ജയം വെറും രണ്ട് വോട്ടിന്; അതും പ്രവാസലോകത്തുനിന്ന്
text_fields1. സുബൈറും മൊയ്തീൻകുട്ടിയും വോട്ട് ചെയ്ത വിരലുകൾ ഉയർത്തിക്കാണിക്കുന്നു.
ദുബൈ: മലപ്പുറം കൽപകഞ്ചേരി പഞ്ചായത്തിലെ ഏഴാം വാർഡിൽ മുസ്ലിം ലീഗ് സ്ഥാനാർഥിയുടെ വിജയത്തിൽ നിർണായകമായത് പ്രവാസി സഹോദരങ്ങളുടെ രണ്ട് വോട്ടുകൾ. ഷാർജയിൽ കഫ്റ്റീരിയ ഉടമയായ സുബൈറിന്റെയും ദുബൈ ഇലക്ട്രിസ്റ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ) ജീവനക്കാരനും സഹോദരനുമായ മൊയ്തീൻകുട്ടിയുടെയും വോട്ടുകളാണ് നാട്ടിൽ ചർച്ചയായത്. ഇവരുടെ രണ്ട് വോട്ടിന്റെ പിൻബലത്തിലാണ് ലീഗിന്റെ സുഹറാബി പച്ചിയത്ത് എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി കൊട്ടേക്കാട്ടിൽ സൈഫുന്നിസയെ പരാജയപ്പെടുത്തിയത്. ഇതോടെ രണ്ടുപേരും നാട്ടിൽ തെരഞ്ഞെടുപ്പ് താരങ്ങളുമായി. എൽ.ഡി.എഫിന്റെ മുസ്തഫ അമ്പലത്തിങ്ങൽ ആണ് നിലവിൽ ഇവിടെ പഞ്ചായത്തംഗം. ഇത്തണ സീറ്റ് പിടിച്ചെടുക്കണമെന്ന ഉറച്ച തീരുമാനത്തിലായിരുന്നു മുസ്ലിം ലീഗ്. പാരമ്പര്യമായി മുസ്ലിം ലീഗിന്റെ സജീവ പ്രവർത്തകരായ സുബൈറും കുടുംബവും സ്ഥാനാർഥിനിർണയരംഗത്തും സജീവമായിരുന്നു.
സുബൈറും കുടുംബവും
സ്ഥാനാർഥി സുഹറാബി പച്ചിയത്തിനൊപ്പം
ജോലി ആവശ്യാർഥം പിന്നീട് തിരിച്ച് ഷാർജയിലേക്ക് പോരേണ്ടിവന്നെങ്കിലും നാട്ടിലെ പ്രചാരണച്ചൂട് ഇവിടെയും അനുഭവിച്ചിരുന്നതായി സുബൈർ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. നാട്ടിലുള്ള മറ്റൊരു സഹോദരനാണ് സ്ഥിതിഗതികൾ അറിയിച്ചിരുന്നത്. തങ്ങളുടെ വോട്ടുകൾ നിർണായകമാണെന്ന് അറിയിച്ചതോടെ രണ്ടുപേരും ആറാം തീയതി തന്നെ നാട്ടിലേക്ക് വിമാനം കയറുകയായിരുന്നു. അമ്പതിനായിരത്തിലധികം രൂപ ഇതിനായി ചെലവിടേണ്ടിവന്നെങ്കിലും സ്വന്തം സ്ഥാനാർഥിയുടെ വിജയത്തിന് കാരണമായതിലുള്ള സന്തോഷത്തിലാണ് ഇരുവരും.
ഇത്തവണ ലീഗ് സ്ഥാനാർഥിയുടെ പ്രചാരണത്തിനായി സുബൈറിന്റെ കുടുംബത്തിലെ സ്ത്രീകളും സജീവമായി രംഗത്തുണ്ടായിരുന്നു. ആദ്യമായാണ് വീട്ടിലെ സ്ത്രീകൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്നതെന്നും സുബൈർ പറയുന്നു. കൽപകഞ്ചേരി മഞ്ഞച്ചോല ബൂത്തിലായിരുന്നു രണ്ടുപേർക്കും വോട്ട്. സ്ഥാനാർഥിയുടെ വിജയാഘോഷവും ഗംഭീരമാക്കിയാണ് ഇരുവരും ഷാർജയിലേക്ക് മടങ്ങിയത്. തെരഞ്ഞെടുപ്പിൽ വീറുംവാശിയുമൊക്കെയുണ്ടെങ്കിലും രാഷ്ട്രീയപ്രവർത്തകർക്കിടയിൽ സൗഹാർദം നിലനിൽക്കുന്ന നാടാണ് തങ്ങളുടേതെന്ന് പറയുന്നു ഈ സഹോദരങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

