എൽ.എൻ.ജി ഇറക്കുമതി; അഡ്നോക്കും ജർമൻ കമ്പനിയും കരാറിൽ
text_fieldsഅബൂദബി: യു.എ.ഇയുടെ ദേശീയ എണ്ണക്കമ്പനിയായ അഡ്നോക്കിൽ നിന്ന് പ്രകൃതി വാതകം (എൽ.എൻ.ജി) ഇറക്കുമതി ചെയ്യുന്നതിനുള്ള കരാർ ഒപ്പ് വെച്ച് ജർമനിയിലെ ഇന്ധന ഭീമനായ ആർ.ഡബ്ല്യൂ.ഇ. യു.എസിൽ നിന്ന് അകന്ന് ഇന്ധനവിതരണം കൂടുതൽ വൈവിധ്യവത്കരിക്കാനുള്ള യൂറോപ്പിന്റെ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ നീക്കം.
പ്രതിവർഷം 10 ലക്ഷം ടൺ എൽ.എൻ.ജി ഇറക്കുമതി ചെയ്യുന്നതിനാണ് കരാറെന്ന് ആർ.ഡബ്ല്യൂ.ഇ പ്രസ്താവനയിൽ അറിയിച്ചു. കഴിഞ്ഞ വർഷം ജർമനിയുടെ ഗ്യാസ് ഉപഭോഗത്തിന്റെ ഏതാണ്ട് 1.7 ശതമാനത്തിന് തുല്യമാണിത്. എൽ.എൻ.ജി വിതരണ കരാർ യാഥാർഥ്യമാകുന്നതോടെ ജർമനിയിലും യൂറോപ്പിലുടനീളവും സുരക്ഷിതമായ ഇന്ധന വിതരണം ശക്തിപ്പെടുത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആർ.ഡബ്ല്യൂ.ഇ സി.ഇ.ഒ മാർകസ് ക്രബ്ബർ പറഞ്ഞു. 2022ൽ യുക്രെയ്ൻ അധിനിവേശം മോസ്കോ പൂർണ തോതിൽ ആരംഭിച്ചതിന് പിന്നാലെ റഷ്യയിൽ നിന്നുള്ള ഇന്ധന ഇറക്കുമതി അമേരിക്ക വെട്ടികുറച്ചതോടെയാണ് ജർമനി ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങൾ മിഡിൽ ഈസ്റ്റിൽ നിന്നുള്ള ഇന്ധന ഇറക്കുമതിയുടെ വഴികൾ ആരാഞ്ഞത്.
തങ്ങളുടെ എണ്ണ, ഗ്യാസ് വിതരണ ശൃംഖലകളെ വൈവിധ്യവത്കരിക്കുന്നതിന് മിഡിൽ ഈസ്റ്റ് സഹായിക്കുമെന്ന് ഗൾഫ് സന്ദർശനത്തിന് മുന്നോടിയായി ജർമൻ ചാൻസലർ ഫ്രഡ്റിച്ച് മെർസ് ബുധനാഴ്ച വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ജർമൻ എണ്ണ ഭീമനായ ആർ.ഡബ്ല്യൂ.ഇ അഡ്നോകുമായി കരാർ ഒപ്പുവെച്ചിരിക്കുന്നത്. 2030 ഓടെ ജർമൻ കമ്പനിയുടെ നിലവിലുള്ള സൈറ്റുകളിൽ ഒരു ജിഗാവാട്ട് ബാറ്ററി ഊർജ സംഭരണ സംവിധാനം നിർമിക്കുന്നതിനായി ഇമാറാത്തി പുനരുപയോഗ ഊർജ കമ്പനിയായ മസ്ദറുമായും പ്രത്യേക ധാരണപത്രത്തിൽ ആർ.ഡബ്ല്യൂ.ഇ ഒപ്പുവെച്ചിട്ടുണ്ട്.
2035 ഓടെ അധികമായ ഒരു ജിഗാവാട്ട് ഉത്പാദിപ്പിക്കുന്നതിനുള്ള സാധ്യതയും കമ്പനി തേടുന്നുണ്ട്. കാറ്റിനെയോ സൂര്യപ്രകാശത്തെയോ ആശ്രയിച്ച് പുനരുപയോഗിക്കാവുന്ന സ്രോതസ്സുകളിൽ നിന്നുള്ള വൈദ്യുതി സംഭരിക്കുന്നതിനാൽ, ഹരിത പരിവർത്തനത്തിന് ബാറ്ററി സംഭരണ സംവിധാനങ്ങൾ അനിവാര്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

