ഡൗൺ കാലം
text_fieldsകുഞ്ഞബ്ദുല്ല പെരുവങ്കര മുസഫ, അബൂദബി
വന്നുപോകുന്നൊരു സാധാരണ പകർച്ചപ്പനി -കോവിഡ് എന്ന് കേട്ടപ്പോൾ അത്രയേ തോന്നിയിരുന്നുള്ളൂ. എന്നാൽ, ഞൊടിയിടയിൽ ലോകം മുഴുവനും അതു വ്യാപിക്കാൻ ആ തോന്നലിെൻറ സമയം പോലും വേണ്ടിവന്നില്ലെന്ന് മാത്രം. ആ സമയത്താണ് ലീവും കഴിഞ്ഞു ഗൾഫിലേക്ക് തിരികെയെത്തുന്നത്. രോഗത്തെ കുറിച്ചുളള ആശങ്കൾ മനസ്സിലില്ലാതിരുന്നില്ല. നാട്ടിൽ നിന്നെത്തി രണ്ടാഴ്ച കഴിയുമ്പോഴേക്കും രോഗം വ്യാപിക്കുന്നു എന്ന വാർത്തകൾ വന്നുകൊണ്ടിരുന്നു. ആശങ്കയുള്ളതിനാൽ കുറച്ചു ദിവസങ്ങൾ ഷോപ്പ് അടച്ചിട്ടു. നിയന്ത്രണങ്ങളോടെ കടകൾ തുറക്കാമെന്നതിനാൽ ഒരു നിശ്ചിതസമയം തുറന്നു.
അതിനിടക്ക് നോമ്പുകാലവും കടന്നുവന്നു. ആരാധനകൾ കൊണ്ടും ഇഫ്താറുകൾ കൊണ്ടും സജീവമാകാറുള്ള റമദാനിലെ രാത്രികൾ നേരത്തേതന്നെ ആളൊഴിഞ്ഞു. നിസ്കാരങ്ങളും മറ്റു ആരാധനകളും വീടുകളിലും ഫ്ലാറ്റുകളിലുമായി. രോഗത്തെ കുറിച്ച ആധി മനസ്സിൽ ആശങ്കകളുണർത്തിയിരുന്നു. നാട്ടിൽ എത്തിയെങ്കിൽ എന്ന് ആഗ്രഹിച്ചുപോയ നിമിഷങ്ങളായിരുന്നു അത്. അല്ലെങ്കിൽ തന്നെ നാട്ടിലേക്ക് പോകാമെന്ന പ്രതീക്ഷയിലാണ് ഓരോ പ്രവാസിയും ഇവിടെ ദിനങ്ങൾ തള്ളിനീക്കുന്നത്. എന്നാൽ, അങ്ങനെ എളുപ്പത്തിൽ പോകാൻ കഴിയാത്ത കുറെ പ്രതിബന്ധങ്ങൾ മുന്നിലുണ്ട് എന്നത് ഒരു യാഥാർഥ്യമായിരുന്നു. അതിനിടക്കാണ് നാട്ടിലേക്കുള്ള ഫ്ലൈറ്റ് സർവിസ് തൽക്കാലം നിർത്തിവെക്കുകയാണെന്ന വാര്ത്ത വരുന്നത്.
ഒരു അന്യഥാബോധം മനസ്സിലെവിടെയോ തങ്ങിനിൽക്കുന്നതായി തോന്നി. പ്രവാസികളെ പറ്റി അതുവരെ പറഞ്ഞിരുന്നതെല്ലാം പാഴ്വാക്കായി മാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. പ്രവാസികളോട് കാണിക്കുന്ന വിവേചനം കേട്ടപ്പോൾ വല്ലാത്ത പ്രയാസം തോന്നി. ഗൾഫിലെ സന്നദ്ധപ്രവർത്തകരുടെ യഥാർഥ സേവനതൽപരതയെ തിരിച്ചറിഞ്ഞ സമയംകൂടിയായിരുന്നു ലോക്ഡൗണിലായിപ്പോയ റമദാൻ കാലം. സന്തോഷത്തിലും ദുഃഖത്തിലും ഒപ്പം നിൽക്കാൻ കഴിയുന്നവരാകണം സന്നദ്ധ സംഘടനകളെന്ന് കൊറോണ കാലം ബോധ്യപ്പെടുത്തി.
ആ സന്ദിഗ്ധ ഘട്ടത്തിൽ ആവശ്യക്കാരെ തിരിച്ചറിഞ്ഞ് ഭക്ഷണവും അവശ്യവസ്തുക്കളും മറ്റു സഹായസഹകരണങ്ങളും ചെയ്തുകൊടുത്ത വളൻറിയർമാരെ ഒരിക്കലും മറക്കാൻ കഴിയില്ല. മനസ്സിൽ നന്മയും സാമൂഹിക പ്രതിബദ്ധതയുമായി കഴിഞ്ഞുകൂടിയ പ്രവാസികൾ വലിയ പ്രതിസന്ധികളിലൂടെയാണ് കോവിഡിെൻറ തുടക്കത്തിൽ കടന്നുപോയത്. പ്രവാസികളെ എപ്പോഴും ഭംഗിവാക്കുകളാൽ താലോലിച്ചു നിർത്തുകയായിരുന്നു. ഒരു പ്രത്യേക സാഹചര്യത്തിൽ തിരിച്ചുപോക്കിെൻറ ചിന്തയിലേക്ക് വന്നപ്പോൾ അവഗണനയുടെ കയ്പ്പുരസം അനുഭവിച്ചറിഞ്ഞു എന്നത് സത്യമായി നിലനിൽക്കുകയാണ്.
ലോകത്തെ ഗ്രസിച്ച ഒരു മഹാമാരിയെ പ്രവാസികളിൽ മാത്രം ഒതുക്കാനായി ശ്രമം നടന്നോ എന്നുപോലും സംശയിച്ചുപോയി. ഒട്ടേറെ ജീവിതപാഠങ്ങൾ പഠിപ്പിക്കുന്ന റമദാൻ കഴിഞ്ഞതവണ പകർന്നുതന്നത് ധൂർത്തും ദുർവ്യയവും നിർത്തി െചലവുകളെ നിയന്ത്രിക്കേണ്ടതാണെന്ന വലിയ പാഠമാണ്. ദുരിതകാലങ്ങളിൽ മാത്രം ഈ തിരിച്ചറിവുണ്ടായാൽ പോരെന്നും ചൂണ്ടിക്കാട്ടിയാണ് റമദാൻ പടിയിറങ്ങിയതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

